ഇറാനിൽ നിന്നുള്ള ആക്രമണങ്ങളെ പ്രതിരോധിക്കാൻ, താഡ് ബാറ്ററി വിന്യസിക്കാന്‍ സമ്മതം നൽകി അമേരിക്ക...
ഇസ്രയേല്‍ സൈനികനടപടി ലെബനനിൽ ശക്തമാക്കുമ്പോള്‍ അത്യാധുനിക മിസൈല്‍ പ്രതിരോധ സംവിധാനം വിന്യസിക്കാന്‍ തയ്യാറെടുക്കുകയാണ് അമേരിക്ക. ഇറാനിൽ നിന്നുള്ള ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനായി ദ ടെര്‍മിനല്‍ ഹൈ ആള്‍റ്റിറ്റ്യൂഡ് ഏരിയ ഡിഫെന്‍സ്(ടിഎച്ച്എഎഡി- താഡ്) പ്രതിരോധ സംവിധാനമാണ് ഇസ്രയേലിൽ അമേരിക്ക വിന്യസിക്കുന്നത്. ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കുന്ന സംവിധാനമാണ് താഡ്.
യുഎസ് സൈനികരോടൊപ്പം താഡ് സംവിധാനവും അയയ്ക്കുമെന്ന് യുഎസ് പ്രതിരോധ വകുപ്പ് ആസ്ഥാനമായ ദ പെന്‌റഗണ്‍ അറിയിച്ചു. തങ്ങളുടെ സൈനികസേനയെ ഇസ്രയേലില്‍നിന്ന് അകറ്റി നിര്‍ത്തണമെന്ന് ടെഹ്‌റാന്‍ യുഎസിന് മുന്നറിയിപ്പ് നല്‍കിയതിന് തൊട്ടുപിന്നാലെയാണ് ഈ പ്രഖ്യാപനം. ഇസ്രയേലിന്‌റെ വ്യോമപ്രതിരോധ സംവിധാനം ശക്തമാക്കുന്നതിനാണ് വിന്യാസം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ഇസ്രയേലിന് പ്രതിരോധിക്കാനായി താഡ് ബാറ്ററി വിന്യസിക്കാന്‍ സമ്മതിച്ചതായി അമേരിക്കന്‍ പ്രസിഡന്‌റ് ജോ ബൈഡന്‍ കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. യുദ്ധം ഒഴിവാക്കാനുള്ള വ്യാപക നയതന്ത്ര ശ്രമങ്ങള്‍ക്കിടെയാണ് ഇസ്രയേലിന് അമേരിക്കയുടെ പുതിയ പ്രതിരോധ സംവിധാനം.
ഇത് പശ്ചിമേഷ്യയിലെ സംഘര്‍ഷം കൂടുതല്‍ ആളിക്കത്തിക്കാനുള്ള സാധ്യതയാണുണ്ടാക്കുന്നത്. ഇസ്രയേലിന്‌റെ പ്രതിരോധത്തെ പിന്തുണയ്ക്കുന്നതിനും ഇറാന്‌റെ ആക്രമണങ്ങളില്‍ നിന്ന് അമേരിക്കക്കാരെ സംരക്ഷിക്കുന്നതിന് സമീപ മാസങ്ങളില്‍ യുഎസ് സൈന്യം വരുത്തിയ വിപുലമായ ക്രമീകരണങ്ങളുടെ ഭാഗമാണിതെന്ന് പെന്‌റഗണ്‍ വക്താവ് പാറ്റ് റൈഡര്‍ പറഞ്ഞു.
ഇസ്രയേലില്‍ യുഎസ് മിസൈല്‍ സംവിധാനങ്ങള്‍ വിന്യസിക്കുകവഴി അമേരിക്ക തങ്ങളുടെ സൈനികരുടെ ജീവന്‍ അപകടത്തിലാക്കുകയാണെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അറാക്കി പ്രതികരിച്ചു. ''നമ്മുടെ മേഖലയിലെ യുദ്ധം തടയാന്‍ വളരെയധികം പരിശ്രമിക്കുന്നുണ്ട്. എന്നാല്‍ ഞങ്ങളുടെ ജനങ്ങളെയും താല്‍പ്പര്യങ്ങളെ സംരക്ഷിക്കുന്നതില്‍ റെഡ് ലൈന്‍ ഇല്ലെന്ന് ഞാന്‍ വ്യക്തമായി പറയുന്നു.'' അദ്ദേഹം എക്‌സില്‍ പോസ്റ്റ് ചെയ്തു.
https://www.facebook.com/Malayalivartha