സ്‌പെയിനിൽ കനത്ത മഴ...വെള്ളപ്പൊക്കത്തിൽ മരണം 158 ആയി...മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് ആശങ്കയുണ്ട്...പാലങ്ങൾ തകരുകയും റോഡുകൾ തിരിച്ചറിയാനാകാത്ത വിധം ആവുകയും ചെയ്തിട്ടുണ്ട്.
സ്‌പെയിനിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മരണം 158 ആയി. നിരവധി പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. കഴിഞ്ഞ അഞ്ച് നൂറ്റാണ്ടിനിടെ യൂറോപ്പിലുണ്ടായ ഏറ്റവും വലിയ ദുരന്തമായാണ് ഇതിനെ കാണുന്നത്. വെള്ളപ്പൊക്കത്തിൽ പാലങ്ങൾ തകരുകയും റോഡുകൾ തിരിച്ചറിയാനാകാത്ത വിധം ആവുകയും ചെയ്തിട്ടുണ്ട്. ഇത് രക്ഷാ പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു.
ഒരു വർഷം ലഭിക്കേണ്ട മഴയാണ് വലെൻസിയ പ്രദേശത്ത് എട്ടുമണിക്കൂറിനിടെ പെയ്തത്. സ്പെയിനിന്റെ ചരിത്രത്തിലെ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട ഏറ്റവും വലിയ ദുരന്തമാണ് ഇപ്പോഴുണ്ടായിരിക്കുന്നതെന്നാണ് വിലയിരുത്തൽ.2021-ൽ ജർമനിയിലുണ്ടായ ശക്തമായ വെള്ളപ്പൊക്കത്തിൽ 185 പേർക്ക് ജീവൻ നഷ്ടമായിരുന്നു. ഇതിനുമുൻപ് 1970-ൽ 209 പേർ റൊമേനിയയിലും 1967-ൽ 500 പേർ പോർച്ചുഗലിലും വെള്ളപ്പൊക്കത്തിൽ മരണമടഞ്ഞു.
തെരുവുകളിൽ കാറുകൾ ഒഴുകിപ്പോകുന്നതും കെട്ടിടങ്ങളിൽ വെള്ളം അടിച്ചുകയറുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സ്പെയിനിന്റെ തെക്ക് കിഴക്കൻ മേഖലയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത മഴയാണ് അനുഭവപ്പെടുന്നത്.സ്പെയിനിലെ ബോറിയോഡെല ടോറെ, വലൻസിയ തുടങ്ങിയ നഗരങ്ങളിൽ കനത്ത വെള്ളപ്പൊക്കമാണുള്ളത്. വീടുകളിൽ വെള്ളം കയറി. കൂടാതെ ഇടി മിന്നലിന്റെ അകമ്പടിയോടെ തുടർച്ചയായി പെയ്യുന്ന മഴയിൽ നദികളിൽ ജലനിരപ്പ് ഉയർന്ന് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. അഭൂതപൂർവമായ തോതിലെ വെള്ളപ്പൊക്കം പ്രധാന നഗരങ്ങളെ എല്ലാം വെള്ളത്തിനടിയിലാക്കി.
https://www.facebook.com/Malayalivartha