ഉത്തര കൊറിയയെ പേടിക്കണം... വീണ്ടും മിസൈല്‍ വിക്ഷേപണവുമായി കിം ജോങ് ഉന്നിന്റെ ഉത്തര കൊറിയ; അമ്പരപ്പോടെ പാശ്ചാത്യ രാജ്യങ്ങള്‍
ഇടവേളയ്ക്കു ശേഷം കിം ജോങ് ഉന്‍ ശക്തി പ്രകടനം നടത്തുകയാണ്. വീണ്ടും മിസൈല്‍ വിക്ഷേപണവുമായി കിം ജോങ് ഉന്നിന്റെ ഉത്തര കൊറിയ. കിഴക്കന്‍ കടലിലേക്ക് ഉത്തര കൊറിയ വ്യാഴാഴ്ച പുലര്‍ച്ചെ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചതായി ദക്ഷിണ കൊറിയന്‍ ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് അറിയിച്ചു.
മിസൈല്‍ പരീക്ഷണത്തിന്റെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ലെന്ന് ദക്ഷിണ കൊറിയന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഉത്തര കൊറിയ പരീക്ഷിച്ചത് ബാലിസ്റ്റിക് മിസൈല്‍ ആകാനിടയുണ്ടെന്ന് ജപ്പാന്റെ തീരസംരക്ഷണ സേനയും അറിയിച്ചു. ഇതിനു മുന്‍പ് ജൂലൈയിലും സെപ്റ്റംബറിലും ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തിയിരുന്നു.
ഉത്തര കൊറിയ ഏഴാമത്തെ ആണവ പരീക്ഷണത്തിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയെന്നും യുഎസ് വരെ ദൂരപരിധിയുള്ള ദീര്‍ഘദൂര മിസൈല്‍ പരീക്ഷണത്തിന് തയാറെടുക്കുകയാണെന്നുമുള്ള ദക്ഷിണ കൊറിയന്‍ സൈനിക ഇന്റലിജന്‍സ് ഏജന്‍സിയുടെ മുന്നറിയിപ്പിനു പിന്നാലെയാണ് ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ വരുന്നത്.
അതേസമയം യുക്രെയ്‌നിനെതിരെ പോരാടാന്‍ റഷ്യന്‍ സൈനിക യൂണിഫോമില്‍ ഉത്തര കൊറിയന്‍ സൈനികര്‍ റഷ്യയുടെ പടിഞ്ഞാറന്‍ പ്രവിശ്യയായ കര്‍സ്‌കിലേക്ക് നീങ്ങുന്നതായി യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ വെളിപ്പെടുത്തി. അപകടകരവും മേഖലയില്‍ അസ്ഥിരത സൃഷ്ടിക്കുന്നതുമായ നീക്കമാണിതെന്നും അദ്ദഹം പറഞ്ഞു. ദക്ഷിണ കൊറിയന്‍ പ്രതിരോധ മന്ത്രി കിം യോങ് ഹ്യുനൊപ്പം പെന്റഗണില്‍ മാധ്യമപ്രവര്‍ത്തകരെ കാണുകയായിരുന്നു ലോയ്ഡ് ഓസ്റ്റിന്‍.യുക്രെയ്‌നിനെതിരെ പോരാടാന്‍ സൈന്യത്തെ വിട്ടുനല്‍കുന്നതിനു പകരമായി ഉത്തര കൊറിയ റഷ്യയില്‍ നിന്ന് തന്ത്രപരമായ ആണവായുധങ്ങളും ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ സാങ്കേതികവിദ്യയും നേടിയെടുക്കാന്‍ സാധ്യതയുണ്ടെന്ന് ദക്ഷിണ കൊറിയന്‍ പ്രതിരോധ മന്ത്രി കിം യോങ് ഹ്യുന്‍ പറഞ്ഞു. അത്തരത്തിലുള്ള നീക്കം അപകടകരമായ സാഹചര്യം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുക്രെയ്‌നിനെതിരെ പോരാടാന്‍ അയച്ച സൈന്യത്തെ ഉത്തര കൊറിയ പിന്‍വലിക്കണമെന്ന് ലോയ്ഡ് ഓസ്റ്റിനും കിം യോങ് ഹ്യുനും ആവശ്യപ്പെട്ടു.
ഉത്തര കൊറിയന്‍ സേനാ യൂണിറ്റുകളിലായി 11000 സൈനികര്‍ റഷ്യയ്‌ക്കൊപ്പം ചേര്‍ന്നുവെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉദ്ധരിച്ച് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിനോട് പ്രതികരിച്ച ലോയ്ഡ് ഓസ്റ്റിന്‍, എന്താണ് അവിടെ സംഭവിക്കുകയെന്ന് തങ്ങള്‍ നിരീക്ഷിക്കുകയാണെന്ന് വ്യക്തമാക്കി. 'ഉത്തര കൊറിയയും റഷ്യയും യുദ്ധ പങ്കാളികളായാല്‍, റഷ്യക്കൊപ്പം പോരാടാന്‍ ഉത്തര കൊറിയ തീരുമാനിച്ചാല്‍ അത് വളരെയേറെ ഗുരുതരമായ സ്ഥിതിയാണ്' ഓസ്റ്റിന്‍ പറഞ്ഞു.
അതേസമയം ഇസ്രയേലിനെതിരെ ആക്രമണത്തിന് ഒരുങ്ങിയെന്ന സൂചനയുമായി ഇറാന്‍. 'സമയമാകുന്നു' എന്ന കുറിപ്പോടെ എക്‌സില്‍ ഇറാന്‍ സൈന്യം പങ്കുവച്ച പോസ്റ്റിലാണ് ആക്രമണ സൂചനയുള്ളത്. 'ട്രൂ പ്രോമിസ് 3' എന്ന ഹാഷ്ടാഗിനൊപ്പമാണു പോസ്റ്റ്. ഉച്ചയ്ക്ക് 1.53ന് പങ്കുവച്ച 25 സെക്കന്റുള്ള വിഡിയോ ട്വീറ്റാണു ചര്‍ച്ചയാകുന്നത്.
ക്ലോക്കിന്റെ സെക്കന്റ് സൂചിയുടെ ശബ്ദവും ദൃശ്യവുമാണു വിഡിയോയില്‍ ആദ്യം കാണുക. ലോഞ്ച് ചെയ്യാന്‍ തയാറായിരിക്കുന്ന മിസൈലിന്റെ ദൃശ്യങ്ങളാണ് അടുത്തതായി കാണിക്കുന്നത്. ശേഷം, 'ശിക്ഷാനേരം അടുത്തെത്തി' എന്ന് ഇംഗ്ലിഷിലും പേര്‍ഷ്യന്‍ ഭാഷയിലും എഴുതി കാണിക്കുന്നുമുണ്ട്. 'ദൈവത്തിന്റെ അവസാന ന്യായവിധി അടുത്തു' എന്ന മറ്റൊരു പോസ്റ്റും ചിത്രവും തൊട്ടുപിന്നാലെയും പങ്കുവച്ചിട്ടുണ്ട്.
'ഓപ്പറേഷന്‍ ട്രൂ പ്രോമിസ്' പോലുള്ള പ്രത്യാക്രമണങ്ങള്‍ നടത്താന്‍ ഇറാനു കഴിവുണ്ടെന്നു പ്രതിരോധ മന്ത്രി ബ്രിഗേഡിയര്‍ ജനറല്‍ അസീസ് നാസിര്‍സാദെ പറഞ്ഞിരുന്നു. ഇസ്രയേല്‍ കടന്നുകയറിയ പലസ്തീനിയന്‍ പ്രദേശങ്ങള്‍ ലക്ഷ്യമിട്ട് ഏപ്രിലില്‍ ഇറാന്‍ നടത്തിയ ആക്രമണമാണ് 'ഓപ്പറേഷന്‍ ട്രൂ പ്രോമിസ്'. ഇതു പരാമര്‍ശിച്ചാണ് ഇറാന്‍ പ്രതിരോധ മന്ത്രിയുടെ മുന്നറിയിപ്പ്. ഇറാനു വളരെയേറെ പ്രതിരോധശേഷിയുണ്ടെന്നു പാര്‍ലമെന്റിന്റെ ദേശീയ സുരക്ഷാ വിദേശകാര്യ സമിതി വക്താവ് ഇബ്രാഹിം റെസായ് പറഞ്ഞതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
https://www.facebook.com/Malayalivartha