ഗാസയിലെ അൽ ശിഫ ആശുപത്രിയിലുണ്ടായിരുന്ന, വളർച്ചയെത്താതെ പിറന്ന 31 കുഞ്ഞുങ്ങളെയും ഒഴിപ്പിച്ചു.... ഇവരെ ചികിത്സയ്ക്കായി ഈജിപ്തിലേക്കു കൊണ്ടുപോകും...ഇൻക്യുബേറ്ററിൽ കഴിഞ്ഞിരുന്ന എട്ടുകുഞ്ഞുങ്ങൾ മരിക്കുകയും ചെയ്തു...
അൽ ശിഫ ആശുപത്രി എത്രയും വേഗം ഒഴിയണം എന്നുള്ള ഇസ്രയേലിന്റെ മുന്നറിയിപ്പ് വന്നത് മുതൽ . അത്രയും രോഗികളെ വളരെ വേഗത്തിൽ മാറ്റാനുള്ള നടപടികൾ എല്ലാം തന്നെ സ്വീകരിച്ചു വരികയായിരുന്നു. അഭയാർത്ഥികൾ അല്ലാതെ അവിടെയുള്ള രോഗികൾ എല്ലാവരും തന്നെ യുദ്ധത്തിൽ ഗുരുതരമായി പരിക്കേറ്റവരായിരുന്നു. അത് കൂടാതെ ധാരാളം കുഞ്ഞുങ്ങളുമുണ്ടായിരുന്നു. ഇപ്പോൾ ഗാസയിലെ അൽ ശിഫ ആശുപത്രിയിലുണ്ടായിരുന്ന, വളർച്ചയെത്താതെ പിറന്ന 31 കുഞ്ഞുങ്ങളെയും ഞായറാഴ്ച ഒഴിപ്പിച്ചു. ഇവരെ ചികിത്സയ്ക്കായി ഈജിപ്തിലേക്കു കൊണ്ടുപോകും.അടിസ്ഥാനസൗകര്യങ്ങളെല്ലാം നിലച്ചതിനാൽ ഈ മാസം 11-ന് അൽ ശിഫ ആശുപത്രി പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. ഇൻക്യുബേറ്ററിൽ കഴിഞ്ഞിരുന്ന എട്ടുകുഞ്ഞുങ്ങൾ മരിക്കുകയുംചെയ്തു.
ഈ പശ്ചാത്തലത്തിൽ ശനിയാഴ്ച ആശുപത്രി സന്ദർശിച്ച ലോകാരോഗ്യ സംഘടനാ (ഡബ്ല്യു.എച്ച്.ഒ.) സംഘം ‘മരണ മേഖല’ എന്നാണ് അൽ ശിഫയെ വിളിച്ചത്.ഡബ്ല്യു.എച്ച്.ഒ. ഉൾപ്പെടെയുള്ള ഐക്യരാഷ്ട്രസഭാ (യു.എൻ.) ഏജൻസികളുടെ സഹകരണത്തോടെയാണ് കുഞ്ഞുങ്ങളെ ഒഴിപ്പിച്ചതെന്ന് ജീവകാരുണ്യസംഘടനയായ പലസ്തീനിയൻ റെഡ് ക്രെസന്റ് സൊസൈറ്റി (പി.സി.ആർ.എസ്.) അറിയിച്ചു. പി.സി.ആർ.എസിന്റെ ആംബുലൻസുകളിലാണ് കുഞ്ഞുങ്ങളെ കൊണ്ടുപോയതെന്ന് ഡബ്ല്യു.എച്ച്.ഒ. സെക്രട്ടറി ജനറൽ ടെഡ്രോസ് അഥനോം ഗെബ്രെയേസുസ് ട്വീറ്റ് ചെയ്തു.ഹമാസിന്റെ താവളങ്ങളിലൊന്നാണ് അൽ ശിഫയെന്നുപറഞ്ഞ് ഇസ്രയേൽ സൈന്യം ആക്രമണം ശക്തമാക്കിയിരുന്നു. എന്നാൽ, ഇതിന് അവർ വ്യക്തമായ തെളിവുനൽകിയിട്ടില്ല. ആരോപണം ഹമാസ് നിഷേധിക്കുകയുംചെയ്തു.ഇസ്രയേൽസേന ഉള്ളിൽക്കടന്നതോടെ രോഗികളും പരിക്കേറ്റവരും വരെ ആശുപത്രി വിട്ടുപോയി.
120 രോഗികൾ മെഡിറ്ററേനിയൻ കടലോരത്തേക്കു നടന്നുപോകുന്നതു കണ്ടുവെന്ന് എ.എഫ്.പി. റിപ്പോർട്ടുചെയ്തു. ആശുപത്രി ഒഴിയാൻ നിർദേശിച്ചുവെന്ന വാർത്ത ഇസ്രയേൽസൈന്യം നിഷേധിച്ചു.291 രോഗികളും 25 ആരോഗ്യപ്രവർത്തകരും ഇപ്പോഴും അൽ ശിഫയ്ക്കുള്ളിലുണ്ടെന്ന് സന്ദർശനശേഷം ഡബ്ല്യു.എച്ച്.ഒ. അറിയിച്ചു. ഈ അറിയിപ്പുവന്ന് മണിക്കൂറുകൾക്കകമാണ് 31 കുഞ്ഞുങ്ങളെ ഒഴിപ്പിച്ചത്.അതെ സമയം ഒക്ടോബർ ഏഴിന് ഇസ്രായേലിൽ നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെ ഹമാസ് ഭീകരർ ബന്ദികളാക്കിയവരെ ഗാസയിലെ അൽ ഷിഫ ആശുപത്രിയിൽ എത്തിച്ചുവെന്ന് തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത് വിട്ട് ഇസ്രായേൽ സൈന്യം. സുരക്ഷാ ക്യാമറയിൽ നിന്നുള്ള ദൃശ്യങ്ങളാണിത്. ആയുധങ്ങൾ കയ്യിലേന്തിയ ഹമാസ് ഭീകരരോടൊപ്പം ബന്ദികൾ നടന്നു വരുന്നതാണ് ഇതിൽ ഒരു വീഡിയോ.മറ്റൊന്നിൽ ബന്ദികളാക്കപ്പെട്ടവരെ ആശുപത്രിയോട് സാമ്യമുള്ള ഒരു കെട്ടിടത്തിലേക്ക് വലിച്ചിഴക്കുന്നതും, അവർ ഇത് പ്രതിരോധിക്കാൻ ശ്രമിക്കുന്നതും വ്യക്തമാണ്.
ആശുപത്രിക്കുള്ളിലേക്കാണ് ബന്ദികളെ കൊണ്ടുപോകുന്നതെന്നും,വീഡിയോയിൽ നിന്ന് ഇത് വ്യക്തമാണെന്നും ഇസ്രായേൽ സൈനിക വക്താവ് ഡാനിയൽ ഹഗാരി പറഞ്ഞു. തായ്‌ലൻഡിൽ നിന്നും നേപ്പാളിൽ നിന്നുമുള്ള രണ്ട് പുരുഷ തടവുകാരും ഇക്കൂട്ടത്തിൽ ഉണ്ടെന്നും അദ്ദേഹം പറയുന്നു. എന്നാൽ ഈ വീഡിയോ ഏത് ദിവസത്തേത് ആണ് എന്നത് സംബന്ധിച്ചുള്ള വിവരം പുറത്ത് വന്നിട്ടില്ല.240ഓളം പേരെയാണ് ഹമാസ് ഭീകരർ തടവിലാക്കി വച്ചിരിക്കുന്നത്. എന്നാൽ ബന്ദികളാക്കപ്പെട്ടവർ നിലവിൽ എവിടെയാണെന്നത് സംബന്ധിച്ചുള്ള കൃത്യമായ വിവരം സൈന്യത്തിന് ലഭിച്ചിട്ടില്ല. ഒക്ടോബർ ഏഴിന് നടത്തിയ ആക്രണത്തിന് പിന്നാലെ ഹമാസ് ഭീകരർ അൽ ഷിഫ ആശുപത്രി ദുരുപയോഗിച്ചു എന്നതിനുള്ള തെളിവാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നതെന്നും സൈന്യത്തിന്റെ പ്രസ്താവനയിൽ പറയുന്നു.
https://www.facebook.com/Malayalivartha