ഇസ്രായേലും ഹിസ്ബുള്ളയും സമ്പൂര്‍ണ്ണ യുദ്ധത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ് ! മിഡില്‍ ഈസ്റ്റില്‍ പടരുന്ന സംഘര്‍ഷം യു എസിനെയും ഇറാനെയും യുദ്ധമുഖത്തേയ്ക്ക് എത്തിക്കും,ഗാസയില്‍ വെടിനിര്‍ത്തലിന് ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ ഗാസയിലെ ജനങ്ങള്‍ക്കു മുകളില്‍ ഫൈറ്റര്‍ ജെറ്റുകളും മിസൈലുകളും വട്ടമിട്ട് പറക്കുന്നു
ഒക്ടോബര്‍ 7 നു ഹാമസ്‌കൊളുത്തിയ തീ ഇപ്പോള്‍ ഹിസ്ബുല്ലയുടെ നെഞ്ചത്താണ് എത്തുന്നത് . ലെബനന്‍ അതിര്‍ത്തികളില്‍ സംഘര്‍ഷം രൂക്ഷമാവുകയാണ് . ഇസ്രായേലും ഹിസ്ബുള്ളയും സമ്പൂര്‍ണ്ണ യുദ്ധത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ് . ഗാസയിലെ യുദ്ധം രൂക്ഷമാകുമ്പോള്‍, മേഖലയ്ക്കും അതിനപ്പുറത്തേയ്ക്കും വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാവുന്ന മറ്റൊരു മിഡില്‍ ഈസ്റ്റ് യുദ്ധം പൊട്ടിപ്പുറപ്പെടുമെന്ന ഭയം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു.
ഇസ്രായേലും ലെബനീസ് സായുധ ഗ്രൂപ്പായ ഹിസ്ബുള്ളയും കഴിഞ്ഞ ഒമ്പത് മാസമായി അതിര്‍ത്തിയില്‍ കടുത്ത പോരാട്ടം തുടരുകയാണ് ഈ സംഘര്‍ഷം സമ്പൂര്‍ണ യുദ്ധത്തിലേക്ക് നീങ്ങുകയാണെങ്കില്‍, അത് ഗാസയിലെ അവസ്ഥയെക്കാള്‍ മോശമായിമാറും ., ഇറാഖ്, സിറിയ, യെമന്‍ എന്നിവിടങ്ങളിലെ ഇറാന്റെ പിന്തുണയുള്ള മിലിഷ്യകള്‍ കൂടി യുദ്ധത്തിലേയ്ക് വന്നാല്‍ മിഡില്‍ ഈസ്റ്റില്‍ പടരുന്ന സംഘര്‍ഷം യു എസിനെയും ഇറാനെയും യുദ്ധമുഖത്തേയ്ക്ക് എത്തിക്കും . അങ്ങനെ വന്നാല്‍ 'ഭാവനയ്ക്ക് അതീതമായ ദുരന്തം' ഉണ്ടാകുമെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നല്‍കി. ഇപ്പോള്‍, 120 കിലോമീറ്റര്‍ (75 മൈല്‍) അതിര്‍ത്തിയില്‍ നടക്കുന്ന യുദ്ധത്തിന്റെതീപ്പൊരി ഒരുപക്ഷെ മിഡില്‍ ഈസ്റ്റിനെ ആളിക്കത്തിച്ചേക്കാം.
ഗാസയില്‍ വെടിനിര്‍ത്തലിനുവേണ്ടിയുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ തന്നെ ഗാസയിലെ ജനങ്ങള്‍ക്കു മുകളില്‍ ഫൈറ്റര്‍ ജെറ്റുകളും മിസൈലുകളും വട്ടമിട്ട് പറക്കുകയാണ്. ബുധനാഴ്ച വൈകിട്ടുവരെയുള്ള 24 മണിക്കൂറില്‍ ഗാസ മുനമ്പില്‍ ഇസ്രയേല്‍ സൈന്യം ബോംബിട്ടു കൊന്നത് 80 പേരെയാണ് . കഴിഞ്ഞ പത്തുദിവസത്തിനുള്ളില്‍ അഭയാര്‍ഥി ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന എട്ട് യു എന്‍ സ്‌കൂളുകളാണ് തകര്‍ത്തത്. ഇവിടങ്ങളില്‍ മാത്രം 539 പേര്‍ കൊല്ലപ്പെട്ടു.
ഖത്തറിന്റെയും ഈജിപ്തിന്റെയും നേതൃത്വത്തിലുള്ള നീക്കം ഫലപ്രാപ്തിയുണ്ടാകുമെന്ന പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും ഇസ്രായേല്‍ ഗാസയില്‍ ബോംബുവര്‍ഷം തുടരുക തന്നെയാണ്, അടുത്തിടെ ഖാന്‍ യൂനുസിലെ അല്‍ മവാസിയില്‍ നടന്ന ആക്രമണത്തില്‍ മാത്രം കൊല്ലപ്പെട്ടത് ഏകദേശം 90 പലസ്തീനികളാണ്. പത്ത് ദിവസത്തിനിടെ എട്ട് യുഎന്‍ സ്‌കൂളുകളും ആക്രമിക്കപ്പെട്ടു. ഗാസ മുനമ്പിലെ ആക്രമണം ശക്തമാക്കി വെടിനിര്‍ത്തല്‍ കരാറിലെത്താനുള്ള ശ്രമങ്ങള്‍ അട്ടിമറിക്കാനാണ് ഇസ്രയേല്‍ ശ്രമിക്കുന്നതെന്നാണ് ഹമാസ് പൊളിറ്റ് ബ്യൂറോ അംഗം ഇസത്ത് അല്‍റെഷിഖ് ആരോപിക്കുന്നത്.
ബുധനാഴ്ച അബ്ദുല്ല അസം മസ്ജിദില്‍ ഇസ്രായേല്‍ നടത്തിയ ബോംബാക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. അതിനിടെ, ഗാസാ സിറ്റിയിലെ എല്ലാ താമസക്കാരും വീടൊഴിയണമെന്ന് ഇസ്രയേല്‍ സൈന്യം നിര്‍ദേശിച്ചിട്ടുണ്ട് . ഡെയ്ര്‍ അല്‍ ബല, അല്‍ സവിയ എന്നിവിടങ്ങളിലെ അഭയസ്ഥാനങ്ങളിലേക്കു മാറണമെന്നാണ് നിദ്ദേശിക്കുന്നത് .
ഹമാസിനെ തകര്‍ക്കുകയെന്ന പ്രഖ്യാപിത ലക്ഷ്യവുമായാണ് നെതന്യാഹുവിന്റെ സൈന്യം ഗാസയിലേക്കു കടന്നുകയറിയത്. പലസ്തീന്‍ സായുധസംഘടനയെ പൂര്‍ണമായി തുടച്ചുനീക്കുമെന്ന് പലപ്പോഴും നെതന്യാഹു ആവര്‍ത്തിക്കുകയും ചെയ്തു. എന്നാല്‍ അടുത്തിടെ ഇസ്രയേല്‍ സൈന്യത്തിന്റെ പ്രധാന വക്താവ് ആയ ഡാനിയല്‍ ഹഗാറി, ഹമാസിനെ തകര്‍ക്കുക അസംഭവ്യമാണെന്ന് പറഞ്ഞത് .
ഇസ്രയേലിന് അമേരിക്ക നല്‍കുന്ന പിന്തുണയും അന്താരാഷ്ട്ര നിയമങ്ങളെയെല്ലാം കാറ്റില്‍ പറത്തി ആണെങ്കില്‍ പോലും , നിയമത്തിനതീതരായി പ്രവര്‍ത്തിക്കാന്‍ പാശ്ചാത്യ രാജ്യങ്ങളും ഇസ്രയേലിനെ സഹായിക്കുന്നുണ്ട്. യൂറോപ്യന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെ ഇസ്രയേലിനെതിരെ രംഗത്തുണ്ടെങ്കിലും അമേരിക്ക നെതന്യാഹുവിനെ ചേര്‍ത്തുപിടിക്കുന്നുണ്ട് എന്നതാണ് വാസ്തവം. പലപ്പോഴും നെതന്യാഹുവിനെ വിമര്‍ശിച്ചിട്ടുണ്ടെങ്കിലും കോടിക്കണക്കിനു രൂപയുടെ പണവും ആയുധങ്ങളും നല്‍കുന്നതില്‍ അമേരിക്ക അമാന്തിച്ചിട്ടില്ല. ഓരോ വര്‍ഷവും നല്‍കുന്ന 330 കോടി ഡോളറിന് പുറമെയാണ് നിലവിലെ സഹായങ്ങള്‍.
വെടിനിര്‍ത്തല്‍ ചര്‍ച്ചകളിലെ പുരോഗതിക്കു സമാന്തരമായി ആക്രമണങ്ങള്‍ തുടരുക തന്നെയാണ് ഇസ്രയേല്‍ . 2002 ലെ രണ്ടാം ഇന്‍തിഫാദയില്‍, അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഭരണത്തിലുണ്ടായിരുന്ന ഫത്താ പാര്‍ട്ടി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ ഒരുങ്ങിയപ്പോഴാണ് ഗാസ സിറ്റിയില്‍ ഹമാസ് നേതാവിന്റെ വീട്ടില്‍ ഒരു ടണ്‍ ബോംബ് ഇസ്രയേല്‍ വര്‍ഷിച്ചത് . അതുപോലെ 2006ലെ ഹിസ്ബുള്ളയുമായുള്ള 34 ദിവസത്തെ യുദ്ധത്തിലും ഇതുതന്നെ സയണിസ്റ്റ് ഭരണകൂടം ആവര്‍ത്തിച്ചു. വെടിനിര്‍ത്തല്‍ ആസന്നമായ സാഹചര്യത്തില്‍ തെക്കന്‍ ലെബനനില്‍ 40 ലക്ഷത്തോളം യുദ്ധക്കോപ്പുകളാണ് ഇസ്രയേല്‍ വര്‍ഷിച്ചത്. വടക്കന്‍ ഇസ്രയേലുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയെ ജനവാസയോഗ്യമല്ലാതാക്കി മാറ്റാനും ബഫര്‍ സോണ്‍ സൃഷിടിക്കുകയുമായിരുന്നു ഇസ്രയേലിന്റെ ലക്ഷ്യം.
2012ല്‍ പലസ്തീന്‍ സന്ധിക്കു സമ്മതം അറിയിച്ച് രണ്ടു ദിവസത്തിനുശേഷമാണ് ഹമാസ് നേതാവിനെ ഇസ്രയേല്‍ വധിക്കുന്നത്. കൂടാതെ ആറ് പലസ്തീനികളെയും അവര്‍ ആക്രമണത്തില്‍ വധിച്ചിരുന്നു. ഇതെല്ലാം വെടിനിര്‍ത്തല്‍ അടുത്തിരിക്കെയായിരുന്നു. 2014ലും ഇതൊക്കെ തന്നെയായിരുന്നു ഇസ്രയേലിന്റെ നടപടി. വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിനുശേഷം വീടുകളിലേക്കു മടങ്ങുകയായിരുന്ന പലസ്തീനികള്‍ക്കുനേരെ അന്ന് ഇസ്രയേല്‍ വെടിയുതിര്‍ത്തിരുന്നു.മിഡില്‍ ഈസ്റ്റിലെ ഏറ്റവും പ്രധാനപ്പെട്ട ഇസ്ലാമിക പ്രസ്ഥാനങ്ങളിലൊന്നാണ് ഹിസ്ബുള്ള. ഇറാനിന്റെ പിന്തുണയുള്ള ചില സംഘടകളുടെ സഹായത്തോടെ 40 വര്‍ഷത്തിലധികമായി ഈ സംഘടന മിഡില്‍ ഈസ്റ്റില്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. ടിവി സ്റ്റേഷനുകളും ക്ലിനിക്കുകളും സ്‌കൂളുകളും ഉള്‍പ്പെടെയുള്ള സേവനങ്ങളുടെ വിപുലമായ ഒരു ശൃംഖലയും നിയമവിരുദ്ധവും അല്ലാത്തതുമായ നിരവധി ബിസിനസുകളും ഈ സംഘടനയ്ക്കുണ്ട് .
ഗാസയില്‍ നിരന്തരം ആക്രമണം നടത്തുന്നതിലൂടെ സമാധാനചര്‍ച്ചകള്‍ക്ക് തടസ്സം സൃഷ്ടിക്കാനാണ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ശ്രമിക്കുന്നതെന്ന് ഹമാസ് ആരോപണത്തിലും കഴമ്പുണ്ട് . നെതന്യാഹുവിനെയും തീവ്രവലതുപക്ഷ സര്‍ക്കാരിനെയും പുറത്താക്കാനുള്ള മുറവിളികള്‍ ഇസ്രയേലില്‍ ശക്തമാണ്. ഗാസയില്‍ നടത്തുന്ന അധിനിവേശം അവസാനിക്കുന്ന നിമിഷം നെതന്യാഹുവിന് തന്റെ അധികാരക്കസേരയും നഷ്ടമാകും. ചിലപ്പോള്‍ വിചാരണപോലും നേരിടേണ്ടി വന്നേക്കും. അതുകൊണ്ടുതന്നെ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന വംശഹത്യയില്‍നിന്ന് നെതന്യാഹു ഉടനടി പിന്നോട്ട് പോകാന്‍ സാധ്യതയില്ലെന്നാണ് പശ്ചിമേഷ്യന്‍ ഭൗമരാഷ്ട്രീയ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
https://www.facebook.com/Malayalivartha