ബസേലിയോസ് മാര്‍ ക്ലീമിസ് കര്‍ദിനാളായി അഭിഷേകം ചെയ്യപ്പെട്ടു
മലങ്കര കത്തോലിക്കാസഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പ് ബസേലിയോസ് മാര്‍ ക്ലീമിസ് കര്‍ദിനാളായി അഭിഷേകം ചെയ്യപ്പെട്ടു. സെന്‍റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടന്ന ചടങ്ങില്‍ മാര്‍ ക്ലിമീസിനോടൊപ്പം കത്തോലിക്കാസഭയിലെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള അഞ്ച് ബിഷപ്പുമാരേയും മാര്‍പാപ്പ ഈ അത്യുന്നതപദവിയിലേക്ക് ഉയര്‍ത്തി. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് മൂന്നരയ്ക്കാണ് അഭിഷേകചടങ്ങുകള്‍ തുടങ്ങിയത്. ലോകത്തെ ഏറ്റവും പ്രായംകുറഞ്ഞ കര്‍ദിനാളാണ് 53 കാരനായ ക്ലീമിസ് കാതോലിക്കാ ബാവ.
വിശ്വാസ പ്രഖ്യാപനത്തിന്റെയും പുതിയ ഉടമ്പടിയുടെയും സങ്കീര്‍ത്തനങ്ങള്‍ മുഴങ്ങിയ സ്ഥാനാരോഹണ ചടങ്ങില്‍ പാരമ്പര്യത്തിന്റെ മുടിത്തൊപ്പിയും ഉയര്‍ന്നുനിന്നു. സാധാരണ കര്‍ദിനാള്‍മാര്‍ ചുവന്ന് പരന്ന തൊപ്പിയാണ് സ്ഥാനചിഹ്നമായി ലഭിച്ചപ്പോള്‍ മലങ്കര കത്തോലിക്കാസഭ പിന്തുടരുന്ന അന്ത്യോഖ്യന്‍ പാരമ്പര്യവും ആചാര, അനുഷ്ഠാന രീതിയും കൈവിടാതെയുള്ള അന്ത്യോഖ്യന്‍ രീതിയനുസരിച്ചുള്ള കറുത്ത കൂമ്പന്‍ മുടിത്തൊപ്പിയാണ് മാര്‍ ക്ലിമിസിന് ലഭിച്ചത്. തൊപ്പിയില്‍ കര്‍ദിനാള്‍ സ്ഥാനത്തെ സൂചിപ്പിച്ച് ചുവന്ന പാളികള്‍ മുകള്‍ഭാഗത്ത് ചേര്‍ത്തിട്ടുണ്ട്. തൊപ്പിയുടെ അടിഭാഗത്തുംചുവന്ന നൂല്‍ വൃത്താകൃതിയില്‍ അതിരിടുന്നു.
അന്ത്യോഖ്യന്‍ രീതിയില്‍ മേല്‍പ്പട്ടക്കാരുടെ ശിരോവസ്ത്രമായ മസനപ്‌സയിലും ചെറിയ മാറ്റം വരുത്തിയാണ് മാര്‍ ക്ലിമിസ് ഉപയോഗിച്ചത്. കറുത്ത തുണിയില്‍ 12 വെള്ള കുരിശാണ് ഇരുഭാഗത്തുമായി മസനപ്‌സയിലുള്ളത്. വെള്ളയ്ക്കുപകരം കര്‍ദിനാളിന്റെ ചുവപ്പ് നിറം ഈ കുരിശുകള്‍ക്ക് നല്‍കും. ക്രിസ്തുവിന്റെ 12 ശിഷ്യന്മാരെ സ്മരിച്ചാണ് ഇത്രയും കുരിശുകള്‍ ശിരോവസ്ത്രത്തില്‍ ചേര്‍ത്തിരിക്കുന്നത്.
സാധാരണ മാര്‍ ക്ലീമിസ് ധരിക്കുന്ന കാവി ക്കുപ്പായത്തിന് പുറമെ പൗരസ്ത്യ രീതിയിലുള്ള കറുത്ത മേല്‍ക്കുപ്പായവും അണിഞ്ഞിരുന്നു. പ്രാര്‍ത്ഥനാമധ്യേ തൊപ്പിയും മോതിരവും മാര്‍പാപ്പ കര്‍ദിനാളിനെ അണിയിച്ചു.
വിവിധ മത, സാമുദായിക വിഭാഗങ്ങളുടെ നേതാക്കള്‍ കര്‍ദിനാള്‍ വാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കാന്‍ റോമിലെത്തിയിരുന്നു.രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ. പി.ജെ. കുര്യന്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക ഇന്ത്യന്‍ സംഘം ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിച്ചു. വ്യോമയാന സഹമന്ത്രി കെ.സി. വേണുഗോപാല്‍, എം. പിമാരായ ജോസ് കെ. മാണി, ഇ.ടി. മുഹമ്മദ് ബഷീര്‍, കോണ്‍ഗ്രസ് നേതാവ് ജോണ്‍സണ്‍ എബ്രഹാം എന്നിവരാണ് സംഘത്തിലുള്ളത്.
മലങ്കര കത്തോലിക്കാ സഭയുടെ 82 വര്‍ഷത്തെ ചരിത്രത്തിനിടെ ആദ്യമായാണ് കര്‍ദിനാള്‍ പദവിയിലേക്ക് ഒരാള്‍ ഉയര്‍ത്തപ്പെടുന്നത്. കത്തോലിക്കാ സഭയുടെ പരമോന്നത പദവിയിലെത്തുന്ന അഞ്ചാമത്തെ മലയാളിയാണ് ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. ഇതോടെ മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നതിനുള്ള മെത്രാന്‍ സംഘത്തില്‍ മാര്‍ ക്ലീമിസിന് ഇടം ലഭിക്കും.
https://www.facebook.com/Malayalivartha