പാക്കിസ്ഥാനില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് 17 സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു
പാക്കിസ്ഥാനില്‍ സ്‌കൂള്‍ ബസില്‍ ഉപയോഗിച്ചിരുന്ന ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് 17 കുട്ടികള്‍ മരിച്ചു. കിഴക്കന്‍ പാക്കിസ്ഥാനിലെ ഗുജ്‌റത്ത് നഗരത്തിലായിരുന്നു സംഭവം. ഏഴു കുട്ടികള്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. രാവിലെ കുട്ടികളെയും കൊണ്ട് ബസ് സ്‌കൂളിലേക്ക് പോകുമ്പോഴായിരുന്നു അപകടമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥനായ മൊഹമ്മദ് റഷീദ് അറിയിച്ചു. ഗുരുതര പരിക്കുകളോടെ ഏഴ് വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ ബസിന്റെ ഡ്രൈവര്‍ ചാടി രക്ഷപ്പെട്ടു.
പാക്കിസ്ഥാന്‍ തലസ്ഥാനമായ ഇസ്‌ലാമാബാദില്‍ നിന്ന് 200 കിലോമീറ്റര്‍ തെക്കുകിഴക്കു മാറിയാണ് അപകടമുണ്ടായ ഗുജ്‌റത്ത്. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ ബസിന് പൂര്‍ണമായി തീ പിടിച്ചിരുന്നു. ഇതാണ് മരണസംഖ്യ ഉയര്‍ത്തിയത്. ഡീസലിനേക്കാളും, പെട്രോളിനേക്കാളും സിലിണ്ടറിന് വിലക്കുറവുള്ളതിനാല്‍ പാക്കിസ്ഥാനില്‍ ബഹുഭൂരിഭാഗം വാഹനങ്ങളില്‍ പ്രകൃതിവാതക സിലിണ്ടറുകളാണ് ഉപയോഗിക്കുന്നത്.
https://www.facebook.com/Malayalivartha