വിദേശ സാമ്പത്തിക സഹായം: ഗ്രീന്‍പീസിനു വിലക്ക്
വിദേശനാണയ നിയന്ത്രണ നിയമത്തിലെ (എഫ്‌സിആര്‍എ) വ്യവസ്ഥകള്‍ ലംഘിച്ചെന്നു വ്യക്തമാക്കി പരിസ്ഥിതി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഇതര സംഘടനയായ (എന്‍ജിഒ) ഗ്രീന്‍പീസിന് വിദേശത്തുനിന്നു സാമ്പത്തിക സഹായം വാങ്ങുന്നതിനുള്ള റജിസ്‌ട്രേഷന്‍ കേന്ദ്രസര്‍ക്കാര്‍ ആറുമാസത്തേക്കു റദ്ദാക്കി.
റജിസ്‌ട്രേഷന്‍ സ്ഥിരമായി റദ്ദാക്കാതിരിക്കണമെങ്കില്‍ കാരണം കാണിക്കാന്‍ സംഘടനയോട് ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ഔദ്യോഗിക അറിയിപ്പു ലഭിക്കുമ്പോള്‍ നിയമോപദേശമനുസരിച്ചു നടപടി സ്വീകരിക്കുമെന്നും തങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ കുപ്രചാരണം നടത്തുകയാണെന്നും ഗ്രീന്‍പീസ് വ്യക്തമാക്കി.
പൊതുതാല്‍പര്യത്തെയും രാജ്യത്തിന്റെ സാമ്പത്തിക താല്‍പര്യങ്ങളെയും ബാധിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുകവഴി ഗ്രീന്‍പീസ് എഫ്‌സിആര്‍എയിലെ താഴെ പറയുന്ന ചട്ടലംഘനങ്ങള്‍ നടത്തിയതായാണ് ആഭ്യന്തരമന്ത്രാലയ ജോയിന്റ് സെക്രട്ടറി ജി. കെ. ദ്വിവേദി ഒപ്പുവച്ച ഉത്തരവില്‍ പറയുന്നത്.
ഉത്തരവില്‍ എടുത്തുപറയുന്നവ ഇവയാണ്:
* 2008-09ല്‍ ഓപ്പണിങ് ബാലന്‍സായുണ്ടായിരുന്ന 6.6 കോടി രൂപ ഓഡിറ്ററുടെ കണക്കില്‍ കാണിച്ചില്ല.
* 2012-14ല്‍ വിദേശത്തുനിന്നുള്ള വരുമാനത്തിന്റെ 50 ശതമാനത്തിലധികം തുക സംഘടനയുടെ നടത്തിപ്പുചെലവിനായി വിനിയോഗിച്ചതു സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങാതെയാണ്.
* ഗ്രീന്‍പീസുമായി സഹകരിക്കുന്ന ഇന്ത്യന്‍ എന്‍ജിഒകളിലെ പ്രവര്‍ത്തകര്‍ക്കു കോടതി നടപടികള്‍ക്കുള്ള ചെലവ് ഗ്രീന്‍പീസ് വഹിച്ചു.
* വിദേശപ്പണം എഫ്‌സിആര്‍എ റജിസ്‌ട്രേഷന്‍ ഇല്ലാത്ത എന്‍ജിഒയ്ക്കു സര്‍ക്കാരിന്റെ അനുമതിയില്ലാതെ കൈമാറി.
* വിദേശിയായ ഗ്രെഗ് മട്ടിറ്റ് എന്ന സന്നദ്ധ പ്രവര്‍ത്തകനു ശമ്പളം നല്‍കിയ വിവരം സര്‍ക്കാരിനെ അറിയിച്ചില്ല.
* സംഘടനയുടെ ഓഫിസും അതിന്റെ പ്രവര്‍ത്തനവും ചെന്നൈയില്‍നിന്നു ബെംഗളൂരുവിലേക്കു മാറ്റിയതു സര്‍ക്കാരിന്റെ അനുമതിയില്ലാതെയാണ്.
* സംഘടനയുടെ നിര്‍വാഹക സമിതിയിലെ പകുതിയോ അതിലധികമോ അംഗങ്ങളെ മാറ്റിയതും ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി വാങ്ങാതെയാണ്.
ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ പൂര്‍ണവിശ്വാസമുണ്ടെന്ന് ഗ്രീന്‍പീസ് ഇന്ത്യ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ സമിത് അയിച് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha