സിറിയയ്‌ക്കെതിരെ മിസൈല്‍ ആക്രമണം നടന്നതായി റിപ്പോര്‍ട്ട്
മെഡിറ്ററേനിയന്‍ കടലില്‍ സിറിയയ്‌ക്കെതിരെ മിസൈല്‍ പ്രയോഗം നടന്നതായി റഷ്യ. റഡാറില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ റഷ്യന്‍ പ്രതിരോധമന്ത്രാലയമാണ് ഇക്കാര്യം പുറത്തുവിട്ടത്. കിഴക്കന്‍ സിറിയയിലെ ഇറാഖ് അതിര്‍ത്തിയോടു ചേര്‍ന്ന പ്രദേശത്താണ് ആക്രമണമുണ്ടായത്. മെഡിറ്ററേനിയന്‍ കടലിലുള്ള അമേരിക്കന്‍ യുദ്ധക്കപ്പലുകളില്‍ നിന്നാണ് മിസൈല്‍ പ്രയോഗിച്ചതെന്നാണ് അഭ്യൂഹം. സിറിയന്‍ ടെലിവിഷനും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
ആരാണ് മിസൈല്‍ പ്രയോഗിച്ചതെന്ന കാര്യത്തില്‍ റഷ്യയും മൗനം പാലിക്കുകയാണ്. മിസൈല്‍ പ്രയോഗത്തിന്റെ വിശദാംശങ്ങള്‍ റഷ്യന്‍ പ്രതിരോധമന്ത്രി സെര്‍ജി ഷൊയീഗു പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനെ അറിയിച്ചു. മോസ്‌കോ പ്രാദേശിക സമയം രാവിലെ 10.16 നാണ് മിസൈല്‍ പ്രയോഗം ഉണ്ടായതെന്നാണ് റഷ്യ വ്യക്തമാക്കിയിരിക്കുന്നത്.
ഇന്നാല്‍ ഇക്കാര്യങ്ങള്‍ അമേരിക്ക നിഷേധിച്ചു. അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ നടത്തിയ അഭ്യാസപ്രകടനങ്ങള്‍ തെറ്റിദ്ധാരണയുണ്ടാക്കിയതാകാം എന്നാണ് അമേരിക്ക പറയുന്നത്.
ഓഗസ്റ്റ് 21ന് സിറിയയില്‍ വിമതര്‍ക്ക് നേരെ രാസായുധപ്രയോഗമുണ്ടായെന്ന വാര്‍ത്തകളെ തുടര്‍ന്നാണ് സൈനിക നടപടി ലക്ഷ്യമിട്ട് അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ മെഡിറ്ററേനിയന്‍ കടലിലേക്ക് നീങ്ങിയത്. എന്നാല്‍ ആക്രമണത്തിനെതിരേ ബ്രട്ടീഷ് പാര്‍ലമെന്റ് നിലപാട് സ്വീകരിച്ചതോടെ തിടുക്കപ്പെട്ട നീക്കത്തില്‍ നിന്ന് അമേരിക്ക പിന്‍മാറിയിരുന്നു. എന്നാല്‍ സിറിയയില്‍ ഉടന്‍ സൈനിക നടപടി വേണം എന്ന് ഫ്രാന്‍സും സിറിയന്‍ പ്രതിപക്ഷവും ആവശ്യപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha