വൈറ്റ് ഹൗസിലേക്ക് അതിവേഗത്തില്‍ കാറോടിച്ചു വന്ന യുവതിയെ പോലീസ് വെടിവെച്ചുകൊന്നു
അമേരിക്കയില്‍ പ്രസിഡന്റിന്റെ വസതിയായ വൈറ്റ് ഹൗസിലെ ക്യാപിറ്റോള്‍ ഹില്ലിലേക്ക് അമിതവേഗതയില്‍ കാറോടിച്ചു കയറ്റിയ യുവതിയെ പോലീസ് വെടിവച്ചുകൊന്നു. സമീപത്തെ ബാരിക്കേഡുകള്‍ തകര്‍ത്ത് ഓട്ടം തുടങ്ങിയ കാര്‍ പോലീസ് വെടിവപ്പിലൂടെയാണ് നിര്‍ത്തിയത്. കാറില്‍ നിന്ന് ഒരു വയസുളള കുട്ടിയെ പരിക്കുകളില്ലാതെ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
അതേസമയം സംഭവത്തിന് ഭീകരാക്രമണ ബന്ധമില്ലെന്ന് പോലീസ് അറിയിച്ചു. ആയുധങ്ങള്‍ ഒന്നും തന്നെ കൊല്ലപ്പെട്ട യുവതിയില്‍ നിന്ന് കണ്ടെത്തിയിട്ടില്ല.
പ്രാദേശിക സമയം ഉച്ചതിരിഞ്ഞ് 2.15 ഓടെയാണ് സുരക്ഷാ ഉദ്യോഗസ്ഥരെ ഞെട്ടിച്ചുകൊണ്ട് ബാരിക്കേടുകള്‍ ഇടിച്ചുതെറിപ്പിച്ച് വൈറ്റ്‌ഹൗസ് പരിസരത്തേക്ക് യുവതി കാര്‍ ഓടിച്ചു കയറ്റിയത്. ഈ സമയം വൈറ്റ്‌ഹൗസില്‍ സാമ്പത്തികാടിയന്തരാവസ്ഥ പരിഹരിക്കാനുളള ചര്‍ച്ചകള്‍ നടക്കുകയായിരുന്നു.
ദന്തഡോക്ടറായ മിറിയാം ആണ് കൊല്ലപ്പെട്ട യുവതിയെന്ന് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
രണ്ടാഴ്‌ചയ്‌ക്കു മുന്‍പാണ് വാഷിംഗ്‌ടണിലെ നാവികസേനാ ആസ്ഥാനത്ത് 12 പേര്‍ അപ്രതീക്ഷിത വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha