വ്യാജ ഡിപ്ലോമ: മോള്‍ഡോവ പ്രധാനമന്ത്രി രാജിവച്ചു
ഡല്‍ഹിയില്‍ വ്യാജബിരുദ വിവാദം കൊഴുക്കുന്നതിനിടെ കിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ മോള്‍ഡോവയിലും സമാനമായ വിവാദം. വ്യാജ വിദ്യാഭ്യാസ യോഗ്യതകളുടെ പേരില്‍ പ്രധാനമന്ത്രി ഷിറില്‍ ഗാബുറിസി രാജിവച്ചു.
മോള്‍ഡോവന്‍ പ്രധാനമന്ത്രിപദമേറ്റ് നാലുമാസത്തിനുള്ളിലാണു മുപ്പത്തെട്ടുകാരനായ ഗാബുറിസിയുടെ സ്ഥാനത്യാഗം. ഗാബുറിസിയുടെ ഹൈസ്‌കൂള്‍ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണ് രാജി. ഈ പ്രശ്‌നത്തില്‍ വ്യാഴാഴ്ച പ്രോസിക്യൂട്ടര്‍മാര്‍ പ്രധാനമന്ത്രിയെ ചോദ്യം ചെയ്തതോടെ തീരുമാനം വേഗത്തിലായി. കഴിഞ്ഞ ഫെബ്രുവരി 18 നാണ് ഗാബുറിസി മോള്‍ഡോവയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.
നവംബറില്‍ നടന്ന പൊതുതെരഞ്ഞെടുപ്പിനുശേഷം ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാതിരുന്ന സാഹചര്യത്തിലാണ് ഗാബുറിസിയുടെ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി മറ്റു യൂറോപ്യന്‍ അനുകൂല പാര്‍ട്ടികളുമായി ചേര്‍ന്ന് സഖ്യം രൂപീകരിച്ച് സര്‍ക്കാരുണ്ടാക്കിയത്. പ്രധാനമന്ത്രിപദത്തിലേറുംമുമ്പ് മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നില്ല ഗാബുറിസി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha