ഡോൺബാസ് വളഞ്ഞു.. സെലൻസ്കിയുടെ ചിറകുകൾ അരിഞ്ഞു വീഴ്ത്തി വിജയമുറപ്പിച്ച് പുടിൻ പട
കിഴക്കൻ മേഖലയിലെ ഡോൺബാസിൽ റഷ്യയുടെ ആക്രമണം രൂക്ഷമായി തുടരുന്നതിനിടെ, ഏതെങ്കിലും പ്രദേശങ്ങൾ വിട്ടുകൊടുക്കുന്നതിനോ വെടിനിർത്തലിനോ ഉള്ള സാധ്യത യുക്രെയ്ൻ തള്ളി. നാളെ റഷ്യൻ ആക്രമണം മൂന്നു മാസം പിന്നിടുകയാണ്.റഷ്യൻ അനുകൂല വിമതർക്കു സ്വാധീനമുള്ള ഡോൺബാസിൽ യുക്രെയ്ൻ സേനയുടെ ശക്തികേന്ദ്രമായ സീവറോഡോണെറ്റ്സ്ക് നഗരം റഷ്യ നാലുവശത്തുനിന്നും വളഞ്ഞു. ഡോൺബാസിൽ സ്ഥിതി അതീവ പ്രയാസകരമാണെന്നും കൂടുതൽ ആയുധങ്ങൾ നൽകണമെന്നും പാശ്ചാത്യശക്തികളോട് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റ് ജോ ബൈഡൻ യുക്രെയ്ൻ 4000 കോടി ഡോളറിന്റെ സഹായം പ്രഖ്യാപിച്ചിരുന്നു. യുക്രെയ്ൻ ജനതയ്ക്കു മാത്രമാണു രാജ്യത്തിന്റെ ഭാവി നിശ്ചയിക്കാൻ അവകാശമെന്നു യുക്രെയ്ൻ പാർലമെന്റിൽ പോളണ്ട് പ്രസിഡന്റ് ആന്ദ്രേ ഡുഡ പറഞ്ഞു. യുദ്ധം ആരംഭിച്ചശേഷം പാർലമെന്റ് സന്ദർശിക്കുന്ന ആദ്യ വിദേശ നേതാവാണ്.
കിഴക്കൻ ഡോൺബാസ് മേഖല പിടിച്ചെടുക്കാൻ റഷ്യ ഊർജിത ശ്രമം നടത്തുന്നതിനിടെ വെടിനിർത്തലിനില്ലെന്ന് യുക്രെയ്ൻ. തങ്ങളുടെ പ്രദേശം വിട്ടുകൊടുത്തുള്ള ഒരു ഒത്തുതീർപ്പിനും ഇല്ലെന്നാണ് യുക്രെയ്ന്റെ നിലപാട്. മരിയുപോൾ പിടിച്ചെടുത്തതുപോലെ ഡോൺബാസിലും എല്ലാ വശവും വളഞ്ഞ് യുക്രെയ്ൻ സൈനികരെ ബന്ദിയാക്കാനുള്ള നീക്കമാണോ റഷ്യ നടത്തുന്നതെന്ന സംശയം ഉയരുന്നു.
ഡോൺബാസിലെ രണ്ടു പ്രവിശ്യകളിലൊന്നായ ലുഹാൻസ്കിനു നേർക്കാണ് റഷ്യ ആക്രമണം കടുപ്പിച്ചിരിക്കുന്നത്. റഷ്യയുടെ അധിനിവേശം ആരംഭിക്കുന്നതിനു മുൻപുതന്നെ ലുഹാൻസ്ക്, മറ്റൊരു പ്രവിശ്യയായ ഡോണെറ്റ്സ്ക് എന്നിവിടങ്ങളിലെ ചില പ്രദേശങ്ങൾ റഷ്യൻ പിന്തുണയോടെ വിമതരുടെ നിയന്ത്രണത്തിലായിരുന്നു. ഇതു പൂർണമായി പിടിച്ചെടുക്കാനാണ് റഷ്യയുടെ നീക്കം.
ഇതിനിടെ യുക്രെയ്നിനു കൂടുതൽ സഹായമെത്തിക്കാനുള്ള ശ്രമത്തിലാണ് പാശ്ചാത്യരാജ്യങ്ങൾ. 950 കോടി ഡോളറിന്റെ സഹായം കൂടി നൽകാൻ ജി7 രാജ്യങ്ങൾ തീരുമാനിച്ചു. 4000 കോടി ഡോളറിന്റെ സഹായം യുഎസ് അനുവദിച്ചു. യൂറോപ്യൻ യൂണിയൻ 950 കോടി ഡോളറിന്റെ വായ്പ നൽകും. യുക്രെയ്നിലേക്കുള്ള ഭക്ഷ്യസഹായം തടയുന്ന റഷ്യയുടെ പടക്കപ്പലുകൾ തകർക്കുന്നതിനായി മിസൈലുകൾ നൽകാനും യുഎസ് നീക്കം തുടങ്ങി. ജർമനി യുദ്ധടാങ്കുകളും ഹവിറ്റ്സർ തോക്കുകളും നൽകും.
യുക്രെയ്നിൽ നിന്ന് പലായനം ചെയ്ത 60 ലക്ഷം പേരും രാജ്യത്തിനകത്ത് ഭവനരഹിതരാക്കപ്പെട്ട 80 ലക്ഷം പേരും അടക്കം ലോകത്ത് ആകെ അഭയാർഥികളുടെ എണ്ണം 8.4 കോടി കടന്നുവെന്ന് ഐക്യരാഷ്ട്ര സംഘടന അഭയാർഥി കമ്മിഷൻ വ്യക്തമാക്കി.
https://www.facebook.com/Malayalivartha