തലവന്മാർ വാഴാത്ത ഹമാസ്... മുന്നറിയിപ്പുമായി ഇറാൻ; ഒന്നുകിൽ ജയം, അല്ലെങ്കിൽ മറ്റൊരു കർബല സംഭവിക്കും...
ലെബനനിലെ ഹിസ്ബുള്ളതലവൻ ഹസൻ നസ്രള്ളയെ വധിച്ച് ആഴ്ചകൾക്കകമാണ് ഹമാസ് തലവൻ യഹ്യ സിൻവാറിനെ കൊലപ്പെടുത്തിയതെന്ന് റിപ്പോർട്ടുകൾ ഐഡിഫ് പുറത്ത് വിട്ടത്. ഡി.എൻ.എ. പരിശോധനയിൽ ഇത് സിൻവറാണെന്നു തെളിഞ്ഞു കഴിഞ്ഞു. ഹമാസിന്റെ വേരറക്കുകയെന്ന ഇസ്രയേലിന്റെ ലക്ഷ്യത്തിൽ ഇത് നിർണായകമാണ്. ഒക്ടോബർ ഏഴിന് തെക്കൻ ഇസ്രയേലിൽ കടന്നുകയറി ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിന്റെ സൂത്രധാരന്മാരിലൊരാളാണ് സിൻവർ. ഇസ്രയേൽ വധിക്കുമെന്ന് പ്രഖ്യാപിച്ച ഹമാസ് നേതാക്കളിൽ ബാക്കിയുണ്ടായിരുന്ന ഏക വ്യക്തി.
ഹമാസ് രാഷ്ട്രീയകാര്യനേതാവ് ഇസ്മയിൽ ഹനിയെ, സായുധവിഭാഗമായ അൽ ഖസ്സാം ബ്രിഗേഡിന്റെ തലവൻ മുഹമ്മദ് ദെയ്ഫ്, ഉന്നത കമാൻഡർ മർവാൻ ഈസ എന്നിവരെ യുദ്ധം തുടങ്ങിയശേഷം ഇസ്രയേൽ വധിച്ചിരുന്നു. ഹമാസ് കീഴടങ്ങിയാൽ സിൻവാറിനെ ഗാസവിടാൻ അനുവദിക്കാമെന്ന് ഇസ്രയേൽ വാഗ്ദാനം ചെയ്തതായി റിപ്പോർട്ടുണ്ടായിരുന്നു. ജൂലായിൽ ഇറാനിൽ ആക്രമണം നടത്തി ഹനിയെയെ ഇസ്രയേൽ വധിച്ചതോടെയാണ് ഗാസയിൽ ഒളിച്ചുകഴിഞ്ഞിരുന്ന സിൻവർ ഹമാസിന്റെ രാഷ്ട്രീയകാര്യനേതാവാകുന്നത്. ഒാഗസ്റ്റിൽ ചുമതലയേറ്റെടുത്തു. 2017 മുതൽ ഹമാസിന്റെ ഗാസയിലെ നേതാവും ഹമാസിന്റെ സുരക്ഷാകാര്യവിഭാഗം സഹസ്ഥാപകനായിരുന്നു. ഇറാനുമായി അടുത്തബന്ധം പുലർത്തിയിരുന്നു.
1962-ൽ ഈജിപ്തിന്റെ നിയന്ത്രണത്തിലായിരുന്ന ഖാൻ യൂനിസിലെ അഭയാർഥി ക്യാമ്പിലായിരുന്നു സിൻവാറിന്റെ ജനനം. ഗാസയിലെ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയിൽ ഇസ്രയേലിന്റെ അധിനിവേശ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് 1982ലും 1985ലും സിൻവാർ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. പിന്നീട് ഹമാസ് രൂപീകരണത്തോടെ സംഘടനയുടെ ഭാഗമായ സിൻവാർ 1988ൽ വീണ്ടും അറസ്റ്റ് ചെയ്യപ്പെടുകയും നാല് ജീവപര്യന്തം ശിക്ഷിക്കപ്പെടുകയുമായിരുന്നു. 22 വർഷക്കാലമാണ് യഹിയ സിൻവാർ ഇസ്രയേലി തടവറയിൽ കഴിച്ചുകൂട്ടിയത്. ഹമാസ് പിടികൂടിയ ഇസ്രയേൽ സൈനികൻ ഗിലാദ് ഷാലിത്തിനെ വിട്ടയക്കാൻ പലസ്തീനി തടവുകാരെ മോചിപ്പിക്കണമെന്ന ധാരണയുടെ ഭാഗമായി 2011-ലാണ് പിന്നീട് സിൻവാർ ജയിലിൽനിന്ന് പുറത്തിറങ്ങുന്നത്.
മോചിതനായ ശേഷം, ഹമാസിൻ്റെ നേതൃനിരയിൽ തന്നെ ഏറ്റവും ശക്തനായ വ്യക്തിത്വമായി അതിവേഗമാണ് സിൻവാർ മാറിയത്. 2012-ൽ അദ്ദേഹം സംഘടനയുടെ രാഷ്ട്രീയ വിഭാഗം മേധാവിയായി തിരഞ്ഞെടുക്കപ്പെടുകയും സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡിന്റെ പ്രവർത്തനം ഏകോപിപ്പിക്കുകയും ചെയ്തു. 2014-ൽ നടന്ന ഏഴ് ആഴ്ചകൾ നീണ്ട ഇസ്രയേലുമായുള്ള ഏറ്റുമുട്ടലിൽ പ്രധാന രാഷ്ട്രീയ-സൈനിക പങ്ക് വഹിച്ചതും സിൻവാറായിരുന്നു. 2015ൽ അമേരിക്ക അദ്ദേഹത്തെ 'ആഗോള ഭീകരനായി' മുദ്രകുത്തുകയും ചെയ്തു.
2017 ൽ, പിൻഗാമിയായി ഇസ്മായിൽ ഹനിയ എത്തുന്നതോടെയാണ് സിന്‍വാർ ഹമാസിന്റെ ഗാസ വിഭാഗം മേധാവിയായത്. ഹമാസ് ഉന്നത നേതാവ് യഹ്യ സിൻവർ വധിക്കപ്പെട്ടത് മറ്റ് ആക്രമണങ്ങൾക്കിടെ യാദൃച്ഛികമായി സംഭവിച്ചതെന്നാണ് റിപ്പോർട്ട്. ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ സൂക്ഷ്മമായ ആസൂത്രണത്തിലൂടെയാണ് കഴിഞ്ഞകാലങ്ങളിൽ ഹമാസ് ഉന്നതരെ ഇസ്രയേൽ ഇല്ലാതാക്കിയിരുന്നത്. എന്നാൽ, ഇസ്രയേലിന്റെ ചാരക്കണ്ണുകൾ വെട്ടിച്ചാണ് കഴിഞ്ഞ ഒരുവർഷം സിൻവർ യുദ്ധഭൂമിയിൽ കഴിഞ്ഞത്. സിൻവറിന്റെ വധത്തോടെ ബന്ദികളുടെ മോചനം ഉടനുണ്ടാകുമെന്നാണ് ഇസ്രയേലിന്റെ പ്രതീക്ഷ. നേതൃനിര ശൂന്യമായതോടെ ഹമാസിന്റെ അടുത്ത നീക്കം എന്താകുമെന്നും എല്ലാവരും ഉറ്റുനോക്കുന്നു.
അതിനിടെ യഹ്യ സിൻവാറെ ഇസ്രയേൽ വധിച്ചതിന് പിന്നാലെ മുന്നറിയിപ്പുമായി ഇറാൻ രംഗത്ത് വന്നു. പലസ്തീൻ വിമോചനത്തിനായി രംഗത്തിറങ്ങുന്ന യുവാക്കൾക്കും കുട്ടികൾക്കും യഹ്യ മാതൃകയാകും. അധിനിവേശവും ആക്രമണവുമുള്ളിടത്തോളം പ്രതിരോധം നിലനിൽക്കും. രക്തസാക്ഷികൾ മരിക്കുന്നില്ല, അവർ പോരാട്ടത്തിനുള്ള പ്രചോദനമായി തുടരുമെന്നും ഇറാൻ വ്യക്തമാക്കി. സമാധാനത്തിനും ചർച്ചകൾക്കും ഇനി സ്ഥാനമില്ലെന്ന് ഇറാൻ സൈന്യവും അറിയിച്ചു. ഒന്നുകിൽ നമ്മൾ വിജയിക്കും, മറിച്ചാണെങ്കിൽ മറ്റൊരു കർബല സംഭവിക്കുമെന്നും സൈന്യം എക്സിൽ കുറിച്ചു. ഇസ്‌ലാമിക ചരിത്രത്തിലെ ഏറ്റവും ഹീനമായ കൂട്ടക്കൊലകളിൽ ഒന്നായി ആണ് കർബല യുദ്ധത്തെ കാണുന്നത്. സമാധാനത്തിനോ ചർച്ചയ്‌ക്കോ ഇനി ഇടമില്ലെന്നാണ് ഇറാൻ സൈന്യം എക്സിൽ കുറിച്ചത്.
https://www.facebook.com/Malayalivartha