അൽ ഷിഫ ഹോസ്പിറ്റൽ പൂർണമായും ഹമാസിന്റെ സൈനിക കമാൻഡർ കേന്ദ്രമായി മാറ്റിയിരുന്നുവെന്ന്, വെളിപ്പെടുത്തി യുഎസ് ചാര ഏജൻസികൾ...
ഗാസയിലെ അൽ ഷിഫ ഹോസ്പിറ്റൽ പൂർണമായും ഹമാസിന്റെ സൈനിക കമാൻഡർ കേന്ദ്രമായി മാറ്റിയിരുന്നുവെന്ന് യുഎസ് ചാര ഏജൻസികൾ. ബന്ദികളായവരെ ഒളിവിൽ താമസിപ്പിക്കാനും, ഹമാസിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും വേണ്ടി ആശുപത്രി ഉപയോഗിക്കുകയായിരുന്നു. എന്നാൽ ഈ വിവരം ലഭിച്ച് ഇസ്രായേൽ സൈന്യം ഇവിടെ എത്തുന്നതിന് മുൻപ് തന്നെ അവർ ആശുപത്രിയിൽ നിന്ന് തങ്ങളുടെ ആളുകളേയും സംവിധാനങ്ങളേയും ബന്ദികളേയും ഒഴിപ്പിച്ചുവെന്നും യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥൻ പറയുന്നു.
ഇസ്രായേലിനെതിരായ പോരാട്ടം പ്രധാനമായും ആസൂത്രണം ചെയ്തിരുന്നത് ഈ ആശുപത്രി കെട്ടിടത്തിനുള്ളിൽ വച്ചാണെന്നും ഉദ്യോഗസ്ഥൻ പറയുന്നു. പേര് വെളിപ്പെടുത്താതെയാണ് അന്താരാഷ്‌ട്ര മാദ്ധ്യമത്തോട് ഉദ്യോഗസ്ഥൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഇതിന് ആധാരമായ തെളിവുകൾ കൈവശം ഉണ്ടെന്നും അദ്ദേഹം പറയുന്നു. അൽഷിഫ ആശുപത്രി ഹമാസ് അവരുടെ കേന്ദ്രമായി ഉപയോഗിക്കുന്നുവെന്ന ആരോപണം നേരത്തെ മുതൽ ഇസ്രായേൽ ഉയർത്തിയിരുന്നു.
ഇക്കഴിഞ്ഞ നവംബറിൽ ഇസ്രായേൽ സൈന്യം ആശുപത്രിക്കുള്ളിൽ കടന്ന് പരിശോധന നടത്തുകയും ചെയ്തിരുന്നു. ആയുധങ്ങൾ സൂക്ഷിക്കാനും, ഹമാസിന്റെ കൺട്രോൾ റൂമായും ആശുപത്രി പ്രവർത്തിച്ചിരുന്നതായി സൈന്യം കണ്ടെത്തിയിരുന്നു. ആശുപത്രിയോട് ചേർന്ന് നിർമ്മിച്ച ടണലുകളുടെ വീഡിയോ സഹിതം ഇസ്രായേൽ പ്രതിരോധ സേന പുറത്ത് വിട്ടിരുന്നു. രോഗികളെ മനുഷ്യകവചങ്ങളായി ഉപയോഗിക്കുന്ന ഹീനമായ രീതിയാണ് ഹമാസ് പിന്തുടരുന്നതെന്നും ഇസ്രായേൽ ആരോപിച്ചിരുന്നു.
https://www.facebook.com/Malayalivartha