ജെറ്റ് ഇന്ധന വില 12 ശതമാനം കുറച്ച പശ്ചാത്തലത്തിൽ വിമാന യാത്രയ്ക്ക് ചെലവ് കുറയും
അന്താരാഷ്ട്ര എണ്ണവിലയിലെ ഇടിവിനെ തുടർന്ന് ജെറ്റ് ഇന്ധന വില 12 ശതമാനം കുറച്ച പശ്ചാത്തലത്തിൽ വിമാനയാത്രയ്ക്ക് ചെലവ് കുറയും. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ വിജ്ഞാപനമനുസരിച്ച്, ഡൽഹിയിൽ ഏവിയേഷൻ ടർബൈൻ ഇന്ധനത്തിന്റെ വില കിലോലിറ്ററിന് 1.21 ലക്ഷം രൂപയാകും. നേരത്തേ കിലോലിറ്ററിന് 138,147.93 രൂപയായിരുന്നു ഈടാക്കിയിരുന്നത്.
ഈ വർഷം ആരംഭിച്ചതിന് ശേഷം 11 തവണ നിരക്ക് വർധിപ്പിച്ചിരുന്നു. ആറുമാസത്തിനുള്ളിൽ നിരക്ക് ഏകദേശം ഇരട്ടിയായിരുന്നു. ഒരു വിമാനക്കമ്പനിയുടെ പ്രവർത്തനച്ചെലവിന്റെ ഏകദേശം 40 ശതമാനവും ജെറ്റ് ഇന്ധനമായതിനാൽ, വിലയിലെ വർദ്ധനവ് വിമാനത്തിന്റെ ചെലവ് വർധിപ്പിക്കുന്നതിന് കാരണമായി. ഇതിനാണ് ഇപ്പോൾ നേരിയ ആശ്വാസം ഉണ്ടായിരിക്കുന്നത്. ഇതോടെ വിമാന ടിക്കറ്റിന്റെ നിരക്കും കുറഞ്ഞേക്കും.
റഷ്യ-യുക്രൈന്‍ യുദ്ധം മൂലം ഏവിയേഷൻ ടർബൈൻ ഇന്ധനത്തിന്റെ വില ഉയരുന്നത് ഇന്ത്യൻ വിമാനക്കമ്പനികളുടെ ലാഭക്ഷമതയെ ദോഷകരമായി ബാധിച്ചിരുന്നു. ഇന്ധനത്തിന് മാത്രമായി വരുമാനത്തിന്റെ വലിയൊരു പങ്ക് ചെലവഴിക്കേണ്ടി വന്നതോടെ വിമാന കമ്പനികൾ നിരക്ക് ഉയർത്തിയിരുന്നു.
https://www.facebook.com/Malayalivartha