പ്രായപൂര്‍ത്തിയാകാത്ത ആഫ്രിക്കന്‍ ഫുട്‌ബോള്‍ താരങ്ങളെ ഏഷ്യയിലേക്ക് കടത്തുന്നു
ആഫ്രിക്കയില്‍ നിന്നും പ്രായപൂര്‍ത്തിയാകാത്ത ഫുട്‌ബോള്‍ താരങ്ങളെ നിയമവിരുദ്ധമായി ഏഷ്യന്‍ രാജ്യങ്ങളിലേക്ക് കടത്തുന്നതായി റിപ്പോര്‍ട്ട്. പതിനെട്ട് വയസ്സില്‍ താഴെയുള്ള താരങ്ങളെ വിദേശ ക്ലബുകളിലേക്കോ അക്കാദമികളിലേക്കോ കൊണ്ടുപോകാന്‍ പാടില്ല എന്ന ഫിഫയുടെ വിലക്ക് കാറ്റില്‍പറത്തിക്കൊണ്ടാണ് ഈ കുട്ടിക്കടത്ത്. ബിബിസിയാണ് ഇത് പുറത്തുക്കൊണ്ടുവന്നത്.
ഏഷ്യന്‍ രാജ്യങ്ങളില്‍ ലാവോസിലേക്കാണ് ഏറ്റവും കൂടുതലായി കുട്ടികളെ കടത്തിക്കൊണ്ടുവരുന്നത്. ചംപാസ്‌ക യുണൈറ്റഡ് ക്ലബില്‍ മാത്രം ആറു കുട്ടികളാണുള്ളത്. എന്നാല്‍ ആരോപണം ക്ളബ് നിഷേധിച്ചു. കുട്ടികളെ കൊണ്ട് നിര്‍ബന്ധിച്ച് കരാറില്‍ ഒപ്പുവയ്ക്കുന്നതായും ആക്ഷേപമുണ്ട്. ഇവരില്‍ അധികവും 14 വയസ്സില്‍ താഴെയുള്ള കുട്ടികളാണ്.
മിക്ക കുട്ടികളെയും കൊണ്ട് ആറു വര്‍ഷം വരെയുള്ള കരാറാണ് നിര്‍ബന്ധിച്ച് ഒപ്പുവയ്പ്പിച്ചിരിക്കുന്നത്. കരാറില്‍ ശമ്പളവും താമസസൗകര്യവും വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും പലര്‍ക്കും പണം കിട്ടിയില്ലെന്ന് മാത്രമല്ല, നരകതുല്യമായ ജീവിതമാണ് നയിക്കുന്നതെന്നും കുട്ടികള്‍ തന്നെ ബിബിസിയോട് വ്യക്തമാക്കി. മുപ്പതോളം കുട്ടികള്‍ക്ക് താമസിക്കാന്‍ നല്‍കിയത് ഒരു മുറിയാണ്.
വാര്‍ത്ത പുറത്തുവന്നതോടെ ക്ലബുകളുമായി ബന്ധപ്പെട്ട് കുട്ടികളുടെ വിവരങ്ങള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് ഫിഫ. കുട്ടികളുടെ സുരക്ഷയും താല്‍പര്യവും സംരക്ഷിക്കുകയാണ് ലക്ഷ്യമെന്ന് ഫിഫ വക്താവ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha