നടുക്കടലില്‍ ഒറ്റപ്പെട്ട അഭയാര്‍ഥികളെ കരയിലെത്തിക്കണമെന്ന് യുഎന്‍
ജനീവ നടുക്കടലില്‍ കുടുങ്ങിയ നൂറുകണക്കിന് അഭയാര്‍ഥികളെ രക്ഷപ്പെടുത്തി കരയിലെത്തിക്കണമെന്ന് ഇന്തൊനീഷ്യ, മലേഷ്യ, തായ്‌ലന്‍ഡ് എന്നീ രാജ്യങ്ങളോട് ഐക്യരാഷ്ട്ര സംഘടന അഭ്യര്‍ഥിച്ചു. ഇന്തൊനീഷ്യ, മലേഷ്യ, തായ്‌ലന്‍ഡ് എന്നീ രാജ്യങ്ങളിലേക്കു കുടിയേറാനായി പുറപ്പെട്ട ഇവരെ കരയിലിറങ്ങാന്‍ ഈ രാജ്യങ്ങള്‍ അനുവദിക്കാതിരുന്നതാണു പ്രശ്‌നമായത്.
അഭയാര്‍ഥി ബോട്ടുകളെ പുറംകടലിലേക്കു തിരിച്ചയയ്ക്കുന്നത് നിര്‍ത്തണമെന്നും യുഎന്‍ ഏജന്‍സികള്‍ ആവശ്യപ്പെട്ടു. ഇതേസമയം, കടലില്‍ കുടുങ്ങിയ നൂറുകണക്കിന് അഭയാര്‍ഥികള്‍ക്ക് അഭയം നല്‍കാന്‍ തയാറാണെന്നു ഫിലിപ്പീന്‍സ് അറിയിച്ചു.
മ്യാന്‍മറില്‍നിന്നും ബംഗ്ലദേശില്‍നിന്നുമുള്ള കുട്ടികളും സ്ത്രീകളുമടങ്ങിയ നാലായിരത്തോളം അഭയാര്‍ഥികളാണ് നടുക്കടലില്‍ ബോട്ടുകളില്‍ ഭക്ഷണമോ വെള്ളമോ കിട്ടാതെ നരകിക്കുന്നതെന്ന് യുഎന്‍എച്ച്‌സിആര്‍ (ഐക്യരാഷ്ട്ര സംഘടന അഭയാര്‍ഥി വിഭാഗം) വെളിപ്പെടുത്തി. മ്യാന്‍മര്‍-ബംഗ്ലദേശ് തീരത്ത് നാല്‍പതിലേറെ ദിവസമായി ബോട്ടുകളില്‍ ഇവര്‍ നരകിക്കുകയാണ്.
മ്യാന്‍മറിലെ പീഡനവും ബംഗ്ലദേശിലെ പട്ടിണിയും മൂലമാണ് വംശീയ ന്യൂനപക്ഷമായ റോഹിന്‍ജ്യ മുസ്‌ലിംകളുടെ പലായനം. എന്നാല്‍ അയല്‍രാജ്യങ്ങള്‍ പുറന്തള്ളിയതോടെ ഇവര്‍ കടലില്‍ പട്ടിണികിടന്നു മരിക്കുന്ന അവസ്ഥയാണ്. കുടിയേറാമെന്ന പ്രതീക്ഷയില്‍ മനുഷ്യക്കടത്തുകാര്‍ക്കു വലിയ തുക കൊടുത്തിട്ടാണ് ആയിരക്കണക്കിനാളുകള്‍ നാടുവിട്ടത്.
അതിനിടെ, കുടിയേറ്റ പ്രശ്‌നം ചര്‍ച്ചചെയ്യാന്‍ ഇന്ന് മലേഷ്യ, ഇന്തൊനീഷ്യ, തായ്!ലന്‍ഡ് എന്നീ രാജ്യങ്ങളുടെ വിദേശമന്ത്രിമാര്‍ ക്വാലലംപൂരില്‍ യോഗം ചേരും. 29നു ബാങ്കോക്കിലും യോഗം ചേരും.
മനുഷ്യക്കടത്തുകാരെ നേരിടാന്‍ യൂറോപ്പിന് നാവികസേന
ലിബിയ കേന്ദ്രീകരിച്ചുള്ള മനുഷ്യക്കടത്തുകാരെ നേരിടാന്‍ പ്രത്യേക നാവികസേന രൂപീകരിക്കുന്ന പദ്ധതിക്ക് യൂറോപ്യന്‍ യൂണിയന്‍ മന്ത്രിമാര്‍ അംഗീകാരം നല്‍കി. റോം ആസ്ഥാനമായി നാവികസേന അടുത്തമാസം പ്രവര്‍ത്തനമാരംഭിക്കും. മെഡിറ്ററേനിയന്‍ കടല്‍മാര്‍ഗം ആഫ്രിക്കയില്‍നിന്നും പശ്ചിമേഷ്യയില്‍നിന്നും യൂറോപ്പിലേക്ക് അനധികൃത കുടിയേറ്റം വര്‍ധിച്ച സാഹചര്യത്തിലാണിത്.
മനുഷ്യക്കടത്തുകാര്‍ക്കെതിരെ സൈനികനടപടിക്കും യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് അനുമതി നല്‍കുന്ന പ്രമേയം യുഎന്‍ രക്ഷാസമിതിയില്‍ അവതരിപ്പിക്കാന്‍ ബ്രിട്ടന്‍ മുന്‍കൈ എടുത്ത് നീക്കം തുടങ്ങിയിട്ടുണ്ട്. മനുഷ്യക്കടത്തുകാരുടെ ബോട്ടുകള്‍ തകര്‍ക്കുകയാണ് പ്രധാന പദ്ധതി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha