പാക്കിസ്ഥാനിലെ കറാച്ചിയില്‍ യാത്രാ ബസിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 43 പേര്‍ കൊല്ലപ്പെട്ടു
പാക്കിസ്ഥാനിലെ തുറമുഖ നഗരമായ കറാച്ചിയില്‍ യാത്രാ ബസിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 43 പേര്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്കു പരുക്കേറ്റു. കറാച്ചിയിലെ സഫൂര ചൗക്കില്‍ ഇസ്മായിലി കമ്യൂണിറ്റിയുടെ അംഗങ്ങളെ കൊണ്ടുപോയ ബസിനു നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. നാല് ബൈക്കുകളിലെത്തിയ എട്ട് ഭീകരര്‍ ബസിനു നേര്‍ക്കു വെടിവയ്ക്കുകയായിരുന്നു. ആക്രമണത്തിനു ശേഷം ഭീകരര്‍ രക്ഷപ്പെട്ടു. ഇവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. അതേസമയം, ഭീകരസംഘടനയായ തെഹ്‌രീകെ താലിബാന്‍ പാക്കിസ്ഥാന്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.
52 പേര്‍ക്കു സഞ്ചരിക്കാവുന്ന ബസില്‍ 60 പേര്‍ ഉണ്ടായിരുന്നതായി സിന്ധ് പൊലീസ് ഇന്‍സ്പക്ടര്‍ ജനറല്‍ ഘുലം ഹൈദര്‍ ജമാലി പറഞ്ഞു. ഭീകരര്‍ 9 എംഎം പിസ്റ്റളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് അദ്ദേഹം അറിയിച്ചു. 25 പുരുഷന്‍മാരും 16 സ്ത്രീകളും മരിച്ചതായി നേരത്തേ ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചിരുന്നു. മരിച്ചവരെ കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ലെന്ന് പാക്കിസ്ഥാനിലെ ഡോണ്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു.
കൊല്ലപ്പെട്ടവരുടെ തലയിലാണ് വെടിയേറ്റത്. അതിനാല്‍, ബസിന്റെ ഉള്ളില്‍ കയറിയാണ് ഭീകരര്‍ വെടിവച്ചതെന്നാണ് സംശയം. ബസ് നിര്‍ത്താനായി പുറത്തു നിന്നു വെടിവച്ചുവെന്നും പിന്നീട് അകത്തുകയറി വെടിവയ്ക്കുകയായിരുന്നെന്നും പേരു വെളിപ്പെടുത്താത്ത മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പാക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha