ചൈനയും തായ്‌വാനും തമ്മിൽ ഏത് നിമിഷവും യുദ്ധം.. രാജ്യാതിർത്തിക്ക് ചുറ്റും കഴിഞ്ഞ 24 മണിക്കൂറിനിടെ 36 ചൈനീസ് വിമാനങ്ങളും, ഏഴോളം ചൈനീസ് കപ്പലുകളും ട്രാക്ക് ചെയ്തതായി തായ്വാൻ...
വിവിധ അയൽരാജ്യങ്ങളുമായി ഒരേ സമയം സംഘർഷത്തിൽ ഏർപ്പെട്ടിരിക്കുന്ന രാജ്യമാണ് ചൈന. അതിർത്തി തർക്കങ്ങൾ അവസാനിക്കാതെ തുടരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ഇന്ത്യയുടെ അതിർത്തിയിൽ ചൈന പ്രകോപനങ്ങൾ സൃഷ്ടിച്ചത്. ചൈനയും തായ്‌വാനും തമ്മിൽ ഏത് നിമിഷവും യുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കാം എന്ന ആശങ്ക ശക്തമായിത്തന്നെ നിലനിൽക്കുന്നുണ്ട്. ഇപ്പോഴിതാ രാജ്യാതിർത്തിക്ക് ചുറ്റും കഴിഞ്ഞ 24 മണിക്കൂറിനിടെ 36 ചൈനീസ് വിമാനങ്ങളും ഏഴോളം ചൈനീസ് കപ്പലുകളും ട്രാക്ക് ചെയ്തതായി തായ്‌വാൻ പ്രതിരോധ മന്ത്രാലയം. ഇതിൽ 34 ചൈനീസ് വിമാനങ്ങൾ തായ്വാന്റെ ഈസ്റ്റേൺ എയർ ഡിഫൻസ് ഐഡന്റിഫിക്കേഷൻ സോണിൽ പ്രവേശിച്ചതായും അധികൃതർ വ്യക്തമാക്കി. നിലവിലെ സ്ഥിതിഗതികൾ സൈന്യം നിരീക്ഷിക്കുകയാണെന്ന് പ്രതിരോധ മന്ത്രാലയം സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
വ്യാഴാഴ്ച രാവിലെ ആറ് മണി മുതൽ വെള്ളിയാഴ്ച പുലർച്ചെ ആറ് മണി വരെയുള്ള സമയത്തിനിടെയാണ് ഇത്തരത്തിൽ ചൈനീസ് വിമാനങ്ങളുടേയും കപ്പലുകളുടേയും സാന്നിദ്ധ്യം കണ്ടെത്തിയത്. അതിർത്തി ലംഘനം നടത്തിയ ചൈനീസ് വിമാനങ്ങളെ സൈന്യം പ്രതിരോധിച്ചതായും ഇവർ സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. തായ്‌വാൻ പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം പീപ്പിൾസ് ലിബറേഷൻ ആർമിയുടെ 11 വിമാനങ്ങളിൽ ഏഴ് എണ്ണം തായ്‌വാൻ കടലിടുക്ക് കടന്നു.പ്രകോപനപരമായ നീക്കമാണിതെന്നാണ് തായ്‌വാൻ സംഭവത്തെ വിശേഷിപ്പിച്ചത്. 2020 സെപ്തംബർ മുതൽ തായ്‌വാന് ചുറ്റും പിടിമുറുക്കാനുള്ള ശ്രമങ്ങൾ ചൈന ആരംഭിച്ചിരുന്നു.
തായ്‌വാന്റെ എയർ ഡിഫൻസ് ഐഡന്റിഫിക്കേഷൻ സോണിലേക്ക് വ്യോമ, നാവിക നുഴഞ്ഞുകയറ്റം ചൈന വർദ്ധിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ മാർച്ചിൽ മാത്രം 200ലധികം തവണയാണ് ചൈനീസ് സൈനിക വിമാനങ്ങളുടെ സാന്നിദ്ധ്യം തായ്‌വാനിൽ കണ്ടെത്തിയത്.ചൈനയെ സംബന്ധിച്ചിടത്തോളം തായ്‌വാന്‍ എന്ന ദ്വീപ് രാഷ്ട്രം ചൈനയുടെ ഭാഗമാണ്. തായ്‌വാന്റെ പരമാധികാരത്തെ ചൈന അംഗീകരിക്കുന്നില്ല. തായ്‌വാൻ ചൈനയുടെ അവിഭാജ്യ ഭാഗമാണെന്നും ചൈന വാദിക്കുന്നു. എന്നാൽ സ്വന്തം ഭരണഘടനയും ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടവും ഉള്ള തായ്‌വാൻ തങ്ങളെ ചൈനയിൽ നിന്ന് വേർപ്പെടുത്തി സ്വതന്ത്ര രാഷ്ട്രമായാണ് കാണുന്നത്. തായ്‌വാൻ സ്വതന്ത്ര രാജ്യമായി അംഗീകരിച്ചത് 13 രാജ്യങ്ങൾ മാത്രമാണ്. തായ്‌വാനുമായി നയതന്ത്ര ബന്ധത്തിൽ ഏർപ്പെടാൻ ശ്രമിക്കുന്ന രാജ്യങ്ങൾക്ക് നേരെ സമ്മർദം ചെലുത്തലാണ് ചൈനയുടെ രീതി.തായ്‌വാൻ ഏതുവിധേനയും തിരിച്ചെടുക്കുമെന്ന് ചൈനയും അധിനിവേശത്തിനെതിരെ പോരാടുമെന്ന തായ്‌വാനും ഉറപ്പിച്ച് പറയുന്നു.
വളരെ വര്ഷങ്ങളായി ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം കിഴക്കൻ ഏഷ്യയിൽ സജീവമായി നിലനിൽക്കുകയാണ്.എന്നാൽ ഇപ്പോൾ ചൈനയെ ചൊടിപ്പിച്ചത് തായ്വാൻ തിരഞ്ഞെടുപ്പാണ്.തായ്‌വാനിലെ ഭരണമുന്നണിയായ ഡെമോക്രാറ്റിക്ക് പ്രോഗ്രസീവ് പാര്‍ട്ടി വീണ്ടും അധികാരത്തില്‍ എത്തിയതാണ് ചൈനക്ക് തിരിച്ചടിയായത്. തായ്‌വാന് മേല്‍ ചൈന നടത്തുന്ന അവകാശവാദങ്ങളെ ശക്തിയുക്തം എതിര്‍ക്കുന്ന നേതാവാണ് നിയുക്ത പ്രസിഡന്റും നിലവില്‍ വൈസ് പ്രസിഡന്റുമായ ലായ് ചിങ് തെ. പിന്നാലെ തന്നെ തായ് വാന് മുന്നറിയുപ്പമായി ചൈന സൈനിക നീക്കങ്ങൾ ആരംഭിക്കുകയും പ്രകോപനം സൃഷ്ടിക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha