താലിബാന്റെ വെടിയുണ്ടകള്‍ക്ക് തന്നെ നിശബ്ദയാക്കാനാകില്ല, വാളിനേക്കാള്‍ മൂര്‍ച്ചയുള്ളതാണ് പേനയും പുസ്തകങ്ങളും, അതുകൊണ്ടാണ് താലിബാന്‍ ഇത് രണ്ടിനേയും പേടിക്കുന്നത്
താലിബാന്റെ വെടിയുണ്ടകള്‍ക്ക് തന്നെ നിശബ്ദയാക്കാനാകില്ലെന്ന് മലാല യൂസഫ് സായ്. വാളിനേക്കാള്‍ മൂര്‍ച്ചയുള്ളതാണ് പേനയും പുസ്തകങ്ങളും. അതുകൊണ്ടാണ് താലിബാന്‍ ഇത് രണ്ടിനേയും പേടിക്കുന്നതെന്ന് അവര്‍ പറഞ്ഞു. താലിബാന്റെ വധശ്രമത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപെട്ട് ലോകശ്രദ്ധ പിടിച്ചുപറ്റിയ മലാല തന്റെ പതിനാറാം ജന്മദിനത്തില്‍ ഐക്യരാഷ്ട്ര സഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു.
വിദ്യാഭ്യാസത്തേയും സ്ത്രീകളുടെ ശബ്ദം ഉയരുന്നതിനേയും താലിബാന്‍ പേടിക്കുന്നു. അതുകൊണ്ടാണ് നിരപരാധികളായ 14 കുട്ടികളെ അവര്‍ കൊന്നൊടുക്കിയത്. അതിനാല്‍ തന്നെയാണ് പക്തുന്‍വാലയിലെ വനിത അധ്യാപകരെ അവര്‍ കൊന്നത്. സമൂഹത്തില്‍ മാറ്റങ്ങളും സമത്വവും വരുന്നത് അവര്‍ ഭയക്കുന്നു-മലാല പറഞ്ഞു. പാകിസ്താന്‍ സമാധാനം ആഗ്രഹിക്കുന്ന ജനാധിപത്യ രാഷ്ട്രമാണ്. ഇസ്‌ലാം സമാധാനത്തിന്റെ മതമാണ്. 'കൊലചെയ്യപ്പെട്ട ബേനസീര്‍ ഭൂട്ടോയുടെ ഷാള്‍ അണിഞ്ഞാണ് ഞാന്‍ ഇവിടെ നില്‍ക്കുന്നത്. എന്റെ രക്ഷയ്ക്കായി പ്രാര്‍ത്ഥിച്ച ഓരോരുത്തര്‍ക്കും ഞാന്‍ ഈ അവസരത്തില്‍ നന്ദി പറയുന്നു. ജനങ്ങള്‍ കാണിക്കുന്ന ഈ സ്‌നേഹം എനിക്ക് വിശ്വസിക്കാനാകുന്നില്ല. ലോകമെമ്പാടും നിന്ന് ആയിരക്കണക്കിന് സമ്മാനങ്ങളാണ് എനിക്ക് ലഭിച്ചത്. അത് അയച്ച എല്ലാവര്‍ക്കും നന്ദി. എനിക്ക് ശക്തി പകര്‍ന്ന് നല്‍കിയ മുതിര്‍ന്നവരുടെ പ്രാര്‍ഥനകള്‍ക്കും നന്ദി.
ഒരുകാര്യം ഓര്‍ക്കുക. മലാല ദിനം എന്റെ മാത്രം ദിനമല്ല. അത് അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തിയ എല്ലാ സ്ത്രീകളുടെയും കുട്ടികളുടേയും ദിനം കൂടിയാണ്. തീവ്രവാദികള്‍ ആയിരക്കണക്കിന് ആളുകളേയാണ് കൊന്നതും പരിക്കേല്‍പ്പിച്ചതും. അതില്‍ ഒരാളാണ് ഞാനും. ഇന്ന് ഞാന്‍ സംസാരിക്കുന്നത് എനിക്ക് വേണ്ടി മാത്രമല്ല. ശബ്ദം പുറത്തുകേള്‍ക്കാത്തവര്‍ക്ക് വേണ്ടി കൂടിയാണ്.
2012 ഒക്‌ടോബര്‍ ഒമ്പതിന് താലിബാന്‍ എന്റെയും സുഹൃത്തുക്കളുടേയും നേര്‍ക്ക് വെടിയുതിര്‍ത്തു. അവര്‍ ചിന്തിച്ചത് അതിലൂടെ ഞങ്ങള്‍ നിശബ്ദരാകുമെന്നാണ്. പക്ഷേ അവര്‍ പരാജയപ്പെട്ടു. ആ നിശബ്ദതയില്‍ നിന്ന് ആയിരക്കണക്കിന് ശബ്ദങ്ങള്‍ പുറത്തുവന്നു. ധൈര്യവും തന്റേടവും ജനിച്ചു. ഞാന്‍ പഴയ മലാല തന്നെയാണ്. എന്റെ പ്രതീക്ഷകളും സ്വപ്‌നങ്ങളും അതുപോലെ തുടരുന്നു.
പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ ഞാന്‍ ആര്‍ക്കും എതിരല്ല. താലിബാനെതിരെ പ്രതികാരത്തിനല്ല ഞാന്‍ ഇവിടെ വന്നത്. വിദ്യാഭ്യാസത്തിനായുള്ള ഓരോ കുട്ടിയുടേയും അവകാശത്തെക്കുറിച്ച് സംസാരിക്കാനാണ് ഇവിടെ വന്നത്. താലിബാന്‍കാരുടെ കുട്ടികള്‍ക്കും വിദ്യാഭ്യാസം വേണം. ഇതാണ് മൊഹമ്മദ് നബിയില്‍ നിന്നും യേശുക്രിസ്തുവില്‍ നിന്നും ബുദ്ധനില്‍ നിന്നും മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങില്‍ നിന്നും, നെല്‍സണ്‍ മണ്ഡേലയില്‍ നിന്നും ജിന്നയില്‍ നിന്നും ഞാന്‍ പഠിച്ചത്. ഇത് തന്നെയാണ് മഹാത്മാഗാന്ധിയില്‍ നിന്നും മദര്‍ തെരേസയില്‍ നിന്നും ഞാന്‍ പഠിച്ചത്. ഇത് തന്നെയാണ് എന്റെ പിതാവില്‍ നിന്നും മാതാവില്‍ നിന്നും ഞാന്‍ പഠിച്ചത്.
https://www.facebook.com/Malayalivartha