ലോക മുതലാളി പൊളിയുന്നു? അമേരിക്കയില്‍ സാമ്പത്തിക അടിയന്തരാവസ്ഥ, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അടച്ചിടും, ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ലാത്ത അവധി
അമേരിക്കയില്‍ സാമ്പത്തിക അടിയന്തരാവസ്ഥ. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ വൈറ്റ് ഹൗസ് ഉത്തരവിട്ടു. ബജറ്റ് പാസാകാത്തതിനെ തുടര്‍ന്നാണ് അമേരിക്ക അടിയന്തരാവസ്ഥയിലേക്ക് കൂപ്പുകുത്തിയത്. പ്രസിഡന്‍റ് ബരാക് ഒബാമയുടെ സ്വപ്നപദ്ധതിയായ ആരോഗ്യപരിരക്ഷാ പദ്ധതിയുമായി ബന്ധപ്പെട്ട് യു.എസ് കോണ്‍ഗ്രസില്‍ ഭിന്നത നിലനില്‍ക്കുന്നതിനാലാണ് ബജറ്റ് പാസാക്കാന്‍ സാധിക്കാതിരുന്നത്.
രാജ്യത്തെ എട്ടുലക്ഷത്തിലേറെ സര്‍ക്കാറുദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ലാത്ത അവധിയില്‍പ്പോകേണ്ടിവരും. ഒക്ടോബര്‍ ഒന്നുമുതല്‍ അവശ്യ സേവനങ്ങളൊഴികെ സര്‍ക്കാര്‍മേഖലയിലുള്ള സകല സംവിധാനങ്ങളുടെയും പ്രവര്‍ത്തനം നിലയ്ക്കും. അടിയന്തരാവസ്ഥയ്ക്കുശേഷം തിരികെ ജോലിയില്‍പ്രവേശിച്ചാലും അവധിയിലായിരുന്ന കാലത്തെ ശമ്പളം ഇവര്‍ക്ക് ലഭിക്കുമോ എന്നകാര്യത്തില്‍ ഉറപ്പില്ല.
ആരോഗ്യരക്ഷാ നിയമം നടപ്പാക്കുന്നത് ഒരു വര്‍ഷത്തേയ്‌ക്ക് നീട്ടിവയ്‌ക്കുകയോ, പദ്ധതി തന്നെ റദ്ദാക്കുകയോ ചെയ്‌താല്‍ ബജറ്റിനെ അനുകൂലിക്കാമെന്നാണ് റിപ്പബ്ലിക്കന്‍ പക്ഷത്തിന് ഭൂരിപക്ഷമുള്ള ജനപ്രതിനിധിസഭയുടെ നിലപാട്. പദ്ധതി ഒരു വര്‍ഷം വൈകിപ്പിക്കുന്നതിനെ അനുകൂലിച്ച് ജനപ്രതിനിധി സഭ വോട്ടും ചെയ്‌തു. എന്നാല്‍ പദ്ധതി വൈകിപ്പിക്കുന്ന ഏത് ബില്ലിനെയും വീറ്റോ ചെയ്യുമെന്നാണ് സര്‍ക്കാര്‍ നിലപാട്. ഒബാമയുടെ ഭീഷണി വകവയ്‌ക്കാതെയാണ് ബില്‍ ഒരു വര്‍ഷത്തേയ്‌ക്ക് വൈകിപ്പിക്കാന്‍ അനുമതി നല്‍കിയത്.
ആരോഗ്യരക്ഷാ പദ്ധതിക്ക് പത്തുവര്‍ഷത്തേക്ക് 3000 കോടി ഡോളര്‍ (1.9 ലക്ഷം കോടിരൂപ) വകയിരുത്താനുള്ള നീക്കത്തെ എതിര്‍ത്ത് റിപ്പബ്ലിക്കന്‍മാര്‍ വോട്ടുചെയ്യുകയും ചെയ്തു. ഇതോടെ ഈ വിഷയത്തില്‍ സെനറ്റര്‍മാര്‍ രമ്യതയിലെത്താനുള്ള സാധ്യത കുറവാണെന്ന് വ്യക്തമായി.
1995 ഡിസംബര്‍ ആറുമുതല്‍ 1996 ജനവരി ആറുവരെയാണ് യു.എസില്‍ അവസാനമായി സാമ്പത്തിക അടിയന്തരാവസ്ഥയുണ്ടായത്. ബില്‍ക്ലിന്‍റന്റെ നേതൃത്വത്തിലുള്ള ഡെമോക്രാറ്റിക് സര്‍ക്കാറും റിപ്പബ്ലിക്കന്‍മാരും തമ്മില്‍ ബജറ്റിനെച്ചൊല്ലിയുണ്ടായ ഭിന്നതയാണ് ഇതിന് വഴിവെച്ചത്. തങ്ങള്‍ നിര്‍ദേശിക്കുന്ന ബജറ്റ് ക്ലിന്‍റണ്‍ അംഗീകരിക്കണമെന്നായിരുന്നു റിപ്പബ്ലിക്കന്‍മാരുടെ നിലപാട്. ഒരാഴ്ച നീണ്ട ചര്‍ച്ചകള്‍ക്കുശേഷമാണ് ഇരുവിഭാഗവും സമവായത്തിലെത്തിയത്.
https://www.facebook.com/Malayalivartha