യെമനിലെ സൈനിക ഇടപെടലില്‍ ചേരാനുള്ള സൗദിയുടെ ആവശ്യം തള്ളി പാകിസ്ഥാന്‍
സൗദിയുടെ നേതൃത്വത്തില്‍ യെമനില്‍ നടക്കുന്ന സൈനിക ഇടപെടലില്‍ ചേരേണ്ടതില്ലെന്ന് പാകിസ്ഥാന്‍ പാര്‍ലമെന്റ് തീരുമാനിച്ചു. ഇറാന്റെ പിന്‍ബലത്തില്‍ യുദ്ധരംഗത്ത് മുന്നേറുന്ന ഹുദി വിമതര്‍ക്കെതിരെ പാകിസ്ഥാന്റെ പുറത്തു നിന്നുള്ള ശക്തമായ പിന്തുണ പ്രതീക്ഷിച്ച റിയാദിന് ഇത് തിരിച്ചടിയായി. സുന്നി ഭൂരിപക്ഷ രാഷ്ട്രമായ പാകിസ്ഥാനോട് കപ്പലുകളും വ്യോമസേനാ വിമാനങ്ങളും സൈന്യവുമടങ്ങുന്ന സഹായങ്ങളാണ് മൂന്നാഴ്ചയായി തുടരുന്ന സൈനിക നടപടിക്കായി സൗദി ആവശ്യപ്പെട്ടത്.
ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കിടയില്‍ നടക്കുന്ന യുദ്ധത്തില്‍ സുന്നികളുടെ സ്വാധീനമുള്ള ഗള്‍ഫ് അറബ് അയല്‍രാജ്യങ്ങള്‍ സൗദിക്ക് പന്തുണ നല്‍കുമ്പോള്‍ പാകിസ്ഥാന്‍ പാര്‍ലമെന്റില്‍ ഭൂരിപക്ഷവും ഇതിനെതിരെ വോട്ടു രേഖപ്പെടുത്തി. മാനുഷീക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഇരു ഭാഗങ്ങളെയും വിളിച്ചു ചേര്‍ത്ത് സമാധാനപരമായ പ്രശ്‌നപരിഹാരത്തിനായി ശ്രമിക്കേണ്ടതാണെന്ന പ്രമേയം സ്വീകരിച്ചു. പ്രതിസന്ധി അവസാനിപ്പിക്കാനായി പാകിസ്ഥാന്‍ നയതന്ത്ര പങ്ക് വഹിക്കും.
സൗദിയുടെ മേഖലകളില്‍ കടന്നുകയറ്റമുണ്ടാകുന്ന വേളയില്‍ വ്യക്തമായ പിന്തുണ നല്‍കുമെന്നും പാകിസ്ഥാന്‍ വ്യക്തമാക്കി. സൗദിയുടെ സൈനിക ഇടപെടല്‍ യെമനിലെ വംശീയഹത്യയായി ഇറാന്റെ ഉന്നത നേതാവ് അയതൊള്ള അലി ഖമെനേയ് ആരോപിച്ചു.
യെമനിലെ സംഘര്‍ഷത്തില്‍ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ചണ്ഡിഗഡ് സ്വദേശിയായ മഞ്ജിത് സിംഗിന്റെ മൃതദേഹം ജിബൂട്ടിയിലെത്തിച്ചു. നാവിക സേനയുടെ കപ്പലായ ഐ.എന്‍.എസ് ടര്‍ക്കാഷില്‍ മൃതദേഹം ഇന്ത്യയിലെത്തിക്കും.
യമനില്‍ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത് ഇന്നലെ രാത്രിയോടെ ഇന്ത്യ നിര്‍ത്തിവച്ചിരുന്നു. ഇതിനു പിന്നാലെ യെമനിലെ ഇന്ത്യന്‍ എംബസിയും അടയ്ക്കുകയാണെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് വ്യക്തമാക്കി. അതേസമയം, നിരവധി മലയാളികളടക്കം എഴുന്നുറിലധികം ഇന്ത്യക്കാരാണ് യെമനില്‍ വിവിധ പ്രദേശങ്ങളില്‍ ഇനിയും കുടുങ്ങിക്കിടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha