വിമോചനയുദ്ധക്കാലത്തെ കുറ്റകൃത്യങ്ങള്‍; ബംഗ്ലാദേശില്‍ ബി.എന്‍.പി നേതാവിന് വധശിക്ഷ
ബംഗ്ലാദേശില്‍ പ്രതിപക്ഷ പാര്‍ട്ടിയായ ബി.എന്‍.പിയുടെ നേതാവും പാര്‍ലമെന്റംഗവുമായ സലാഹുദ്ദീന്‍ ഖ്വാദര്‍ ചൗധരിക്ക് വധശിക്ഷ. ബംഗ്ലാദേശിലെ വിമോചനയുദ്ധക്കാലത്തെ കുറ്റകൃത്യങ്ങളുടെ പേരിലാണ് ചൗധരിയെ പ്രത്യേക ട്രൈബ്യൂണല്‍ തൂക്കലേറ്റാന്‍ ഉത്തരവിട്ടത്.
വിമോചന കുറ്റകൃത്യങ്ങളുടെ പേരില്‍ വധശിക്ഷലഭിക്കുന്ന ഏഴാമത്തെ പ്രതിപക്ഷനേതാവാണ് സലാഹുദ്ദീന്‍. ആദ്യമായാണ് ബംഗ്ലാദേശ് ബി.എന്‍.പിയുടെ നേതാവിനെ കേസില്‍ ശിക്ഷിക്കുന്നത്. മുന്‍പ് ശിക്ഷലഭിച്ച ആറുപേരും ജമാഅത്തെ ഇസ്‌ലാമിയുടെ നേതാക്കളായിരുന്നു.
1971-ലെ വിമോചനയുദ്ധക്കാലത്ത് പാക്കിസ്ഥാന്‍ സേനയെ സഹായിച്ചെന്നാണ് സലാഹുദ്ദീനെതിരെ ചുമത്തിയകുറ്റം. 200 സാധാരണക്കാരെ വധിക്കുന്നതിന് പാക് സൈന്യത്തിന് സഹായം ചെയ്തുവെന്നതടക്കം 23 കേസുകള്‍ ചുമത്തിയിരുന്നു. ഇതില്‍ ഒന്‍പതെണ്ണത്തില്‍ സലാഹുദ്ദീന്‍ കുറ്റക്കാരനാണെന്ന് ട്രൈബ്യൂണല്‍ കണ്ടെത്തി.
വധശിക്ഷവിധിച്ചതില്‍ പ്രതിഷേധിച്ച് നടന്ന പ്രകടനങ്ങള്‍ ധാക്കയിലും ചിറ്റഗോങ്ങിലും അക്രമാസക്തമായി. വിമോചനയുദ്ധക്കാലത്തെ കുറ്റങ്ങള്‍ അന്വേഷിക്കുന്നതിന് 2010-ലാണ് പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗ് സര്‍ക്കാര്‍ പ്രത്യേക ട്രൈബ്യൂണല്‍ രൂപവത്കരിച്ചത്. ജനവരിയില്‍ കേസിലെ ആദ്യവധശിക്ഷ പ്രഖ്യാപിച്ചതുമുതല്‍ തുടങ്ങിയ പ്രക്ഷോഭത്തില്‍ നൂറിലേറെപ്പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്.
https://www.facebook.com/Malayalivartha