ഓഡിന് മറക്കില്ലൊരിക്കലും ഈ പിറന്നാള്‍ ദിനം!
മറ്റുള്ളവരുടെ ചുണ്ടില്‍ ഒരു ചിരി വിരിയിക്കാന്‍ നമുക്ക് കഴിഞ്ഞാല്‍ അന്നത്തെ ദിവസം സാര്‍ത്ഥകമായി എന്നു വിചാരിക്കാം. ഭൂരിപക്ഷം പേരും അവരവര്‍ക്കു വേണ്ടി മാത്രമായി ജീവിക്കുന്നതിനിടയില്‍ നമ്മുടെയത്ര സന്തോഷമില്ലാത്തവരുടെ ജീവിതങ്ങളെ കുറിച്ചു ചിന്തിക്കുവാനും അവരുടെ ജീവിതത്തെ വ്യത്യാസപ്പെടുത്താന്‍ നമ്മെ കൊണ്ടു ചെയ്യാന്‍ കഴിയുന്ന കൊച്ചു കാര്യങ്ങള്‍ ചെയ്യാനുള്ള മനസ്സു കാണിക്കുകയും ചെയ്താല്‍ വസുധൈവ കുടുംബകം അഥവാ ലോകമേ തറവാട് എന്ന ആശയം എത്ര മനോഹരമാണെന്ന് നാം തിരിച്ചറിയും.
കാനഡയിലെ ടൊറന്റോയിലുള്ള ഓഡിന്‍ കാമസ് എന്ന 13 കാരന്‍ പൊതുവേ ഒറ്റയാനാണ്. അസ്‌പെര്‍ജര്‍ സിന്‍ഡ്രോം എന്ന ഓട്ടിസം കാരണം അവന് സുഹൃത്തുക്കളൊന്നും ഇല്ല. സ്‌കൂളിലും സൗഹൃദങ്ങള്‍ സ്ഥാപിക്കാന്‍ അവന്‍ പിന്നോക്കമാണ്. എന്നാല്‍ ഇത്തവണ അവന്റെ പിറന്നാള്‍ ദിനമെത്താറായപ്പോള്‍ അവന് ഒരാഗ്രഹം തന്റെ ക്ലാസിലുള്ളവരെയെല്ലാം പങ്കെടുപ്പിച്ചു കൊണ്ടുള്ള ഒരു പിറന്നാളാഘോഷമായിരിക്കണം ഇക്കൊല്ലത്തേതെന്ന്. അവന്റെ അമ്മ സമ്മതം മൂളി. അങ്ങനെ ക്ലാസിലുള്ള എല്ലാവര്‍ക്കും അവന്‍ ക്ഷണക്കത്തു നല്‍കി. എന്നാല്‍ പിറന്നാള്‍ ദിനമായിട്ടും ആരുടെയും ആശംസകളോ ഒരു പ്രതികരണമോ കാണാതായപ്പോള്‍ അവന് കടുത്ത നിരാശയായി. അവന്റെ അമ്മയ്ക്ക് അത് കണ്ടിട്ട് സഹിച്ചില്ല. അവര്‍ ഉടനെ തന്നെ ഫെയ്‌സ്ബുക്കിലൂടെ ഒരു അഭ്യര്‍ത്ഥന പോസ്റ്റു ചെയ്തു.
തന്റെ മകന് ഇപ്രകാരം ഒരു രോഗമുണ്ടെന്നും അതിനാല്‍ അവനെ എല്ലാവരും കളിയാക്കി ഒറ്റപ്പെടുത്തുകയാണെന്നും, ഇന്നത്തെ പിറന്നാള്‍ ദിനത്തില്‍ അവരെല്ലാവരും അവനെ നിരാശപ്പെടുത്തിയെന്നും അവര്‍ ഫെയ്‌സ്ബുക്കില്‍ എഴുതി. അവനെ സന്തോഷിപ്പിക്കാന്‍ അമ്മയെന്ന നിലയില്‍ ചെയ്യാവുന്നതൊക്കെ താന്‍ ചെയ്തിരുന്നുവെന്ന് അവര്‍ പറഞ്ഞു. ഓഡിന്‍ രാവിലെ ഉണര്‍ന്നപ്പോഴേ ഒരു ബലൂണ്‍ മഴ ചെയ്യിച്ചുവെന്നും വീട് പിറന്നാളിനായി അലങ്കരിച്ചുവെന്നും ഗിഫ്റ്റും കേക്കുമെല്ലാം ഒരുക്കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. എങ്കിലും ക്ലാസിലുള്ളവരാരും ഒരു ആശംസ പോലും അറിയിക്കാന്‍ മിനക്കെടാത്തതിനാല്‍ അവന്‍ വലിയ നിരാശയിലാണെന്നും, അവനെ ഒന്നു സന്തോഷിപ്പിക്കാന്‍ അവന് താന്‍ പുതുതായി വാങ്ങികൊടുത്ത ഫോണിലേയ്ക്ക് ആരെങ്കിലുമൊക്കെ ഒരു പിറന്നാള്‍ ആശംസ അയയ്ക്കുമോ എന്നായിരുന്നു ആ അമ്മ ചോദിച്ചത്.
ഓഡിന് പിറന്നാള്‍ ആശംസ നേര്‍ന്നു കൊണ്ടുള്ള 5000 എസ് എം എസുകളാണ് ഫെയ്‌സ്ബുക്കില്‍ നിന്നും അവനു കിട്ടിയത്. ട്വിറ്ററില്‍ അവന്റെ കഥ വൈറലായി. 11,000 പിറന്നാള്‍ ആശംസയാണ് ട്വിറ്ററില്‍ അവനു കിട്ടിയത്. അതില്‍ കനേഡിയന്‍ പ്രധാനമന്ത്രിയുടെ ഭാര്യ, ടൊറന്റോ റാപ്‌റ്റേഴ്‌സ് ടീമിലെ ബാസ്‌കറ്റ് ബോള്‍ താരം എലിജ വുഡ് എന്നിവര്‍ വരെ ഉള്‍പ്പെടുന്നു.
ഒടുവില്‍ ആ പ്രദേശത്തുള്ള എല്ലാവരും സഹകരിച്ച് അവന്റെ പിറന്നാള്‍ ദിനം ഉത്സവമാക്കി തീര്‍ത്തു. പിറന്നാള്‍ ആഘോഷം ക്രമീകരിച്ചിരുന്ന സ്ഥലത്ത് അവനെ എത്തിച്ചത് ആഡംബര കാറായ ലിമോസിനിലായിരുന്നു. നൂറു കണക്കിന് മാതാപിതാക്കള്‍ തങ്ങളുടെ മക്കളോടൊപ്പം അവിടെ എത്തി. മാധ്യമ പ്രവര്‍ത്തകര്‍, പോലീസ് ഓഫീസര്‍മാര്‍ , അഗ്നിശമന സേനാ ഉദ്യോഗസ്ഥര്‍, ചൈല്‍ഡ് കെയര്‍ പ്രവര്‍ത്തകര്‍ എന്നിങ്ങനെ എല്ലാവരും ചേര്‍ന്ന് അവന്‍ ഒരിക്കലും മറക്കാത്ത ഒരു പിറന്നാള്‍ ദിനം അവനു സമ്മാനിച്ചു.
സമൂഹത്തില്‍ നിന്നും മാറ്റി നിര്‍ത്തപ്പെടേണ്ടവനാണ് താന്‍ എന്ന ചിന്താഗതിയുമായി ജീവിച്ചിരുന്ന ഒരു കുട്ടിയെ സന്തോഷിപ്പിക്കുവാന്‍ ഇത്രയധികം ആളുകള്‍ തയ്യാറായത് ഇന്നും നമുക്കു ചുറ്റും നന്മ അവശേഷിക്കുന്നുണ്ടെന്ന് കാണിക്കുന്നുവെന്ന് നിറഞ്ഞ മനസ്സോടെ ഓഡിന്റെ അമ്മ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha