ഹമാസ് തലവൻ ഇസ്മയിൽ ഹനിയ കൊല്ലപ്പെട്ടത് വെടിയേറ്റ്; നടപ്പാക്കിയത് ഇസ്രയേലിന്റെ പ്രഖ്യാപനം..? ഹിസ്ബുല്ലയെ ലക്ഷ്യം വച്ച് ബെയ്റൂട്ടിൽ മിസൈൽ ആക്രമണം...
ഇറാനിലെ ടെഹ്റാനിൽ ഹമാസ് തലവൻ ഇസ്മയിൽ ഹനിയ കൊല്ലപ്പെട്ടത് വെടിയേറ്റെന്ന് വിവരം. ഹനിയെയുടെ അംഗരക്ഷകനും കൊല്ലപ്പെട്ടു. സംഭവം ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയും ഹമാസും സ്ഥിരീകരിച്ചിട്ടുണ്ട്. 2017 മുതൽ ഹമാസിന്റെ തലവനാണ് ഇസ്മയിൽ ഹനിയെ. ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ ചുമതലയേൽക്കുന്നതിന്റെ ഭാഗമായാണ് ഹനിയെ ടെഹ്റാനിലെത്തിയത്.
കൊലപാതകത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ വർഷം ഒക്ടോബർ 7ന്, ഹമാസ് നടത്തിയ ആക്രമണത്തിനു പിന്നാലെ ഹനിയയെ വധിക്കുമെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഹനിയെ കൊല്ലപ്പെട്ടതിനെക്കുറിച്ച് ഇസ്രയേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. സാധാരണഗതിയിൽ ഇസ്രയേലിന്റെ രഹസ്യാന്വേഷണ വിഭാഗമായ മൊസാദ് ഇത്തരംകാര്യങ്ങളിൽ പ്രതികരിക്കാറില്ല.
സമാധാന ചർച്ചകൾ പുരോഗമിക്കവേ നടന്ന സംഭവം, പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ പുതിയൊരു വഴിത്തിരിവായിരിക്കുകയാണ്. പലസ്തീനികൾക്കിടയിൽ ഏറെ ജനപ്രിയനായ, നിലവിലെ സമാധാന ചർച്ചകൾക്കുൾപ്പെടെ നേതൃത്വം നൽകിയിരുന്ന മിതവാദിയായ നേതാവായിരുന്നു ഇസ്മായിൽ ഹനിയ. ഹമാസിൻ്റെ രാഷ്ട്രീയ വിഭാഗം ചെയർമാൻ എന്ന നിലയിൽ, ഖത്തറിലായിരുന്നു ഇസ്മായിൽ ഹനിയ കഴിഞ്ഞിരുന്നത്. പലസ്തീൻ വിമോചന സായുധ സംഘത്തിന്റെ മൊത്തത്തിലുള്ള നേതാവായി കണക്കാക്കകപ്പെട്ടിരുന്ന ഇസ്മായിൽ ഹനിയ 1980-കളുടെ അവസാനത്തോടെയാണ് ഹമാസിൻ്റെ റാഡിക്കൽ ഓപ്പറേഷനുകളിൽ സജീവ സാന്നിധ്യമാകുന്നത്.
യാസീന്റെ ഓഫീസ് കാര്യങ്ങളുടെ നേതൃത്വം ഇസ്മായിൽ ഹനിയ ഏറ്റെടുത്തതോടെയാണ് ഹമാസിനുള്ളിലെ വളർച്ച ആരംഭിക്കുന്നത്. 2003 ഒക്കെ ആകുമ്പോഴേക്കും വീൽ ചെയറിൽ കഴിഞ്ഞിരുന്ന ഹമാസിന്റെ ആത്മീയ നേതാവായ അഹ്മദ് യാസീന്റെ ഏറ്റവും അടുത്തയാളായി ഹനിയ മാറിയിരുന്നു. 2006ൽ വെസ്റ്റ് ബാങ്കിലും ഗാസയിലുമായി പലസ്തീൻ അതോറിറ്റി നടത്തിയ തിരഞ്ഞെടുപ്പിൽ ഹമാസിന്റെ നേതാവായിരുന്നു ഇസ്മായിൽ ഹനിയ. തിരഞ്ഞെടുപ്പിൽ വിജയിച്ച ഹമാസ്, ഗാസ പ്രധാനമന്ത്രിയായി അദ്ദേഹത്തെ തിരഞ്ഞെടുക്കുകയും ചെയ്തു. എന്നാൽ പ്രസിഡൻ്റ് മഹ്‌മൂദ് അബ്ബാസിൻ്റെ പാർട്ടിയായ ഫതഹും ഹമാസും തമ്മിലുള്ള സംഘർഷം ഉടലെടുത്തതോടെ, 2007-ൽ ഹമാസ് സർക്കാരിനെ മഹ്മൂദ് അബ്ബാസ് പിരിച്ചുവിട്ടു. എന്നാൽ ഉത്തരവ് അംഗീകരിക്കാൻ തയ്യാറാകാതിരുന്ന ഹനിയ, ഗാസയിൽ ഭരണം തുടരുകയായിരുന്നു.
പിന്നീട് 2017ലാണ് തൽസ്ഥാനത്തുനിന്ന് ഹനിയ പടിയിറങ്ങിറങ്ങുന്നത്. അതേവർഷം, ഖാലിദ് മെഷലിൽനിന്ന് ഹനിയ ഹമാസിൻ്റെ രാഷ്ട്രീയ വിഭാഗം ചെയർമാനായി ചുമതലയും ഏറ്റെടുത്തു. ഇസ്രയേലിന്റെ ഹിറ്റ്ലിസ്റ്റിലെ മുൻനിരക്കാരനായിരുന്നു നേരത്തെ തന്നെ ഹനിയ. നിരവധി തവണ ഹനിയയ്ക്ക് നേരെ വധശ്രമങ്ങൾ ഉണ്ടായെകിലും വിജയം കണ്ടിരുന്നില്ല. ഹമാസിന്റെ സൈനിക വിഭാഗം നേതാക്കളുമായി താരതമ്യപ്പെടുത്തുമ്പോൾ, കാര്യങ്ങളെ പ്രായോഗികമായി സമീപിക്കുന്ന നേതാവായിരുന്നു അദ്ദേഹം. കൂടാതെ പലസ്തീനികൾക്കിടയിൽ വളരെയധികം ജനപ്രിയനുമായിരുന്നു. അതുകൊണ്ടുതന്നെ ഹനിയയുടെ കൊലപാതകം പലസ്തീൻ ജനതയ്ക്കിടയിൽ ഒട്ടാകെ വലിയൊരു ആഘാതം സൃഷിടിച്ചിട്ടുണ്ട്. അതിനിടെ
സായുധ സംഘടനയായ ഹിസ്ബുല്ലയെ ലക്ഷ്യം വച്ച് ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഇസ്രയേലിന്റെ മിസൈൽ ആക്രമണം. ചൊവാഴ്ച രാത്രി ബെയ്റൂട്ടിൽ മിസൈൽ ആക്രമണം നടത്തിയതായി ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് എക്സിലൂടെ അറിയിച്ചു. ഒരു മുതിർന്ന ഹിസ്ബുല്ല കമാൻഡറെ ലക്ഷ്യം വച്ചാണ് മിസൈൽ ആക്രമണം നടന്നതെന്ന് ലെബനൻ സുരക്ഷാ വൃത്തങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. ഹിസ്ബുല്ലയുടെ ഏറ്റവും മുതിർന്ന സൈനിക കമാൻഡർ ഫുആദ് ഷുക്കറിനെ ഇല്ലാതാക്കിയെന്നാണ് ഇസ്രയേലിന്റെ അവകാശവാദം. അതേസമയം ഹിസ്ബുല്ലയും ലെബനീസ് അധികൃതരും ഇതുവരെ കമാൻഡറുടെ മരണം സ്ഥിരീകരിച്ചിട്ടില്ല.
ഇറാൻ പിന്തുണയുള്ള ലെബനീസ് സായുധ സംഘമായ ഹിസ്ബുല്ലയുടെ തെക്കൻ ബെയ്റൂട്ടിലെ ശക്തികേന്ദ്രമായ ഷൂറ കൗൺസിലിന് ചുറ്റുമുള്ള പ്രദേശത്തെ ലക്ഷ്യം വച്ചാണ് ഇസ്രയേൽ മിസൈൽ ആക്രമണം നടത്തിയത്. ശനിയാഴ്ച ഇസ്രയേൽ അധിനിവേശ ഗോലാൻ കുന്നുകളിൽ റോക്കറ്റ് ആക്രമണത്തിൽ ഡ്രൂസ് ഗ്രാമത്തിൽ 12 ഇസ്രയേലി യുവാക്കള്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പ്രതികാരമായാണ് ഹിസ്ബുല്ലയെ ലക്ഷ്യം വച്ച് ഇസ്രയേൽ പ്രത്യാക്രമണം നടത്തിയത്.
https://www.facebook.com/Malayalivartha