അല്‍ഷിഫ ആശുപത്രി ഐഡിഎഫ് സങ്കേതമാകുന്നു;ഉടന്‍ ഒഴിഞ്ഞുപോകാന്‍ രോഗികള്‍ക്കും ഡോക്ടര്‍മാര്‍ക്കും നിര്‍ദ്ദേശം,രോഗികളെ ഒഴിപ്പിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യില്ലെന്ന് ഡോക്ടര്‍മാര്‍,ഇസ്രയേല്‍ നടപടിയില്‍ രോഷത്തില്‍ ഐക്യരാഷ്ട്രസഭ,നെതന്യാഹു ഇതിന് മറുപടി പറയേണ്ടി വരുമെന്ന് ഖത്തര്‍
ഉടന്‍ ഒഴിഞ്ഞുപോകണം അല്‍ഷിഫ ആശുപത്രിയിലുള്ളവരോട് കടുപ്പിച്ച് ഐഡിഎഫ്. ആശുപത്രിയിലെ ഡോക്ടര്‍മാരും, രോഗികളും, അഭയാര്‍ത്ഥികളായെത്തിയവരും ഒഴിഞ്ഞുപോകണമെന്നാണ് ഇസ്രയേല്‍ ഭീഷണി മുഴക്കിയിരിക്കുന്നത്. അല്‍ശിഫ ആശുപത്രിക്കുള്ളിലെ ഡോക്ടര്‍ ന്യൂസ് ചാനലായ അല്‍ ജസീറയെയാണ് ഇക്കാര്യം അറിയിച്ചത്. ഒരു മണിക്കൂര്‍ കൊണ്ട് ആശുപത്രി പൂര്‍ണമായും ഒഴിപ്പിക്കാന്‍ കഴിയില്ലെന്നും രോഗികളെ മാറ്റാന്‍ ആംബുലന്‍സ് ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ആശുപത്രിയിലില്ലെന്നും ഡോക്ടര്‍ അറിയിച്ചു. അല്‍റാഷിദ് സ്ട്രീറ്റിലൂടെ ആളുകള്‍ ഒഴിഞ്ഞ് പോകണമെന്നാണ് അന്ത്യശാസനം. ഗാസയിലെ തെക്കന്‍ ഭാഗങ്ങളിലേക്ക് പോകാന്‍ പലസ്തീനികള്‍ സാധാരണയായി ഉപയോഗിക്കുന്ന പാതയല്ല ഇത്. സലാഹുദ്ദീന്‍ സ്ട്രീറ്റ് വഴിയാണ് പലസ്തീനികള്‍ തെക്കന്‍ ഗാസയിലേയ്ക്ക് പോവുന്നത്. ഇസ്രയേലിന്റെ ഭീഷണി പരിഭ്രാന്തിയും ഭയവും സൃഷ്ടിക്കുന്നതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നു. അല്‍ഷിഫയിലുള്ളവരില്‍ 300 രോഗികളെങ്കിലും, ഗുരുതരമായ അപകടാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്നവരാണ്. കൂടാതെ ആയിരക്കണക്കിന് കുടിയിറക്കപ്പെട്ട കുടുംബങ്ങളും, ഇവിടെയുണ്ട്.
ഓക്‌സിജന്റെ അഭാവവും വൈദ്യുതിയുടെ അഭാവവും കാരണം ഇതിനകം എട്ട് ദിവസമായി ഇന്‍കുബേറ്ററുകളില്‍ നിന്ന്, മാറ്റിയ മാസം തികയാത്ത കുഞ്ഞുങ്ങളും ഇവിടെ കഴിയുന്നുണ്ട്. ഇന്‍കുബേറ്ററില്ലാതെ ഇവര്‍ക്ക് അതിജീവിക്കാന്‍ കഴിയില്ല. എന്നാല്‍ വൈദ്യുതി വിതരണം തടസപ്പെട്ടതിനാല്‍ ഇവരുടെ നിലനില്‍പ് തന്നെ ഭീഷണിയിലായിരുന്നു. ആശുപത്രിയില്‍ നിന്ന് കുഞ്ഞുങ്ങളെ സുരക്ഷിതമായി മാറ്റാന്‍ ബാറ്ററികളില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ക്യുബേറ്ററുകള്‍ നല്‍കാന്‍ സന്നദ്ധമാണെന്ന് ഇസ്രയേല്‍ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. എന്നാല്‍ അതിനുള്ള നടപടികളൊന്നും ഇസ്രയേലിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്ന് ഗാസ ആരോഗ്യമന്ത്രാലയം വക്താവ് അഷ്‌റഫ് അല്‍ ക്വിഡ്ര പറഞ്ഞു. കുഞ്ഞുങ്ങളുടെ ജീവന്‍ നിലനിര്‍ത്താനായി അവരെ സെല്ലോഫേനില്‍ പൊതിഞ്ഞുവെക്കേണ്ട സ്ഥിതി പോലും വന്നുചേര്‍ന്നതായി അല്‍ ശിഫ ഡയറക്ടര്‍ അബു സാല്‍മിയ ശനിയാഴ്ച വ്യക്തമാക്കി.
ഐസിയുവില്‍ കഴിഞ്ഞ മുഴുവന്‍ രോഗികളും മരിച്ചിരുന്നു. അഞ്ചുപേര്‍ ഇപ്പോള്‍ ഗുരുതരാവസ്ഥയിലാണ്. ഇന്ധനത്തിന്റെ അഭാവം കാരണം ഗാസ നഗരത്തിലും വടക്കന്‍ ഭാഗങ്ങളിലും ഗതാഗത മാര്‍ഗങ്ങളില്ല. അതിനാല്‍ ആളുകളെ കാല്‍നടയായി ഒഴിപ്പിക്കുമെന്നാണ് കരുതുന്നത്. ഇത്രയും ആളുകളെ കാല്‍നടയായി ഒഴിപ്പിക്കുന്നത് അസാധ്യമാണെന്നും ഷിഫയിലെ ഡോക്ടര്‍മാര്‍ പറയുന്നു. ഇസ്രായേല്‍ നല്‍കിയ സമയപരിധി കഴിഞ്ഞാലും രോഗികളെ ഒഴിപ്പിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യില്ലെന്ന് ഡോക്ടര്‍മാര്‍ ഇസ്രായേല്‍ സൈന്യത്തോട് പറഞ്ഞിട്ടുണ്ടെന്നും ആശുപത്രിക്കുള്ളില്‍ കുടിയിറക്കപ്പെട്ട കുടുംബങ്ങളൊന്നും ഇതുവരെ വിട്ടുപോയിട്ടില്ലെന്നും പ്രാദേശിക ലേഖകനായ എല്‍സെയ്ദ് പറഞ്ഞു. ഇസ്രായേല്‍ സൈന്യം ഈ രോഗികളെ അല്‍ഷിഫയില്‍ നിന്ന് കൊണ്ടുപോകാന്‍ ആംബുലന്‍സുകള്‍ നല്‍കാത്തിടത്തോളം കാലം, രോഗികളോ, ഡോക്ടര്‍മാരോ ഒഴിയില്ലെന്ന് മെഡിക്കല്‍ പ്രൊഫഷണലുകള്‍ പറഞ്ഞതായി അവര്‍ പറഞ്ഞു. എന്നാല്‍ ഡോക്ടര്‍മാരോട് ഇസ്രായേല്‍ സൈന്യം പ്രതികരിച്ചിട്ടില്ല.
അല്‍ഷിഫയില്‍ ഹമാസ് തുരങ്കങ്ങളില്ലെന്ന് സമ്മതിക്കേണ്ടി വന്നത് ഇസ്രയേലിന് കനത്ത തിരിച്ചടി ഉണ്ടാക്കിയിരിക്കുകയാണ്. അതിന്റെ കൂടെയാണ് ഐഡിഎഫ് ഇപ്പോല്‍ കടുപ്പിച്ചിരിക്കുന്നത്. ഇത് ലോകരാഷ്ട്രങ്ങളെ ചൊടിപ്പിച്ചിട്ടുണ്ട്. ഹമാസിനോടുള്ള യുദ്ധവെറിയില്‍ നെതന്യാഹു അതിരുകടക്കുന്നുവെന്ന വാദം ഉയരുന്നു. ഇതൊരിക്കലും ഇസ്രയേലിന് നല്ലതിനല്ല എന്നാണ് മുന്നറിയിപ്പ്. ആശുപത്രിക്കകത്തെ രോഗികളെ ഹമാസ് കവചമാക്കുകയാണെന്ന ആരോപണം സാധൂകരിക്കുന്ന തെളിവുകള്‍ നല്‍കാന്‍ കഴിയാത്തതിനാല്‍ ഇസ്രയേലിനുമേല്‍ സമ്മര്‍ദം ശക്തമാണ്. ആശുപത്രിക്കുള്ളില്‍ അതിക്രമിച്ച് കയറിയ ഇസ്രയേല്‍ സേനയുടെ നടപടിയില്‍ ഐക്യരാഷ്ട്രസഭയും റെഡ് ക്രോസും ആശങ്കയറിയിച്ചിട്ടുണ്ട്. നടപടി ന്യായീകരിക്കാന്‍ പറ്റാത്തതാണെന്ന് പ്രതികരിച്ച യു.എന്‍ വക്താവ് ഗാസയിലെ ഇസ്രയേല്‍ സൈനിക നടപടി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇസ്രയേല്‍ സൈന്യം ആശുപത്രികളെ ലക്ഷ്യം വെയ്ക്കുന്നതില്‍ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ അടിയന്തര അന്വേഷണം നടത്തണമെന്നാണ് ഖത്തര്‍ ആവശ്യപ്പെട്ടത്. ആശുപത്രി അതിക്രമത്തിന് പിന്നാലെ വിഷയത്തില്‍നിന്ന് അകലം പാലിക്കുകയാണ് അമേരിക്ക. ഹമാസ് താവളമെന്ന ഇസ്രയേലിന്റെ ആരോപണത്തെ തങ്ങള്‍ ശരിവെച്ചിട്ടില്ലെന്നും യു.എസ്. പ്രതികരിച്ചു.
തുര്‍ക്കിയും ശക്തമായ വിമര്‍ശനവുമായി രംഗത്തുവന്നിട്ടുണ്ട്. ഇസ്രയേല്‍ ഒരു തീവ്രവാദ രാഷ്ട്രമാണെന്ന് അഭിപ്രായപ്പെട്ട തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍, ന്യായീകരിക്കാന്‍ സാധിക്കാത്ത നടപടികളിലൂടെ ഇസ്രയേലിനെ ഒരു തീവ്രവാദ രാഷ്ടമാക്കാനാണ് ഭരണകൂടം ശ്രമിക്കുന്നതെന്നും ആരോപിച്ചു. ഒക്ടോബര്‍ ഏഴിലെ ഹമാസ് ആക്രമണത്തിന് പിന്നാലെ ഇസ്രയേലിലെ നയതന്ത്രജ്ഞരെ തുര്‍ക്കി തിരിച്ചുവിളിച്ചിരുന്നു. ഗാസയില്‍ കൊല്ലപ്പെടുന്ന കുഞ്ഞുങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെ കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും നിശിതവിമര്‍ശനവുമായി രംഗത്തുവന്നിരുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനവുല്‍ മക്രോണും ഗാസയിലെ ഇസ്രയേല്‍ നടപടിയെ വിമര്‍ശിച്ചു. വടക്കന്‍ ഗാസയിലെ ആശുപത്രികളില്‍നിന്ന് രോഗികളെ നിര്‍ബന്ധപൂര്‍വം ഒഴിപ്പിക്കുന്നത് വധശിക്ഷയ്ക്കുതുല്യമാണെന്ന് ലോകാരോഗ്യസംഘടന പറഞ്ഞു.
സംഘര്‍ഷ കാലങ്ങളില്‍ ആശുപത്രികള്‍ക്കും പ്രത്യേക സംരക്ഷണം നല്‍കണമെന്നാണ് അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍ പറയുന്നത്. എന്നാല്‍ ശത്രുപക്ഷത്തുള്ളവര്‍ ആശുപത്രികളിളെ രക്ഷയ്ക്കായി ഉപയോഗപ്പെടുത്തുകയോ യുദ്ധത്തിനുള്ള ആയുധങ്ങള്‍ സൂക്ഷിക്കുകയോ ചെയ്താല്‍ ആശുപത്രികള്‍ക്ക് ഈ പ്രത്യേക സംരക്ഷണം ലഭിക്കില്ലെന്നാണ് ഇന്റര്‍നാഷണല്‍ കമ്മിറ്റി ഓഫ് ദി റെഡ് ക്രോസ് (ഐ.സി.ആര്‍.സി.) വ്യക്തമാക്കുന്നത്. എന്നാല്‍ ഇത്തരം സാഹചര്യങ്ങളില്‍ ആക്രമിക്കുന്നതിന് മുന്‍പ് പലതവണ മുന്നറിയിപ്പ് നല്‍കണമെന്നും രോഗികളേയും ആരോഗ്യപ്രവര്‍ത്തകരേയും സുരക്ഷിതമായി ഒഴിപ്പിക്കുന്നതിന് അനുവാദം നല്‍കണമെന്നുമാണ് നിയമം അനുശാസിക്കുന്നതെന്ന് ഐ.സി.ആര്‍.സി ലീഗല്‍ ഓഫീസര്‍ കോര്‍ജുല ഡ്രോഗെ വ്യക്തമാക്കി. അല്‍ ശിഫയില്‍ ഹമാസിന്റെ താവളമുണ്ടെന്ന് തെളിയിക്കാന്‍ ഇസ്രയേലിന് കഴിഞ്ഞാല്‍ അത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാവില്ല. എന്നാല്‍, തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ആക്രമണം നടത്തിയതെങ്കില്‍ അതില്‍ നടപടികളുണ്ടാകുമെന്ന് ഒഹിയോ വെസ്റ്റേണ്‍ റിസര്‍വ് യൂണിവേഴ്‌സിറ്റിയിലെ മിലിട്ടറി എതിക്‌സ് കേസ് വിദഗ്ധയായ ജെസീക്ക വോള്‍ഫെന്‍ഡേല്‍ പ്രതികരിച്ചു. എന്നിരുന്നിലും അപ്രതീക്ഷിതമായ ഒരു ആക്രമണം നടത്തുന്നതിനെ ന്യായീകരിക്കാന്‍ ഒരു കാരണത്തിനും സാധിക്കില്ല, നിഷ്‌കളങ്കരായ ജനങ്ങളെ സംരക്ഷിക്കാനുള്ള പരമാവധി പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇവിടെ ഇസ്രയേലിന് വിനയാകുന്നത് അല്‍ഷിഫയില്‍ ഹമാസ് താവളമില്ലെന്ന് സമ്മതിക്കേണ്ടി വന്നതാണ്.
https://www.facebook.com/Malayalivartha