ജപ്പാനില്‍ ഷിന്‍സോ ആബേയ്ക്ക് വന്‍ഭൂരിപക്ഷം
ജപ്പാനില്‍ പാര്‍ലമെന്റിലേക്ക് ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയുടെ നേതൃത്വത്തിലുള്ള ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് വന്‍ഭൂരിപക്ഷം ലഭിച്ചു. \'അബെണോമിക്സ്\' എന്നറിയപ്പെട്ട ആബേയുടെ സാമ്പത്തിക നയങ്ങളാണ് വന്‍വിജയത്തിന് കളമൊരുക്കിയത്.
തിരഞ്ഞെടുപ്പ് നടന്ന 475 സീറ്റുകളില്‍ 291 സീറ്റുകളാണ് എല്‍.ഡി.പിക്ക് ലഭിച്ചത്. ജപ്പാന്റെ സാമ്പത്തിക രംഗത്ത് നിഴല്‍ മൂടി നില്ക്കുന്ന മാന്ദ്യം നീക്കി പുതുജീവന്‍ നല്‍കുന്നതിന് വോട്ടര്‍മാര്‍ നല്കിയ ജനവിധിയാണിതെന്ന് ആബേ പറഞ്ഞു. മാന്ദ്യത്തിന്റെ തീവ്രത കുറഞ്ഞുവെങ്കിലും ജനങ്ങളില്‍ അതിന്റെ ഗുണഫലം എത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രണ്ടു വര്‍ഷം മുമ്പുണ്ടായ പരാജയത്തിനു ശേഷം പ്രതിപക്ഷ പാര്‍ട്ടികളിലുണ്ടായ ആശയക്കുഴപ്പവും ആബേയെ ഏറെ സഹായിച്ചു. മറ്റൊരു പോംവഴി നിര്‍ദ്ദേശിക്കാന്‍ പ്രതിപക്ഷത്തിന് സാദ്ധ്യമാകാതിരുന്ന സാഹചര്യം എല്‍.ഡി.പിക്ക് അനുഗ്രഹമാവുകയായിരുന്നു. ഈ അവസ്ഥ സമ്മതിദാനാവകാശം വിനിയോഗിക്കുന്നതില്‍ നിന്ന് വോട്ടര്‍മാരെ പിന്തിരിപ്പിക്കാനും ഇടയാക്കി.
അതിനാല്‍ വോട്ടിംഗ് ശതമാനം വളരെ താഴ്ന്ന നിലയിലായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലഭിച്ച 62 സീറ്റ് എന്ന നില ഭേദപ്പെടുത്താന്‍ കഴിഞ്ഞെങ്കിലും പ്രധാനപ്രതിപക്ഷ പാര്‍ട്ടിയായ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് 73 സീറ്റ് മാത്രമാണ് നേടാനായത്. അസംതൃപ്തരുടെ വോട്ടുകള്‍ ഏറെയും ലഭിച്ചത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാണ്. 21 സീറ്റ് നേടിയതോടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അധോസഭയില്‍ ബില്‍ അവതരിപ്പിക്കാന്‍ കഴിയും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha