തുര്‍ക്കിയില്‍ ട്വിറ്റര്‍ നിരോധിച്ചു
![](https://www.malayalivartha.com/assets/coverphotos/w330/21691.jpg)
തുര്‍ക്കിയില്‍ ട്വിറ്ററിന് നിരോധനം. തെക്കുകിഴക്കന്‍ തുര്‍ക്കിയിലെ സുറുക്കില്‍ തിങ്കളാഴ്ചയുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ 32 പേര്‍ കൊല്ലപ്പെട്ടതിന്റെ ദൃശ്യങ്ങളും സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കുള്ള ആഹ്വാനങ്ങളും തടയാന്‍ ഉദ്ദേശിച്ചാണിത്.
ഇസ്ലാമിക് സ്‌റ്റേറ്റ് ഗ്രൂപ്പാണു സ്‌ഫോടനത്തിനു പിന്നിലെന്നു സര്‍ക്കാര്‍ ഏജന്‍സികള്‍ വാര്‍ത്ത പുറത്തുവിട്ടിരുന്നു. ഐ.എസ്. അനുകൂലികളെന്നു സംശയിക്കുന്ന 500 പേരെയാണ് ആറു മാസത്തിനിടെ തുര്‍ക്കി തടവിലാക്കിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഐ.എസ്. റിക്രൂട്ട്‌മെന്റ് പുരോഗമിക്കുന്നതായും സര്‍ക്കാര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
അതിനിടെ, ബോംബാക്രമണങ്ങള്‍ തടയാന്‍ സര്‍ക്കാരിനു കഴിയുന്നില്ലെന്ന ആരോപണവുമായി പ്രക്ഷോഭകര്‍ രംഗത്തിറങ്ങുമെന്ന ഭയമാണ് ട്വിറ്റര്‍ വിലക്കിന് ഇടയാക്കിയത്. ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ നല്‍കുന്നതില്‍നിന്നു മാധ്യമങ്ങളെ സുറുക്ക് കോടതി വിലക്കിയിരുന്നു. സ്‌ഫോടനത്തിനു ശേഷമുള്ള 107 ചിത്രങ്ങള്‍ എടുത്തുകളയാന്‍ ട്വിറ്ററിനോട് സര്‍ക്കാര്‍ ആവശ്യപ്പെടുകയും ചെയ്തു.
നേരത്തെ ഇസ്താംബൂളിലെ കോര്‍ട്ട്ഹൗസിലുണ്ടായ ബന്ദിനാടകത്തെത്തുടര്‍ന്നും തുര്‍ക്കി ട്വിറ്ററും യൂട്യൂബും നിരോധിച്ചിരുന്നു. അതീവ രഹസ്യമായി നടന്ന സുരക്ഷായോഗത്തിന്റെ ഓഡിയോ റെക്കോഡിങ് ചോര്‍ന്നതോടെ സോഷ്യല്‍ മീഡിയയ്ക്കു വിലക്കായി. എന്നാല്‍, ഈ വിലക്കുകള്‍ ഭരണഘടനാ വിരുദ്ധമായതിനാല്‍ രാജ്യത്തെ പരമോന്നത കോടതി അവ റദ്ദാക്കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha