അമേരിക്കയുടെ ചോര്‍ത്തല്‍ രഹസ്യം പുറത്തു കൊണ്ടുവന്ന സ്‌നോഡനെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്
അനേകം പേരുടെ ഫോണ്‍-നെറ്റ് വിവരങ്ങള്‍ അമേരിക്കന്‍ ഭരണകൂടം ചോര്‍ത്തുന്നു എന്ന വിവരം പുറം ലോകത്തെ അറിയിച്ച എഡ്വാര്‍ഡ് സ്‌നോഡന്‍(29)നെ കാണാതായതായി റിപ്പോര്‍ട്ട്. സ്‌നോഡന്‍ മുറിവിട്ടു പോയതായാണ് അദ്ദേഹം താമസിച്ചിരുന്ന ഹോങ് കോങ്ങിലെ ഹോട്ടല്‍ ജീവനക്കാര്‍ പറയുന്നത്. മെയ് ഇരുപതിനാണ് സ്‌നോഡന്‍ ചൈനീസ് ഭാഗമായ ഹോങ് കോങ്ങില്‍ എത്തിയത്.
സി.ഐ.എയിലെ മുന്‍ സാങ്കേതികവിഭാഗം ജോലിക്കാരനായ സ്‌നോഡനാണ് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതെന്ന് അത് വാര്‍ത്തയാക്കിയ ഗാര്‍ഡിയന്‍ പത്രം വെളിപ്പെടുത്തിയിരുന്നു. ഹോങ് കോങ്ങിലെ ഹോട്ടലിലാണ് സ്‌നോഡന്‍ താമസിക്കുന്നതെന്ന വിവരവും പത്രം പുറത്തുവിട്ടിരുന്നു. ഇതിനുശേഷമാണ് സ്‌നോഡറെ കാണാതായത്. 1998 മുതല്‍ ഹോങ്കോങ്ങും അമേരിക്കയുമായി കുറ്റവാളികളെ കൈമാറാനുള്ള കരാറില്‍ ഒപ്പുവെച്ചിട്ടുണ്ട്. ഇതിനാലാകണം സ്‌നോഡന്‍ ഹോങ് കോങ്ങ് വിട്ടതെന്നാണ് നിഗമനം.
മൈക്രോസോഫ്‌റ്റ്, യാഹു, ഗൂഗിള്‍, ഫെയ്‌സ്‌ബുക്ക്, ആപ്പിള്‍, സ്‌കൈപ്പ് തുടങ്ങിയ കമ്പനികളുടെ സെര്‍വറില്‍ നിന്ന് അമേരിക്കന്‍ ഭരണകൂടം വിവരങ്ങള്‍ ചോര്‍ത്തുന്നു എന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് സ്‌നോഡനിലൂടെ പുറത്തു വന്നത്. വിക്കീലീക്‌സിനുശേഷം അമേരിക്കന്‍ ഭരണകൂടത്തെ പ്രതിരോധത്തിലാക്കിയ ഏറ്റവും വലിയ രഹസ്യ ചോര്‍ച്ചയാണിത്. ഇത്തരം വിവരങ്ങള്‍ ചോര്‍ത്തുന്നതിനായി അമേരിക്കന്‍ സുരക്ഷാ ഏജന്‍സികളായ എന്‍.എസ്.എയ്‌ക്കും എഫ്.ബി.ഐയ്‌ക്കും സെര്‍വറുകളിലേക്ക് നേരിട്ട് കടന്നു ചെല്ലാനുള്ള സംവിധാനമുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്. ഇത് രാജ്യസുരക്ഷ മുന്‍നിര്‍ത്തിയാണ് എന്നാണ് അമേരിക്കന്‍ ഭരണകൂടത്തിന്റെ വാദം. എന്നാല്‍ വാര്‍ത്ത പുറത്തുവന്നതിനെ തുടര്‍ന്ന് പല യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കക്കെതിരെ രംഗത്തെത്തി.
താന്‍ കുറ്റം ചെയ്‌തതായി കരുതുന്നില്ലെന്നായിരുന്നു ഗാര്‍ഡിയനു നല്‍കിയ അഭിമുഖത്തില്‍ സ്‌നോഡന്‍ വ്യക്തമാക്കിയത്. ചോര്‍ത്തല്‍ രഹസ്യം പുറത്തു വന്നതിനെക്കുറിച്ച് അന്വേഷണം നടത്താന്‍ അമേരിക്ക തീരുമാനിച്ചതിനു പിന്നാലെയാണ് സ്‌നോഡന്റെ അഭിമുഖം പുറത്തുവന്നത്. ഗാര്‍ഡിയനെ കൂടാതെ വാഷിങ്‌ടണ്‍ പോസ്‌റ്റും ഈ വാര്‍ത്ത പുറത്തു വിട്ടിരുന്നു.
https://www.facebook.com/Malayalivartha