ഗാസയെ ചരിത്രത്തില്‍ നിന്ന് തൂത്തെറിയാന്‍ ഇസ്രായേല്‍ ഇറങ്ങി; ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കുട്ടികളുള്‍പ്പടെ 29 പേര്‍ കൊല്ലപ്പെട്ടു
ഗാസയെ ചരിത്രത്തില്‍ നിന്ന് തൂത്തെറിയാന്‍ ഇസ്രായേല്‍ ഇറങ്ങി. ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കുട്ടികളുള്‍പ്പടെ 29 പേര്‍ കൊല്ലപ്പെട്ടു. മധ്യ ഗാസയില്‍ ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിച്ചിരുന്ന സ്‌കൂളാണ് ഇസ്രയേല്‍ സേന ആക്രമിച്ചത്. ഇവിടെ നൂറോളം ഹമാസ് തീവ്രവാദികള്‍ തമ്പടിച്ചിട്ടുണ്ടെന്നാണ് ഇസ്രായേലിന്റെ വിശദീകരണം. ഇതിനൊപ്പമാണ് തെക്കന്‍ ലെബനനില്‍ വന്‍ തുരങ്കം കണ്ടെത്തിയതായി ഇസ്രയേല്‍ പ്രതിരോധ സൈന്യം അവകാശപ്പെടുന്നത്. ഏഴ് മീറ്റര്‍ ആഴത്തിലുള്ളതാണ് ഈ തുരങ്കമെന്നും വന്‍തോല്‍ ഭീകരര്‍ ആയുധവുമായി ഒളിച്ചുപാര്‍ക്കുന്നതായി ഇസ്രായേല്‍ പറയുന്നു. ഗമാസ് ഭീകരരുടെ ഒളിതാവളമായിരുന്നു ഇത്.
ഇന്നലത്തെ ആക്രമണത്തില്‍ ഗാസയില്‍ 19 പേരും ജബാലിയയില്‍ 10 പേരുമാണ് കൊല്ലപ്പെട്ടത്. പരുക്കേറ്റവരില്‍ പലരുടെയും നില അതീവ ഗുരുതരമാണ്. ജബാലിയയെ ഇസ്രയേല്‍ സൈന്യം നാലുഭാഗത്തുനിന്നും വളഞ്ഞിരിക്കുകയാണ്. ഏതാണ്ട് നാലു ലക്ഷത്തിലേറെ പാലസ്തീന്‍കാര്‍ ഇവിടെ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവിടെ നിന്നും മാരക സ്ഫോടകവസ്തുക്കളും ആയുധങ്ങളും പിടിച്ചെടുത്തതായി ഇസ്രയേല്‍ സൈന്യം പറഞ്ഞു.ഗാസയുടെ ദക്ഷിണ മേഖലയിലുള്ള രണ്ടു പ്രദേശങ്ങളിലുള്ള ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ സൈന്യം ആവശ്യപ്പെട്ടിരിക്കുകയാണ്.
വടക്കന്‍ ഗാസയ്ക്ക് സമീപം റോഡരികില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ക്ക് നേരെ നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ കഴിഞ്ഞ ദിലസം അഞ്ചു കുട്ടികള്‍ കൊല്ലപ്പെട്ടിരുന്നു. ഇതോടെ ഒരു വര്‍ഷമായി ഇസ്രായേല്‍ നടത്തുന്ന പോരാട്ടത്തില്‍ മരണസംഖ്യ 43,000 കടന്നിരിക്കുകയാണ്. ഹമാസുകളെ മാത്രമല്ല ഹിസ്ബുള്ളയെയും തരിപ്പണമാക്കാന്‍ ഇസ്രായേല്‍ ശക്തമായ പോരാട്ടം നടത്തിവരികയാണ്. ഒരാഴ്ചയ്ക്കുള്ളില്‍ ഹമാസിനെയും ഹിസ്ബുള്ളയെയും ഇല്ലാതാക്കുമെന്നാണ് ഇസ്രായേല്‍ പറയുന്നുത്. ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ലെബനനില്‍ ഇസ്രയേല്‍ നടത്തുന്ന കരയുദ്ധം യു.എന്‍ സമാധാന സംഘത്തിന് നേരെയും നീളുകയാണ്.
ഐക്യരാഷ്ട്രസഭാ സമാധാന സംഘത്തിന്റെ കേന്ദ്രത്തില്‍ ഇസ്രായേല്‍ സൈന്യം ടാങ്കുകള്‍ ഉപയോഗിച്ച് ചുറ്റുമതില്‍ ഭേദിച്ച് ഉള്ളില്‍ കടന്നു. ഇസ്രയേല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ അഞ്ചോളം യു.എന്‍ സമാധാന സേനാംഗങ്ങള്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം, ലെബനോനിലെ ഐക്യരാഷ്ട്രസഭാ സേനാംഗങ്ങളെ ഹിസ്ബുള്ള മനുഷ്യകവചമായി ഉപയോഗിക്കുകയാണെന്നും അവരെ പിന്‍വലിക്കണമെന്നും കഴിഞ്ഞ ദിവസം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിനോട് ആവശ്യപ്പെട്ടിരുന്നു. ലബനനിലെ യു എന്‍ സമാധാന സേനയില്‍ അറുന്നൂറിലധികം ഇന്ത്യന്‍ സൈനികരുണ്ട്. ഈ സാഹചര്യത്തില്‍ യു.എന്‍ സേനയ്ക്കുനേരെയുണ്ടാകുന്ന ഒരാക്രമണവും അംഗീകരിക്കാനാകില്ലെന്ന് ഇന്ത്യന്‍ വിദേശ മന്ത്രാലയം പ്രതികരിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് ഇസ്രയേല്‍ നടത്തുന്നതെന്നും ഇന്ത്യ അഭിപ്രായപ്പെട്ടു.
ബെയ്റൂട്ടിന്റെ മധ്യ ഭാഗത്തേക്ക് ഇസ്രായേല്‍ ശക്തമായ ആക്രമണം നടത്തിവരികയാണ്. ഹിസ്ബുള്ളയുടെ അവശേഷിക്കുന്ന മുന്‍നിര നേതാവ് വാഫിഖ് സഫയെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. എന്നാല്‍ ലാഫിഖിനെ കൊലപ്പെടുത്താന്‍ ഇസ്രായേലിന് സാധിച്ചില്ല. ഇന്നു രാവിലെ വരെ ഗാസയില്‍ വിവിധയിടങ്ങളിലായി 110 പേരെ ഇസ്രായേല്‍ കൊലപ്പെടുത്തിയിട്ടുണ്ട്. നാനൂറു പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. വെസ്റ്റ് ബാങ്കില്‍ ഇസ്ലാമിക് ജിഹാദ് കമാന്‍ഡര്‍ മൊഹമ്മദ് അബ്ദുള്ളയെ വധിച്ചതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു.
വടക്കന്‍ ഇസ്രയേലിലെ സൈനിക ക്യാമ്പിന് നേരെ ഹിസ്ബുള്ള നടത്തിയ വ്യോമാക്രമണത്തില്‍ നാല് സൈനികര്‍ കൊല്ലപ്പെട്ടു. 65 പേര്‍ക്ക് പരിക്കേറ്റതായി ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് വ്യക്തമാക്കി. ടെല്‍ അവീവിന് വടക്കുള്ള ബിന്‍യാമിന പട്ടണത്തിന് സമീപമുള്ള സൈനിക ക്യാമ്പിന് നേരെയാണ് ഡ്രോണ്‍ ആക്രമണം ഉണ്ടായത്. പരിക്കേറ്റവരെ ആംബുലന്‍സിലും ഹെലിക്കോപ്റ്ററിലുമായി പ്രദേശത്തെ എട്ട് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
ബിന്‍യാമിനയിലെ ഇസ്രയേലി സൈനിക പരിശീലന കേന്ദ്രം ലക്ഷ്യമാക്കി ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയതായി കഴിഞ്ഞ ദിവസം ഹിസ്ബുള്ള അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്രയേലി സൈനികര്‍ കൊല്ലപ്പെട്ടെന്ന വിവരം ഇസ്രയേല്‍ പുറത്തുവിട്ടത്. വ്യാഴാഴ്ച ഇസ്രയേല്‍ ലെബനോനില്‍ നടത്തിയ വ്യോമാക്രമണത്തിനുള്ള തിരിച്ചടിയാണ് സൈനിക കേന്ദ്രത്തിലെ ഡ്രോണ്‍ ആക്രമണമെന്നാണ് ഹിസ്ബുള്ള അറിയിച്ചത്. ഇസ്രയേലിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ കണ്ണുവെട്ടിച്ചായിരുന്നു ഹിസ്ബുള്ളയുടെ ആക്രമണം.
https://www.facebook.com/Malayalivartha