തീവ്രവാദ ഭീഷണിക്കിടെ പാക് ജനത പോളിങ് ബൂത്തിലേക്ക്
തീവ്രവാദ ഭീഷണിക്കിടയില്‍ പാക്കിസ്ഥാനില്‍ ഇന്ന് പൊതു തെരെഞ്ഞെടുപ്പ്. രാജ്യത്ത് വന്‍ സുരക്ഷാ സന്നാഹം തന്നെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വൈകീട്ടോടെ വോട്ടെണ്ണല്‍ ആരംഭിക്കും. പാര്‍ലമെന്റിന്റെ അധോസഭയായ ദേശീയ അസംബ്ലിയിലെ 272 സീറ്റിലേക്കും നാലു പ്രവിശ്യാ അസംബ്ലികളിലേക്കുമാണു തെരഞ്ഞെടുപ്പ്. ദേശീയ അസംബ്ലിയില്‍ 342 സീറ്റാണുള്ളതെങ്കിലും 70 എണ്ണം പാര്‍ട്ടികള്‍ നിര്‍ദേശിക്കുന്ന വനിത കള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമായി സംവരണം ചെയ്‌തിരിക്കുകയാണ്.
172 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ഭരണകക്ഷിയായ പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി)യെ പിന്തള്ളി നവാസ് ഷരീഫിന്റെ പാക്കിസ്ഥാന്‍ മുസ്‌ലിം ലീഗ്(എന്‍), ഇമ്രാന്‍ ഖാന്റെ തെഹ്‌രിക് ഇ ഇന്‍സാഫ് പാര്‍ട്ടി എന്നിവ മുന്നിലെത്തുമെന്നാണു സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. പാര്‍ലമെന്റിലേക്ക് 4670 സ്ഥാനാര്‍ഥികളും നാലു പ്രവിശ്യ അസംബ്ലികളിലേക്കായി 11,000 സ്ഥാനാര്‍ഥികളും ജനവിധി തേടുന്നുണ്ട്. നിരവധി പട്ടാള അട്ടിമറികളുണ്ടായിട്ടുള്ള പാക്കിസ്ഥാനില്‍ പിപിപി സര്‍ക്കാര്‍ അഞ്ചുവര്‍ഷം തികച്ചത് ശ്രദ്ധേയമായിരുന്നു.
പാക് താലിബാനാണ് തെരഞ്ഞെടുപ്പിന് ഏറ്റവും വലിയ ഭീഷണി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ താലിബാന്‍ ആക്രമണങ്ങളില്‍ അവാമി നാഷണല്‍ പാര്‍ട്ടി(എഎന്‍പി), മുത്തഹിദ ഖ്വാമി മൂവ്‌മെന്റ്(എംക്യുഎം) എന്നീ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികളടക്കം നൂറിലേറെപ്പേര്‍ കൊല്ലപ്പെട്ടു. മുന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനിയുടെ മകനെ കഴിഞ്ഞദിവസം താലിബാന്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയി. ചാവേറുകളെ രംഗത്തിറക്കി രാജ്യമൊട്ടാകെ ആക്രമണം നടത്തുമെന്നാണു താലിബാന്റെ ഭീഷണി. ഇന്നലെ വടക്കു പടിഞ്ഞാറന്‍ പാക്കിസ്ഥാനില്‍ താലിബാന്‍ നടത്തിയ വിവിധ ബോംബ് സ്‌ഫോടനങ്ങളില്‍ 15 പേര്‍ കൊല്ലപ്പെട്ടു. രാഷ്‌ട്രീയപ്രവര്‍ത്തകരെയും പാര്‍ട്ടി ഓഫീസുകളെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണം.
https://www.facebook.com/Malayalivartha