ഭക്ഷണത്തില്‍ പാറ്റ; പാകിസ്താന്‍ പാര്‍ലമെന്റിലെ ഭക്ഷണ ശാലകള്‍ അടച്ചു പൂട്ടി
പാകിസ്താന്‍ പാര്‍ലമെന്റിലെ ഭക്ഷണ ശാലകള്‍ അടച്ചു പൂട്ടി. ഭക്ഷണത്തില്‍ നിന്നും പാറ്റയെ കിട്ടിയതിനെ തുടര്‍ന്നാണ് ഭക്ഷണ ശാലകള്‍ അടച്ചു പൂട്ടിയത്. സംഭവത്തില്‍ പാര്‍ലമെന്റ് അംഗങ്ങള്‍ ജില്ലാ ഭരണകൂടത്തിന് പരാതി നല്‍കി.
പാര്‍ലമെന്റില്‍ പ്രവര്‍ത്തിച്ചിരുന്ന രണ്ട് ഭക്ഷണ ശാലകളാണ് അടച്ചു പൂട്ടിയത്. ഏറെ നാളായി ഇവിടെ നിന്നും ലഭിച്ചിരുന്നത് ഗുണനിലവാരം ഇല്ലാത്ത ഭക്ഷണമായിരുന്നു. ഇതേ തുടര്‍ന്ന് ഇവിടെ നിന്നും ഭക്ഷണം കഴിക്കുന്നത് ചില പാര്‍ലമെന്റ് അംഗങ്ങള്‍ നിര്‍ത്തിയിരുന്നു. കഴിഞ്ഞ ദിവസം ഭക്ഷണ ശാലകളില്‍ നിന്നും കഴിച്ചവര്‍ക്ക് പാറ്റകളെ കിട്ടി.
പാര്‍ലമെന്റ് അംഗങ്ങളുടെ പരാതിയില്‍ അധികൃതര്‍ ഭക്ഷണ ശാലകളില്‍ പരിശോധന നടത്തി. പരിശോധനയില്‍ വൃത്തി ഹീനമായ സാഹചര്യത്തിലാണ് ഭക്ഷണ ശാലകള്‍ പ്രവര്‍ത്തിക്കുന്നത് എന്ന് വ്യക്തമാകുകയായിരുന്നു. ഇതോടെ അധികൃതര്‍ അടച്ചു പൂട്ടുകയായിരുന്നു.
ഇത് ആദ്യമായല്ല പാര്‍ലമെന്റിലെ ഭക്ഷണ ശാലയില്‍ നിന്നും അംഗങ്ങള്‍ക്ക് പാറ്റയെ ലഭിക്കുന്നത്. ഇതിന് മുന്‍പ് ഭക്ഷണത്തോടൊപ്പം വിളമ്പിയ കെച്ചപ്പില്‍ നിന്നും പാറ്റയെ കിട്ടിയിരുന്നു.
https://www.facebook.com/Malayalivartha