വനിതാ അവതാരകര്‍ ടെലിവിഷനുകളില്‍ പരിപാടി അവതരിപ്പിക്കുകയാണെങ്കില്‍ മുഖം മറച്ച് വേണം... സ്ത്രീകള്‍ക്കെതിരെ പുതിയ ഉത്തരവ് പുറപ്പെടുവിച്ച് താലിബാന്‍ സര്‍ക്കാര്‍
അഫ്ഗാനിസ്ഥാനില്‍ പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ മുഖം മറയ്ക്കണമെന്ന നിര്‍ദേശത്തിന് പിന്നാലെ സ്ത്രീകള്‍ക്കെതിരെ പുതിയ ഉത്തരവ് പുറപ്പെടുവിച്ച് താലിബാന്‍ സര്‍ക്കാര്‍. വനിതാ അവതാരകര്‍ പരിപാടി അവതരിപ്പിക്കുമ്പോള്‍ മുഖം മറയ്ക്കണമെന്ന് ആവശ്യപ്പെട്ടതായി 'ടോളോ ന്യൂസ്' ട്വീറ്റ് ചെയ്തു. പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ മുഖം മറയ്ക്കണമെന്ന നിര്‍ദേശം വന്നു ദിവസങ്ങള്‍ക്കകമാണ് നിയമം ചാനലുകളിലേക്കും വ്യാപിപ്പിച്ചത്.
ഉത്തരവില്‍ അഫ്ഗാനിസ്ഥാനിലെ വനിതാ അവതാരകര്‍ അസ്വസ്ഥരാണ്. 'ഇനി എന്ത് ചെയ്യണമെന്നറിയില്ല, ജോലി ചെയ്യാനുള്ള ഞങ്ങളുടെ അവകാശത്തിനായി അവസാനം വരെ പോരാടാന്‍ തയ്യാറായിരുന്നു. പക്ഷേ അവര്‍ ഞങ്ങളെ അംഗീകരിക്കുന്നില്ല' ടോളോ ന്യൂസ് ജേണലിസ്റ്റ് തെഹ്മിന പറയുന്നു. താലിബാന്റെ പുതിയ ഉത്തരവിനെ നിരവധി പേര്‍ അപലപിക്കുകയും വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്യുന്നുണ്ട്.
സ്‌ക്രീനില്‍ നിന്ന് സ്ത്രീകളെ മാറ്റാന്‍ താലിബാന്‍ ശ്രമിക്കുകയാണെന്ന് ഐക്യരാഷ്ട്രസഭയിലെ ഗ്ലോബല്‍ കമ്മ്യൂണിക്കേഷന്‍സ് അണ്ടര്‍ സെക്രട്ടറി ജനറല്‍ മെലിസ്സ ഫ്‌ലെമിങ് ആരോപിച്ചു. 'വിദ്യാസമ്പന്നയായ സ്ത്രീയെ താലിബാന്‍ ഭയപ്പെടുന്നു. ആദ്യം സ്‌കൂള്‍ കുട്ടികളുടെ പഠനം നിര്‍ത്തി, ഇപ്പോള്‍ മാധ്യമങ്ങളെ ലക്ഷ്യമിടുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങളെ മാനിക്കണമെന്ന് താലിബാനോട് അഭ്യര്‍ത്ഥിക്കുന്നു.' മെലിസ്സ ഫ്‌ലെമിങ് ട്വീറ്റ് ചെയ്തു.
ഉത്തരവ് താലിബാന്റെ അവസാന വാക്കാണെന്നും ഇക്കാര്യത്തില്‍ ഇനി ചര്‍ച്ചയുണ്ടാകില്ലെന്നുമാണ് വാര്‍ത്ത പുറത്തുവിട്ട അഫ്ഗാനിലെ പ്രശസ്ത മാധ്യമ സ്ഥാപനമായ ടൊളോ ന്യൂസ് വ്യക്തമാക്കുന്നത്. രാജ്യത്തെ എല്ലാ മാധ്യമ സ്ഥാപനങ്ങള്‍ക്കും താലിബാന്‍ ഈ പ്രസ്താവന നേരിട്ട് അയച്ചുവെന്നാണ് വിവരം. തീരുമാനത്തെത്തുടര്‍ന്ന് രാജ്യത്തെ നിരവധി വനിതാ മാധ്യമ പ്രവര്‍ത്തകര്‍ അവരുടെ മുഖം മറച്ച് പരിപാടി അവതരിപ്പിക്കുന്ന ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha