ബൊളീവിയ പ്രസിഡന്റ് മാര്‍പാപ്പയ്ക്ക് സമ്മാനിച്ചത് അരിവാളും ചുറ്റികയും ചേര്‍ന്ന ക്രൂശിതരൂപം
ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ബൊളീവിയ പ്രസിഡന്റ് ഇവോ മൊറേലസ് പ്രത്യേകതയുള്ള സമ്മാനം നല്‍കി. അരിവാളും ചുറ്റികയും യേശുക്രിസ്തുവിന്റെ ക്രൂശിതരൂപവും ചേര്‍ന്ന കലാസൃഷ്ടി. ചുറ്റികയിലാണ് യേശുക്രിസ്തുവിനെ തറച്ചിരിക്കുന്നത്. 1980ല്‍ അര്‍ധസൈനിക വിഭാഗം വധിച്ച ജസ്യൂട്ട് പുരോഹിതന്‍ ലൂയി എസ്പിനാലിന്റേതാണ് ഈ കലാസൃഷ്ടി.
ബൊളീവിയ സന്ദര്‍ശനത്തിനിടെ ഫ്രാന്‍സിസ് മാര്‍പാപ്പ ലൂയി എസ്പിനാലിന്റെ മരണസ്ഥലത്ത് അദ്ദേഹത്തിന് ആദരാഞ്ജലിയര്‍പ്പിച്ചു. ആദ്യത്തെ ജസ്യൂട്ട് മാര്‍പാപ്പയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. എന്നാല്‍ ക്രിസ്തുമതത്തിന്റെയും കമ്യൂണിസത്തിന്റെയും പ്രതീകങ്ങള്‍ ചേര്‍ന്ന ഈ സമ്മാനം പ്രകോപനപരമാണെന്ന് ആരോപണമുയര്‍ന്നു. പ്രകോപനവും തമാശയുമാണ് ഇവോ മൊറേലസിന്റെ നടപടിയെന്ന് ബൊളീവിയയിലെ ബിഷപ് ഗൊണ്‍സാലോ ഡെല്‍ കാസ്റ്റിലോ പറഞ്ഞു. എന്നാല്‍ പ്രതീകാത്മകമായ സമ്മാനമാണ് പ്രസിഡന്റ് നല്‍കിയതെന്ന് ബൊളീവിയ വാര്‍ത്താവിനിമയ മന്ത്രി മറിയനെല പാക്കോ പറഞ്ഞു. അരിവാള്‍ കര്‍ഷകനെയും ചുറ്റിക മരപ്പണിക്കാരനെയും സൂചിപ്പിക്കുന്നു. മറ്റ് അര്‍ഥങ്ങളൊന്നുമില്ല. സമ്മാനത്തെക്കുറിച്ച് മാര്‍പാപ്പ അഭിപ്രായമൊന്നും പറഞ്ഞില്ലെന്ന് വത്തിക്കാന്‍ അറിയിച്ചു.
ലോകത്തിന്റെ സമ്പദ്‌വ്യവസ്ഥ അസഹനീയമായ അവസ്ഥയിലായതായി മാര്‍പാപ്പ പ്രസംഗത്തില്‍ പറഞ്ഞു. ഭൂമിയില്ലാതെ ഒട്ടേറെ കര്‍ഷകത്തൊഴിലാളികള്‍, വീടില്ലാതെ അനേകം കുടുംബങ്ങള്‍... ഈ നില മാറണമെന്ന് മാര്‍പാപ്പ പറഞ്ഞു. പരിസ്ഥിതിക്ക് വലിയ നാശമാണ് മനുഷ്യന്‍ വരുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha