കൈയ്യില്‍ കെട്ടിയ ചരട് കണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ കൂലി എന്ന് വിളിച്ച് കളിയാക്കിയ അധ്യാപികയ്‌ക്ക് സസ്‌പെന്‍ഷന്‍
ദക്ഷിണാഫ്രിക്കയിലെ സ്‌കൂളില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ വംശീയമായി അധിക്ഷേപിച്ച സംഗീത അധ്യാപികയ്ക്ക് മൂന്നുമാസം സസ്‌പെന്‍ഷന്‍. സംഗീത അധ്യാപികയായ സിബില്‍ ജോര്‍ദാന്‍ മൂന്നുവര്‍ഷമായി കുട്ടിയെ ആക്ഷേപിക്കുന്നുവെന്ന് പരാതിപ്പെട്ട് കഴിഞ്ഞ ഒക്ടോബറിലാണ് മാതാപിതാക്കള്‍ രംഗത്തെത്തിയത്. ഹിന്ദുമതവിശ്വാസിയായ കുട്ടി കൈയില്‍ കെട്ടിയ ചുവന്ന ചരടിന്റെ പേരില്‍ അധ്യാപിക കൂലി എന്ന് വിളിച്ച് പരിഹസിക്കുകയായിരുന്നു.
കുട്ടിയുടെ നേരെ നടത്തിയ അധിക്ഷേപം ചൂണ്ടിക്കാട്ടി 2010-ല്‍ പരാതി നല്‍കിയെങ്കിലും സിബിലിന്റെ ഭര്‍ത്താവുകൂടിയായ സ്‌കൂള്‍പ്രിന്‍സിപ്പല്‍ തൃപ്തികരമായ രീതിയില്‍ പരാതി പരിഹരിച്ചില്ലെന്നും മാതാപിതാക്കള്‍ പറഞ്ഞു.
മൂന്നുമാസം കഴിഞ്ഞ് അധ്യാപിക സ്‌കൂളിലെത്തുമെന്നും ഈ സമയം കുട്ടി വീണ്ടും അവരെ നേരിടേണ്ടിവരുമെന്നും മാതാപിതാക്കള്‍ പറഞ്ഞു. എന്നാല്‍, സസ്‌പെന്‍ഷന്‍ ഒരു മുന്നറിയിപ്പാണെന്നും തെറ്റ് ആവര്‍ത്തിച്ചാല്‍ അധ്യാപികയെ പിരിച്ചുവിടുമെന്നും വിദ്യാഭ്യാസവകുപ്പ് വക്താവ് അറിയിച്ചു. അതേസമയം, ശിക്ഷ ലഘുവായിപ്പോയെന്ന് കുട്ടിയുടെ അമ്മ കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha