കാണാതായ മലയാളിയെ പറ്റി വിവരമില്ല; യെമനില്‍ ഇന്ത്യക്കാരെ ഇന്നുകൂടി ഒഴിപ്പിക്കും
യെമനില്‍നിന്നു കാണാതായ മേത്തലങ്ങാടി സ്വദേശിയായ നാലകത്ത് സല്‍മാനെക്കുറിച്ച് (45) വിവരം ലഭിച്ചില്ല. ഒരാഴ്ച മുന്‍പ് ആയുധധാരികളെത്തി കൂട്ടിക്കൊണ്ടുപോകുകയായിരുന്നു എന്നാണ് വിവരം. മതപഠനത്തിനായി യെമനിലെത്തിയ സല്‍മാന്‍ ഏഴു വര്‍ഷമായി സന്‍ആയില്‍ ഭാര്യയും മക്കളുമൊത്ത് താമസിച്ചുവരികയായിരുന്നു.
ഇവര്‍ താമസിക്കുന്ന ഫ്‌ളാറ്റില്‍നിന്നു ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയ മറ്റു പല രാജ്യക്കാരെയും പിന്നീട് വിട്ടയച്ചതുപോലെ സല്‍മാനെയും വിട്ടയയ്ക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം.
വിമാനത്തിലുള്ള ഒഴിപ്പിക്കല്‍ ഇന്നലെ അവസാനിപ്പിക്കാനായിരുന്നു ആദ്യതീരുമാനം. എന്നാല്‍ രക്ഷപ്പെടുത്തണമെന്നു 140 നഴ്‌സുമാര്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണു വിമാനത്തിലുള്ള ഒഴിപ്പിക്കല്‍ ഒരു ദിവസത്തേക്കുകൂടി നീട്ടിയതെന്ന് വിദേശകാര്യമന്ത്രാലയ വക്താവു പറഞ്ഞു. ഇതുവരെ 4500 ഇന്ത്യക്കാരെ ഒഴിപ്പിച്ചു.
യെമനില്‍നിന്ന് ഇന്നലെ പുലര്‍ച്ചെവരെ മുംബൈ വിമാനത്താവളത്തില്‍ എത്തിയ അഞ്ചു വിമാനങ്ങളിലെ മുന്നൂറിലേറെ മലയാളികളില്‍ ഇരുനൂറോളംപേരെ വിമാനത്തിലും ട്രെയിനിലുമായി നാട്ടിലെത്തിച്ചു. ബാക്കിയുള്ള 130 പേരെ ചാര്‍ട്ടേഡ് വിമാനത്തില്‍ ഇന്നു കൊച്ചിയില്‍ എത്തിക്കുമെന്നു മന്ത്രി കെ. സി. ജോസഫ് അറിയിച്ചു. മറ്റു സംസ്ഥാനക്കാരായ മുന്നൂറില്‍പരംപേരും ഇന്നലെ മുംബൈയില്‍നിന്നു സ്വദേശങ്ങളിലേക്കു തിരിച്ചു.
യെമനിലെ ക്രെയ്തറില്‍ ഹൂതി വിമതരും ഗോത്രവര്‍ഗക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 22 ഹൂതികള്‍ കൊല്ലപ്പെട്ടു. ഇതേസമയം, ഹൂതി വിമതരെ പിന്തുണയ്ക്കുന്ന ഇറാന്‍, ഏഡന്‍ കടലിടുക്കിലേക്കു രണ്ടു യുദ്ധക്കപ്പലുകള്‍ അയച്ചു. ഹൂതി വിമതര്‍ക്കെതിരെ സൗദിയുടെ നേതൃത്വത്തില്‍ വ്യോമാക്രമണം നടക്കുന്നതിനാല്‍ മേഖലയില്‍ സൈനികസാന്നിധ്യമുണ്ടാക്കാനാണിതെന്നാണു സൂചന. എന്നാല്‍, കടല്‍ക്കൊള്ളക്കാര്‍ക്കെതിരായ നടപടിയുടെ ഭാഗമായാണു യുദ്ധക്കപ്പലുകള്‍ അയയ്ക്കുന്നതെന്ന് ഇറാന്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha