യമനില്‍ കരയുദ്ധത്തിന് സൈന്യം തയ്യാറെടുക്കുന്നു, വിദേശികളോട് രാജ്യവിടാന്‍ ആവശ്യം, കുടുങ്ങിക്കിടക്കുന്നത് ഇന്ത്യക്കാകെ തിരിച്ചെത്തിക്കാല്‍ ഊര്‍ജ്ജിത ശ്രമം
യെമനില്‍ കരയുദ്ധം ആസന്നമെന്ന സൂചനകളെത്തുടര്‍ന്ന് ഇന്ത്യക്കാരുടെ ഒഴിപ്പിക്കല്‍ വേഗത്തിലാക്കാന്‍ നടപടികള്‍ തുടങ്ങി. യെമനിലെ സ്ഥിതി വഷളാവുകയും ഭീകര സംഘടനയായ അല്‍ ഖായിദ കൂടി പോരാട്ടരംഗത്തു സജീവമാകുകയും ചെയ്ത സാഹചര്യത്തില്‍ നാലോ അഞ്ചോ ദിവസത്തിനുള്ളില്‍ ഒഴിപ്പിക്കല്‍ പൂര്‍ത്തിയാക്കാനുള്ള പദ്ധതിയാണ് അധികൃതര്‍ ആവിഷ്‌കരിക്കുന്നത്.
അയ്യായിരത്തോളം ഇന്ത്യക്കാരാണു യെമനിലുള്ളതെന്നാണു സര്‍ക്കാര്‍ കണക്ക്. ഇതില്‍ ആയിരത്തോളം സ്ത്രീകള്‍ യെമന്‍ പൗരന്മാരെ വിവാഹം കഴിച്ചവരാണ്. ഇവര്‍ തിരികെ വരാന്‍ സാധ്യതയില്ല. ആയിരത്തോളം പേരെ തിരിച്ചെത്തിച്ചുകഴിഞ്ഞു. ബാക്കി മൂവായിരം പേരാണു യെമന്റെ പലഭാഗത്തായി കഴിയുന്നത്.
തുറമുഖ നഗരമായ ഏഡനില്‍ ഹൂതികളും സൈന്യവും തമ്മില്‍ കനത്ത പോരാട്ടം നടക്കുകയാണ്. ഇന്നലെ ഹൂതികള്‍ക്കു തിരിച്ചടിയുണ്ടായെന്നാണു റിപ്പോര്‍ട്ടുകള്‍.
ഏഡന്‍ തുറമുഖത്തേക്കു കപ്പലുകള്‍ക്ക് അടുക്കാന്‍ കഴിയുന്നില്ല. ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ എത്തിയ ഇന്ത്യന്‍ യുദ്ധക്കപ്പല്‍ ഐഎന്‍എസ് മുംബൈ തുറമുഖത്തിനു സമീപം കടലില്‍ നങ്കൂരമിട്ടിരിക്കുകയാണ്. തുറമുഖത്തുനിന്നു ചെറിയ ബോട്ടുകളില്‍ ഇന്ത്യക്കാരെ കയറ്റി കപ്പലിലെത്തിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.
സനാ, ഏഡന്‍ വിമാനത്താവളങ്ങളില്‍നിന്നു വിമാനങ്ങള്‍ സര്‍വീസ് നടത്താനും കഴിയാത്ത അവസ്ഥയാണ്. സനായില്‍നിന്നു വിമാനങ്ങള്‍ പുറപ്പെടാനുള്ള സമയം അനുവദിച്ചുകിട്ടാന്‍ നീണ്ട ചര്‍ച്ചകളാണ് ഇന്ത്യന്‍ അധികൃതര്‍ നടത്തുന്നത്. സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള ദശരാഷ്ട്രസഖ്യം നടത്തുന്ന വ്യോമാക്രമണം അല്‍പനേരത്തേക്കു നിര്‍ത്തിവയ്പ്പിക്കാനുള്ള ശ്രമങ്ങള്‍ ഐക്യരാഷ്ട്രസംഘടന ആരംഭിച്ചു. കുട്ടികളടക്കം നിരപരാധികളായ ജനങ്ങള്‍ കൊല്ലപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നതിനെത്തുടര്‍ന്നാണിത്. 24 മണിക്കൂര്‍ ആക്രമണം നിര്‍ത്തണമെന്നു റെഡ്‌ക്രോസും ആവശ്യപ്പെട്ടിട്ടുണ്ട്. മെഡിക്കല്‍ സഹായമുള്‍പ്പെടെ എത്തിക്കാനാണിത്.
ഹൂതി വിമതര്‍ക്കെതിരെ മാര്‍ച്ച് 26നു തുടങ്ങിയ വ്യോമാക്രമണത്തില്‍ ഇതുവരെ 519 പേര്‍ കൊല്ലപ്പെട്ടതായാണു കണക്ക്. ഇതില്‍ 62 പേര്‍ കുട്ടികളാണ്. യുദ്ധസമാന സ്ഥിതിയുള്ള ഏഡനില്‍ മാത്രം ഇതുവരെ 185 പേര്‍ കൊല്ലപ്പെട്ടു. 1200 പേര്‍ക്കു പരുക്കേറ്റു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha