നേപ്പാളില്‍ ഭൂകമ്പമഴ, കഴിഞ്ഞ ദിവസമുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 65 ആയി
കഴിഞ്ഞ ദിവസമുണ്ടായ ഭുകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 65 ആയി. റിക്ടര്‍ സ്‌കെയിലില്‍ 7.3 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 200ത്താളം പേര്‍ക്കാണ് പരിക്കേറ്റത്.വീണ്ടും ചലനമുണ്ടാകുമെന്ന ഭയത്തില്‍ ആയിരക്കണക്കിന് ജനങ്ങള്‍ ഇന്നലെ രാത്രി കനത്ത തണുപ്പ് സഹിച്ച് തെരുവുകളിലാണ് കഴിച്ചു കൂട്ടിയത്. ഇന്ന് രാവിലെയും ഇവിടെ തുടര്‍ചലനമുണ്ടായത് പ്രദേശവാസികളെ കൂടുതല്‍ പേടിപ്പെടുത്തിയിരിക്കുകയാണ്. ഇന്നലെയുണ്ടായ ഭൂകമ്പത്തിന് ശേഷം ശക്തമായ 17 തുടര്‍ചലനങ്ങള്‍ ഇവിടെ അനുഭവപ്പെട്ടതായി യു.എസ് ജിയോളജിക്കല്‍ സര്‍വ്വേ അറിയിച്ചു.
വടക്ക് കിഴക്കന്‍ കാഠ്മണ്ഡുവിലെ ധോലാഖാ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് അപകടമുണ്ടായിരിക്കുന്നത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്നലെയുണ്ടായ ഭൂകന്പം ഇവിടുത്തെ 75 ജില്ലകളിലെ 32 എണ്ണത്തേയും സാരമായി ബാധിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇവിടെയുള്ള നിരവധി വീടുകള്‍ തകര്‍ന്നു വീണു. മണ്ണിടിഞ്ഞ് വീണ് പല പ്രദേശങ്ങളിലേയും റോഡ് ഗതാഗതം താറുമാറായി. ഉള്‍നാടന്‍ ഗ്രാമങ്ങളിലേക്കുള്ള വഴികള്‍ മണ്ണ് മൂടി പൂര്‍ണമായും അടഞ്ഞു.
രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി നടന്നുകൊണ്ടിരിക്കുകയാണ്. അടുത്ത രണ്ടാഴ്ചത്തേക്ക് ഇവിടുത്തെ എല്ലാ സ്‌കൂളുകള്‍ക്കും അധികൃതര്‍ അവധി നല്‍കിയിട്ടുണ്ട്. ഇതിനിടെ ദുരന്തബാധിതരെ സഹായത്തിനായി പുറപ്പെട്ട യു.എസിന്റെ സൈനിക ഹെലികോപ്റ്റര്‍ കാണാതായി. ആറ് യു.എസ് നാവികരും രണ്ട് നേപ്പാളി സൈനികരുമാണ് കോപ്റ്ററില്‍ ഉണ്ടായിരുന്നത്. ഹെലികോപ്റ്റര്‍ കണ്ടെത്താനായുള്ള അന്വേഷണവും നടത്തി വരികയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha