ഭൂമിക്ക് ഭീഷണി ഉയര്‍ത്തി ഭീമന്‍ സോളാര്‍ കൊടുങ്കാറ്റ് ഭൂമിയിലേക്ക്
![](https://www.malayalivartha.com/assets/coverphotos/w330/20382.jpg)
വൈദ്യുതി ശൃംഖലകള്‍, ഗ്ലോബല്‍ പൊസിഷനിങ് സംവിധാനം (ജിപിഎസ്) എന്നിവയുള്‍പ്പെടെ നിരവധി സാങ്കേതിക മേഖലകളെ തകര്‍ക്കാന്‍ ശേഷിയുള്ളതാണ് ഈ കൊടുങ്കാറ്റ്. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ഇത് ആദ്യമായാണ് ഇത്രയും വലിയ സോളാര്‍ കൊടുങ്കാറ്റ് ഉണ്ടാകുന്നത്.
സാങ്കേതിക ലോകത്ത് ഏറെ നാശം വിതച്ചേക്കാവുന്ന സോളാര്‍ കൊടുങ്കാറ്റ് കഴിഞ്ഞ തിങ്കളാഴ്ച ഭൗമമണ്ഡലം തൊട്ടതായി കാലാവസ്ഥാ പ്രവചന ഏജന്‍സികള്‍ അറിയിച്ചു.
സൂര്യനില്‍ നിന്നുള്ള പ്രോട്ടോണുകളുടെ പ്രവാഹത്തില്‍ നിന്നാണ് സോളാര്‍ കൊടുങ്കാറ്റ് രൂപപ്പെടുന്നത്. എന്നാല്‍ ഇതില്‍ ഭൗമമണ്ഡലത്തില്‍ എത്തുന്നതില്‍ ഭൂരിഭാഗവും ഭൂമിക്കു ചുറ്റുമുള്ള കാന്തികമണ്ഡലത്തില്‍ എത്തുന്നതോടെ ശക്തി കുറയും. തുടര്‍ന്ന് ഭൂമിയുടെ ഇരുവശങ്ങളിലൂടെയും നീങ്ങിപോകാറാണ് പതിവ്.
എന്നാല്‍, ഊര്‍ജം കൂടിയ കണങ്ങള്‍ ഭൂമിയുടെ കാന്തികമണ്ഡലത്തെ തകര്‍ത്ത് മുന്നേറും. സ്ഥിരമായി വരുന്ന സോളാര്‍ കൊടുങ്കാറ്റുകളേക്കാള്‍ ശക്തിയുള്ളതാണ് കഴിഞ്ഞ ദിവസം ഭൗമമണ്ഡലത്തിലെത്തിയതെന്ന് നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്ഫറിക് അഡ്മിനിസ്‌ട്രേഷന്‍ വക്താവ് പറഞ്ഞു.
ഇതിനിടെ സോളാര്‍ കൊടുങ്കാറ്റ് ഭൗമമണ്ഡലത്തില്‍ എത്തിയതോടെ ലോകത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ധ്രുവദീപ്തികള്‍ ദൃശ്യമായി. അടുത്തിടെയുണ്ടായ ഏറ്റവും മനോഹരമായ കാഴ്ചകളാണ് ധ്രുവദീപ്തികള്‍ സമ്മാനിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സോളാര്‍ കൊടുങ്കാറ്റ് ഭൗമമണ്ഡലത്തില്‍ ഏകദേശം 100 കിലോമീറ്റര്‍ വരെ സമീപത്തെത്തുമ്പോഴാണ് ധ്രുവദീപ്തികള്‍ ഉണ്ടാകുന്നത്.
2005 സെപ്തംബറില്‍ ഭൂമിയിലെത്തിയ സോളാര്‍ കൊടുങ്കാറ്റിനു സമാനമായ ഒന്നാണിതെന്നും തുടര്‍ ദിവസങ്ങളില്‍ ഇതിന്റെ പ്രതിഫലനങ്ങള്‍ കണ്ടേക്കുമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ വലിയ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജിപിഎസ് സംവിധാനങ്ങളില്‍ ചില പ്രശ്‌നങ്ങള്‍ കണ്ടെങ്കിലും പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടില്ല. ഇത്തരം സോളാര്‍ കൊടുങ്കാറ്റുകള്‍ ധ്രുവപ്രദേശങ്ങളിലൂടെ പോകുന്ന വിമാനങ്ങളുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha