അടുത്ത തലവനെയും ഇല്ലാതാക്കി ഇസ്രായേൽ..ഹമാസിന്റെ അവസാനത്തെ മുതിർന്ന ഉദ്യോഗസ്ഥനായ, ഇസ് അൽദിൻ കസബിനെ വധിച്ചതായി ഇസ്രായേൽ സൈന്യം...
അടുത്ത തലവനെയും ഇല്ലാതാക്കി ഇസ്രായേൽ . ഹമാസിന്റെ നേതൃനിരയെ പൂർണമായും ഇല്ലാതാക്കിയെന്ന പ്രഖ്യാപനവുമായി ഇസ്രായേൽ. ഹമാസിന്റെ അവസാനത്തെ മുതിർന്ന ഉദ്യോഗസ്ഥനായ ഇസ് അൽദിൻ കസബിനെ വധിച്ചതായി ഇസ്രായേൽ സൈന്യം പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. ഖാൻ യൂനിസിൽ നടത്തിയ വ്യോമാക്രമണത്തിലാണ് കസബിനെ വധിച്ചത്. ഗാസയിൽ മറ്റ് തീവ്രവാദ സംഘടനകളുമായി ഹമാസിന്റെ പ്രവർത്തനം ഏകോപിപ്പിച്ചിരുന്നത് ഇയാളുടെ നേതൃത്വത്തിലാണെന്ന് ഇസ്രായേൽ അറിയിച്ചു.
കസബിന്റെ മരണം സ്ഥിരീകരിച്ചും, അനുശോചനം അറിയിച്ചുകൊണ്ടുമുള്ള പ്രസ്താവന ഹമാസും പുറത്ത് വിട്ടിട്ടുണ്ട്. ഹമാസ് നേതാവ് അയ്മാൻ ആയിഷും കസബിനൊപ്പം കൊല്ലപ്പെട്ടതായി പ്രസ്താവനയിൽ പറയുന്നു. ഇരുവരും സഞ്ചരിച്ച കാറിന് നേരെയാണ് ഇസ്രായേൽ ആക്രമണം നടത്തിയത്. എന്നാൽ കസബ് ഹമാസിന്റെ രാഷ്‌ട്രീയകാര്യ സമിതിയിലെ അംഗമല്ലെന്നും, ഗാസയിൽ സംഘടനയുടെ നേതൃസ്ഥാനം വഹിച്ചിരുന്ന ആളാണെന്നുമാണ് ഹമാസ് വൃത്തങ്ങൾ പറയുന്നത്.
കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിന് ഇസ്രായേലിന് നേരെയുണ്ടായ ആക്രമണത്തിന്റെ സൂത്രധാരനായ യഹിയ സിൻവറും ഏതാനും ആഴ്ചകൾക്ക് മുൻപ് ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഒരു വർഷത്തിലധികം ഇസ്രായേൽ സൈന്യത്തെ വെട്ടിച്ച് യുദ്ധഭൂമിയിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. അടുത്ത ചൊവ്വാഴ്ച നടക്കാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുന്നോടിയായി ഇരു മേഖലകളിലും വെടിനിർത്തൽ നടപ്പാക്കാനുള്ള ശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയാണ് ഇസ്രയേലിന്റെ നടപടി. എന്നാൽ താൽക്കാലിക വെടിനിർത്തലിന് ഹമാസ് അനുകൂലമല്ലെന്ന് ഹമാസ് അനുകൂല വാർത്താ ചാനലുകൾ റിപ്പോർട്ട് ചെയ്തു.
https://www.facebook.com/Malayalivartha