യെമനില്‍നിന്നുള്ള വിമാനങ്ങള്‍ കൊച്ചി വഴി; മുംബൈയിലെത്തിയവരെ വിമാനത്തിലെത്തിക്കും
ആഭ്യന്തര കലാപം രൂക്ഷമായ യെമനില്‍നിന്ന് എത്തുന്ന വിമാനങ്ങള്‍ ഇനി കൊച്ചിയിലിറങ്ങിയ ശേഷമായിരിക്കും മുംബൈയിലേക്കു പോവുകയെന്നു വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രി കെ.സി. ജോസഫും ഇക്കാര്യം ആവശ്യപ്പെട്ട് വിദേശകാര്യമന്ത്രി സുഷമ സ്വരാജിനു നേരത്തേ കത്തുനല്‍കിയിരുന്നു.
യാത്രക്കാരില്‍ അധികം പേരും മലയാളികളായതുകൊണ്ട് ആദ്യം കൊച്ചിയില്‍ വിമാനമിറക്കണമെന്ന ആവശ്യം മന്ത്രാലയം ഉടന്‍ അംഗീകരിക്കുകയായിരുന്നു. രൂക്ഷ യുദ്ധം നടക്കുന്ന മേഖലയിലേക്കു നിര്‍ദേശങ്ങള്‍ നല്‍കുന്നതിലുണ്ടായ തടസ്സങ്ങള്‍ കാരണമാണ് കഴിഞ്ഞ ദിവസം എത്തിയ വിമാനം മുബൈയ്ക്കു പോയതെന്നു മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചതായി കെ.സി. വേണുഗോപാല്‍ എംപി പറഞ്ഞു. സനായിലെ അല്‍ തോറ ആശുപത്രിയില്‍ അകപ്പെട്ട നഴ്‌സുമാരെ രക്ഷപ്പെടുത്താന്‍ അടിയന്തര നടപടിയെടുക്കാമെന്നും വിദേശകാര്യ മന്ത്രാലയം ഉറപ്പു നല്‍കി.
പാസ്‌പോര്‍ട്ടും അനുബന്ധ രേഖകളുമില്ലെങ്കിലും \'എക്‌സിറ്റ് പാസ് നല്‍കി അവരെ തിരികെ കൊണ്ടുവരും. മുംബൈയിലെത്തിയവര്‍ക്കു വേണ്ടി നാട്ടിലേക്കുള്ള ട്രെയിനുകളില്‍ രണ്ട് എസി കോച്ചുകള്‍ ഘടിപ്പിക്കാന്‍ റയില്‍വേ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, ട്രെയിന്‍ യാത്ര അസൗകര്യമായതിനാല്‍ മുംബൈയിലെത്തിയവരെ വിമാനത്തില്‍ ഉടന്‍ നാട്ടിലെത്തിക്കും.
നാട്ടിലേക്കു മടങ്ങാനുള്ള ആദ്യത്തെ അവസരം തന്നെ യെമനിലെ എല്ലാ മലയാളികളും പ്രയോജനപ്പെടുത്തണമെന്നു മന്ത്രി കെ.സി. ജോസഫ് ആവശ്യപ്പെട്ടു. കലാപത്തിനു താല്‍ക്കാലിക ശാന്തി ഉണ്ടെന്നു കണ്ട് അവിടെ തുടരുന്നതു സുരക്ഷിതമല്ല. വീണ്ടും കലാപം പൊട്ടിപ്പുറപ്പെട്ടാല്‍ നാട്ടിലേക്കു മടങ്ങുന്നതു പ്രയാസമാകും - മലയാളികളെ നാട്ടില്‍ എത്തിക്കുന്നതിനെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിനു ശേഷം മന്ത്രി പറഞ്ഞു.
അവിടെയുള്ള മൂവായിരത്തോളം മലയാളികളില്‍ 823 പേര്‍ മുംബൈ, കൊച്ചി വിമാനത്താവളങ്ങള്‍ വഴി തിരിച്ചെത്തി. നാട്ടിലേക്കു വരാന്‍ ആഗ്രഹിക്കുന്നവര്‍ എങ്ങനെയെങ്കിലും വിമാനത്താവളത്തില്‍ എത്തണം. സനാ വിമാനത്താവളത്തില്‍നിന്നു നാലു വിമാനങ്ങള്‍ ദിവസവും ഇന്ത്യയിലേക്കു സര്‍വീസ് നടത്തുന്നുണ്ട്. ആശുപത്രികള്‍ നഴ്‌സുമാര്‍ക്കു പാസ്‌പോര്‍ട്ടും ശമ്പള കുടിശികയും നല്‍കുന്നില്ലെന്ന പരാതി ഇന്ത്യന്‍ എംബസി ഇടപെട്ട് ഏതാണ്ടു പരിഹരിച്ചിട്ടുണ്ട്. എക്‌സിറ്റ് വീസ അടക്കമുള്ള കാര്യങ്ങള്‍ക്കു ചെലവാകുന്ന തുക ആശുപത്രി അധികൃതര്‍ വഹിക്കും.
ഉള്‍പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ പ്രാദേശിക സംഘടനകളുടെ സഹായത്തോടെ ഏതെങ്കിലും വിധത്തില്‍ വിമാനത്താവളത്തിലോ തുറമുഖത്തോ എത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു. ഇതേ സമയം, മുഖ്യമന്ത്രി ഇടപെട്ട ശേഷമാണു മലയാളികളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ക്കു ജീവന്‍ വച്ചതെന്നു നാട്ടിലെത്തിയ സനാ മലങ്കര ഓര്‍ത്തഡോക്‌സ് പള്ളി വികാരി ഫാ. ബിജോയ് വര്‍ഗീസും സനാ കേരള ക്ലബ് മുന്‍ പ്രസിഡന്റ് ടി.വി. പുഷ്‌കരനും പറഞ്ഞു. സദ എന്ന സ്ഥലത്ത് 90 മലയാളികള്‍ ജോലി ചെയ്യുന്നുണ്ട്. അവിടെനിന്നു സനായിലെത്തുക ദുര്‍ഘടമാണ്. ഇവരെ വിമാനത്താവളത്തില്‍ എത്തിക്കാന്‍ എന്തെങ്കിലും ഏര്‍പ്പാടു ചെയ്യണം - ഫാ. ബിജോയ് പറഞ്ഞു.
നോര്‍ക്ക കണ്‍ട്രോള്‍ റൂം നമ്പരുകള്‍
യെമനില്‍നിന്നു വിളിക്കുന്നവര്‍: 00914712333339.
ഇന്ത്യയില്‍ തിരിച്ചെത്തിയവര്‍: 18004253939
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha