ഇറാന്റെ ആക്രമണത്തിന് കൃത്യമായ മറുപടി നല്‍കുമെന്ന് ഇസ്രയേല്‍; വ്യോമാക്രമണങ്ങള്‍ നടത്തുന്നതിനായി തങ്ങളുടെ വ്യോമാതിർത്തി ഉപയോഗിക്കാൻ ഇസ്രയേലിനെ അനുവദിക്കില്ലെന്ന് ഗൾഫ് രാജ്യങ്ങൾ...
ഇറാനെതിരെ വ്യോമാക്രമണങ്ങള്‍ നടത്തുന്നതിനായി തങ്ങളുടെ വ്യോമാതിർത്തി ഉപയോഗിക്കാൻ ഇസ്രയേലിനെ അനുവദിക്കില്ലെന്ന നിലപാടാണ് സൗദി അറേബ്യ, യുഎഇ, ഖത്തർ പോലുള്ള രാജ്യങ്ങള്‍ സ്വീകരിച്ചിരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളിലെ എണ്ണ കേന്ദ്രങ്ങള്‍ ബാധിക്കാതിരിക്കുന്നതിനായാണ് ഇത്തരമൊരു നീക്കം. അമേരിക്കയെ ഈ നിലപാട് ഗള്‍ഫ് രാജ്യങ്ങള്‍ അറിയിച്ചതായാണ് റിപ്പോർട്ട് പറയുന്നത്. ഇറാന്റെ ആക്രമണത്തിന് കൃത്യമായ മറുപടി നല്‍കുമെന്ന് ഇസ്രയേല്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, തിരിച്ചടി നല്‍കിയാല്‍ ഇസ്രയേലിനെ കാത്തിരിക്കുന്നത് വൻനാശമായിരിക്കുമെന്നായിരുന്നു ഇറാന്റെ പ്രതികരണം. ഇതോടെ സംഘർഷം രൂക്ഷമാകാനുള്ള സാധ്യതകളും വർധിച്ചു.
ഈ വാരം നടന്ന ചർച്ചയില്‍ ഗള്‍ഫ് രാജ്യങ്ങളിലെ എണ്ണ കേന്ദ്രങ്ങളുടെ സുരക്ഷ ഉറപ്പാക്കാനാകില്ലെന്നാണ് സൗദി അറേബ്യയോട് ഇറാൻ പറഞ്ഞിരിക്കുന്നത്. പ്രത്യേകിച്ചും ഇറാനെതിരെ ആക്രമണം നടത്തുന്നതിനായി ഇസ്രയേലിന് സഹായം നല്‍കുകയാണെങ്കില്‍. ഇറാൻ ഉദ്യോഗസ്ഥരും നയതന്ത്രജ്ഞരുമാണ് ഇക്കാര്യം റോയിട്ടേഴ്‌സുമായി പങ്കുവെച്ചിട്ടുള്ളത്. ഇസ്രയേലിന് വ്യോമാതിർത്തി തുറന്നു നല്‍കിയാല്‍, അതൊരു യുദ്ധം തന്നെയായിരിക്കുമെന്നാണ് ഇറാൻ പറഞ്ഞതെന്ന് സൗദി അനലിസ്റ്റായ അലി ഷിഹാബി വെളിപ്പെടുത്തി. ഇറാനെതിരായ ആക്രമണങ്ങളില്‍ ഇസ്രയേലിന് എന്തെങ്കിലും തരത്തിലുള്ള പ്രാദേശിക പിന്തുണ നല്‍കിയാല്‍ ഇറാഖ് അല്ലെങ്കില്‍ യെമൻ പോലുള്ള രാജ്യങ്ങളിലെ സഖ്യകക്ഷികളില്‍ നിന്ന് പ്രതികരണമുണ്ടാകുമെന്ന് റിയാദിന് വ്യക്തമായ സന്ദേശം ഇറാൻ നല്‍കിയിട്ടുണ്ടെന്നും നയതന്ത്രജ്ഞൻ കൂട്ടിച്ചേർത്തു.
സൗദി ഭരണാധികാരി മുഹമ്മദ് ബിൻ സല്‍മാനും ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്‌ചിയും തമ്മിലുള്ള ചർച്ചയിലെ പ്രധാന വിഷയവും ഇസ്രയേല്‍ ആക്രമണങ്ങളെക്കുറിച്ചായിരുന്നു. പിന്തുണ തേടുന്നതിനായി ഗള്‍ഫ് രാജ്യങ്ങളില്‍ സന്ദർശനം നടത്തുകയാണ് അറാഖ്‌ചി നിലവില്‍. ചർച്ചകളുമായി ചേർന്നുനില്‍ക്കുന്ന അമേരിക്കൻ പ്രതിനിധികളും ഗള്‍ഫ് രാജ്യങ്ങള്‍ ആശങ്ക പങ്കുവെച്ച വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. ഇസ്രയേലിന്റെ ആക്രമണങ്ങള്‍ നിയന്ത്രിക്കണമെന്ന് ഗള്‍ഫ് രാജ്യങ്ങള്‍ ആവശ്യപ്പെട്ടോ എന്ന കാര്യത്തില്‍ പ്രതികരിക്കാൻ അമേരിക്ക തയാറായിട്ടില്ല. കഴിഞ്ഞ ദിവസം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അമേരിക്കൻ പ്രസിഡന്റ് ഡോ ബൈഡനും ഫോണ്‍ സംഭാഷണം നടത്തിയിരുന്നു. ഇറാന് തിരിച്ചടി നല്‍കുന്നതില്‍ പൂർണ പിന്തുണയാണ് അമേരിക്ക ഇസ്രയേലിന് വാഗ്ദാനം ചെയ്തിരിക്കുന്നത്.
ഇതിന്റെ ഭാഗമായി സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ഖത്തർ എന്നിവയുൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളും ഇറാനെതിരായ ആക്രമണത്തിന് ഇസ്രായേലിനെ തങ്ങളുടെ വ്യോമാതിർത്തിയിൽ പറക്കാൻ അനുവദിക്കില്ല, എന്ന് വാഷിംഗ്ടണിനെ അറിയിച്ചിട്ടുണ്ട്.
ഏത് പ്രതികാരവും വൻ നാശത്തിന് വിധേയമാകുമെന്ന് ടെഹ്‌റാൻ പറഞ്ഞിരുന്നു, ഇത് ഈ മേഖലയിൽ ഒരു വ്യാപകമായ യുദ്ധത്തെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തുന്നു. ഇറാൻ്റെ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങളെ ഇസ്രായേൽ ലക്ഷ്യമിടുന്നേക്കുമെന്ന ആശങ്കകൾ ഉയരുന്നതിനിടെ,ആണ് വാഷിംഗ്ടണുമായി തങ്ങളുടെ സ്വാധീനം ഉപയോഗിക്കാൻ ഗൾഫ് രാജ്യങ്ങൾ നീക്കം നടത്തുന്നത്.
അതിനിടെ ഇറാനെതിരെ പ്രത്യാക്രമണം നടത്താൻ രാത്രി ചേർന്ന ഇസ്രായേൽ സുരക്ഷാ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി സിഎൻഎൻ ചാനൽ റിപ്പോർട്ട് ചെയ്തു. എന്നാൽ തീയതിയും ആക്രമണത്തിന്‍റെ സ്വഭാവവും തീരുമാനിച്ചിട്ടില്ല. ഇറാനെതിരെ പരിമിത സ്വഭാവത്തിലുള്ള പ്രത്യാക്രമണത്തിന് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡന്‍റിന്‍റെ അനുമതി ഇസ്രായേലിനുണ്ട്. അതേസമയം, ഇറാൻ ആണവ, സിവിലിയൻ കേന്ദ്രങ്ങൾ ആക്രമിക്കുന്നതിനെ അമേരിക്ക പിന്തുണക്കില്ല.
മേഖലയിലെ സൈനിക താവളങ്ങൾ ഉപയോഗിച്ച് ഇറാനെതിരെ ആക്രമണം നടത്തുന്നതിനെ ഗൾഫ് ഉൾപ്പെടെ അറബ് രാജ്യങ്ങൾ അനുവദിക്കില്ല. തങ്ങളുടെ വ്യോമാതിർത്തി ഇസ്രായേൽ പോർവിമാനങ്ങൾ ഉപയോഗിക്കാൻ ശ്രമിച്ചാൽ ആക്രമിക്കാൻ സേനക്ക് അനുമതി നൽകിയതായി അറബ് രാജ്യങ്ങൾ അമേരിക്കയെ അറിയിച്ചതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് യു.എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മേഖലയിലെ യുഎസ് താവളങ്ങൾ മുഖേന തങ്ങളെ ആക്രമിച്ചാൽ ബന്ധപ്പെട്ട രാജ്യത്തിന് നേരെ തിരിച്ചടിക്കുമെന്ന് കഴിഞ്ഞ ദിവസം ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. യുദ്ധം തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ ആക്രമണം നടന്നാൽ തിരിച്ചടി മാരകമായിരിക്കുമെന്നും ഇറാൻ ഇസ്രായേലിന് മുന്നറിയിപ്പ് നൽകി.
https://www.facebook.com/Malayalivartha