കാര്‍ഗോയില്‍ ജീവനക്കാരന്‍ കുടുങ്ങി; വിമാനം അടിയന്തിരമായി താഴെയിറക്കി
കാര്‍ഗോ വിഭാഗത്തില്‍ ജീവനക്കാരന്‍ കുടുങ്ങിയതിനെ തുടര്‍ന്ന് യാത്രാവിമാനം അടിയന്തിരമായി താഴെയിറക്കി. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് സിയാറ്റില്‍ നിന്നും പറന്നുയര്‍ന്ന അലാസ്‌ക എയര്‍ലൈന്‍സിന്റെ വിമാനമാണ് മിനിട്ടുകള്‍ക്ക് ശേഷം താഴെയിറക്കിയത്.
വിമാനം പറന്നുയര്‍ന്ന ശേഷം വിമാനത്തിന്റെ കാര്‍ഗോ വിഭാഗത്തില്‍നിന്നും ആരോ സഹായമഭ്യര്‍ത്ഥിച്ച് നിലവിളിക്കുന്ന ശബ്ദം ഫസ്റ്റ് ക്ലാസ് യാത്രക്കാരും പൈലറ്റും ശ്രദ്ധിച്ചു. കാര്‍ഗോ വിഭാഗത്തില്‍ ആരോ കുടുങ്ങിക്കിടക്കുന്നത് മനസിലാക്കിയ പൈലറ്റ് അടയന്തിരമായി വിമാനം താഴെയിറങ്ങുന്നതിന് വിമാനത്താവളത്തിലേക്ക് സന്ദേശമയച്ചു.
താഴെയിറങ്ങിയ വിമാനത്തില്‍ നിന്നും ജീവനക്കാരനെ സുരക്ഷിതമായി പുറത്തെത്തിച്ചു. ഇയാള്‍ ജോലിക്കിടയില്‍ ബോധം നശിച്ച് അകത്ത് കുടുങ്ങിപ്പോകുകയോ ജോലിക്കിടയില്‍ ഉറങ്ങിപ്പോകുകയോ ചെയ്തതാവാം എന്നാണ് നിഗമനം. വിമാനം പറന്നുയരുന്നതിന് മുമ്പ് ജീവനക്കാരില്‍ ഒരാളെ കാണാതായതായി സഹപ്രവര്‍ത്തകര്‍ ശ്രദ്ധിച്ചിരുന്നു. തുടര്‍ന്ന് ഇയാളുടെ മൊബൈല്‍ ഫോണിലേക്ക് സഹപ്രവര്‍ത്തകര്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ജീവനക്കാരനെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു. എന്നാല്‍ ഇയാളുടെ പേരു വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha