ഏത് വമ്പന്റെ തലയ്ക്കാണ് ഉന്നം വൈകുന്നതെന്ന് അറിയാതെ പോയ ഇസ്രയേലി സൈനികരുടെ കൈകളിൽ നിന്ന് സിൻവാർ രക്ഷപെട്ടത് അഞ്ച് തവണ; കൊല്ലപ്പെടുന്നതിനു മുമ്പ് സിൻവാറും ഒപ്പമുള്ളവരും ഭക്ഷ്യക്ഷാമം നേരിട്ടു...
ഗാസ മുനമ്പിൽ ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിൽ ആണ് 2023 ഒക്ടോബർ ഏഴിന് ഇസ്രയേലിൽ നടന്ന ഹമാസ് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനായിരുന്ന സിൻവാർ കൊല്ലപ്പെട്ടത്. സിന്‍വാര്‍ അവസാനിച്ചത് ആകട്ടെ, ഏതു വമ്പന്റെ തലയ്ക്കാണ് തങ്ങള്‍ ഉന്നം വയ്ക്കുന്നതെന്നു മനസിലാക്കതെ പോയ സാധാരണ ഇസ്രയേലി സൈനികരുടെ കൈകളിലാണ്. തകര്‍ന്ന ഒരു അപാര്‍ട്ട്മെന്റിലെ പൊടി നിറഞ്ഞ അന്തരീക്ഷത്തില്‍ സോഫയില്‍ യഹിയ ഇരിക്കുന്നതും കണ്ണ് മാത്രം കാണുന്ന രീതിയില്‍ മുഖവും തലയും തുണികൊണ്ട് മറച്ചിരിക്കുന്നതും ഐഡിഎഫ് പുറത്ത് വിട്ട വിഡിയോയിൽ വ്യക്തമാണ്. ഡി എൻ എ റെസ്റ്റിലൂടെയാണ് കൊല്ലപ്പെട്ടത് സിൻവാർ ആണെന്ന് സ്ഥിരീകരിച്ചതും.
ഇപ്പോഴിതാ മറ്റുചില റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. റഫായിൽ ഉൾപ്പെടെ ഇസ്രായേൽ ആക്രമണം കടുപ്പിച്ചപ്പോഴും യഹ്‌യ സിൻവാർ അവിടെ തന്നെ കഴിഞ്ഞുവെന്ന വെളിപ്പെടുത്തലുകളാണ് അവ. ഭൂഗർഭ അറകളിലും ഭൂമിക്കു മുകളിലെ ഷെൽറ്ററുകളിലുമായി ചുരുങ്ങിയത് അഞ്ചു തവണയെങ്കിലും ഇസ്രായേൽ സൈന്യം സിൻവാറിനു തൊട്ടരികിൽ എത്തിയിട്ടും അദ്ദേഹത്തെ പിടികൂടാനായില്ല.
അപ്പോഴെല്ലാം ഹമാസ് പോരാളികൾ അദ്ദേഹത്തെ സുരക്ഷിതകേന്ദ്രങ്ങളിലേക്കു മാറ്റുകയായിരുന്നു. എഴുത്തു മുഖേനെയാണ് കുടുംബവുമായും ഹമാസ് നേതാക്കളുമായും ആശയവിനിമയം നടത്തിയിരുന്നത്. പലപ്പോഴും ആഴ്ചകളോ ഒന്നോ രണ്ടോ മാസമോ എടുത്താകും സന്ദേശം ബന്ധപ്പെട്ടവരിൽ എത്തുകയെന്നും പുതിയ റിപ്പോർട്ടിൽ വെളിപ്പെടുത്തുന്നു.
ചുരുങ്ങിയത് അഞ്ചു തവണയെങ്കിലും സിൻവാറിന് തൊട്ടരികിൽ വരെ ഇസ്രായേൽ സൈന്യം എത്തിയിരുന്നു. ഇതിൽ മൂന്നു തവണയും തുരങ്കത്തിനു പുറത്തായിരുന്നു അദ്ദേഹം. എന്നാൽ, ഒരിക്കൽ പോലും അദ്ദേഹത്തെ പിടികൂടാനായില്ലെന്ന് റിപ്പോർട്ടിൽ വിവരിക്കുന്നുണ്ട്. കഴിഞ്ഞ ജനുവരിയിൽ ഖാൻ യൂനിസിൽ ആക്രമണം കടുപ്പിക്കുമ്പോൾ സിൻവാർ അവിടെ തുരങ്കകളിൽ ഒളിച്ചിരിക്കുകയാണെന്ന കണക്കുകൂട്ടലിലായിരുന്നു ഇസ്രായേലെന്ന് റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ, നിരവധി തുരങ്കകളിൽ കയറി പരിശോധിച്ചിട്ടും അദ്ദേഹത്തെ കണ്ടെത്താനായില്ല. 2023 ഒക്ടോബർ ഏഴിലെ ആക്രമണത്തിനു മുൻപും ആ ദിവസവും സിൻവാർ കുടുംബത്തോടൊപ്പം തുരങ്കകളിലൂടെ നടക്കുന്നതും സാധനങ്ങൾ മാറ്റുന്നതുമെല്ലാം കാമറദൃശ്യങ്ങളിൽ വ്യക്തമാകുകയും ചെയ്തിരുന്നത്രെ.
എന്നാൽ, തുരങ്കകളിലോ പുറത്തോ എവിടെയും സിൻവാറിനെ കുറിച്ച് ഒരു തുമ്പും ഇസ്രായേൽ സൈന്യത്തിനു കണ്ടെത്താനായില്ല. ഖാൻ യൂനിസിൽ ആക്രമണം കടുപ്പിച്ചതോടെ അദ്ദേഹം ഭാര്യയെയും മക്കളെയും സുരക്ഷിതകേന്ദ്രങ്ങളിലേക്കു മാറ്റി. ഇതിനുശേഷം കുടുംബവുമായി മാസത്തിൽ ഒരിക്കലെങ്കിലും എഴുത്തു മുഖേനെ ആശയവിനിമയം നടത്താറുണ്ടായിരുന്നു.
ഖാൻ യൂനിസിൽ ആക്രമണം ശക്തമായപ്പോഴും സിൻവാർ അവിടെത്തന്നെ തുടർന്നു. പലപ്പോഴും ഒപ്പമുണ്ടാകാറുണ്ടായിരുന്ന സഹോദരൻ മുഹമ്മദ് സിൻവാറും അൽഖസ്സാം റീജ്യനൽ കമാൻഡർ റാഇഫ് സലാമയും ഹമാസ് സൈനിക മേധാവി മുഹമ്മദ് ദൈഫുമെല്ലാം പല ഭാഗങ്ങളിലായി വേർപിരിഞ്ഞു. പലപ്പോഴും തുരങ്കങ്ങളിലോ സുരക്ഷിതമായ വീടുകളിലോ ഒക്കെയാണ് ഇവർ പിന്നീട് കൂടിക്കാഴ്ച നടത്തിയിരുന്നത്. ഏതാനും മണിക്കൂറുകളോ ദിവസങ്ങളോ മാത്രമേ ഇവർ ഒന്നിച്ചു കഴിഞ്ഞിരുന്നുള്ളൂ. പിന്നീട് പലയിടങ്ങളിലേക്കായി മാറുകയാണു പതിവ്.
ഒരിക്കൽ ഖാൻ യൂനിസിൽ 'ബ്ലോക്ക് ജി'യിൽ സിൻവാർ കഴിഞ്ഞ വീടിന് ഏതാനും മീറ്ററുകൾക്ക് തൊട്ടരികെ ഇസ്രായേൽ സൈന്യം എത്തി. ഈ സമയത്ത് അംഗരക്ഷകൻ മാത്രമായിരുന്നു ഒപ്പമുണ്ടായിരുന്നത്. ആയുധങ്ങളെടുത്ത് ഏത് ആക്രമണത്തിനും സജ്ജമായി നിൽക്കുകയായിരുന്നു അദ്ദേഹം. ഇതിനിടെ സമീപത്തെ കെട്ടിടങ്ങളെല്ലാം തകർത്തതോടെ സിൻവാർ താമസിക്കുന്ന സ്ഥലം വെളിപ്പെടുമെന്നായപ്പോൾ അദ്ദേഹത്തെ ഹമാസ് പോരാളികൾ അതിവേഗത്തിൽ ഇവിടെനിന്നു മാറ്റി. ഒരു കി.മീറ്ററോളം അകലെയുള്ള ഒരു സുരക്ഷിതമായ വീട്ടിലേക്കാണു മാറ്റിപ്പാർപ്പിച്ചത്.
പിന്നീട് സഹോദരനും സലാമയും മറ്റ് ഹമാസ് നേതാക്കളും നിർബന്ധിച്ചാണ് ഫെബ്രുവരിയോടെ ഖാൻ യൂനിസ് വിടുന്നത്. റഫായിലേക്കാണു മാറിയത്. ഈ സമയത്ത് ഇസ്രായേൽ സൈന്യം ഖാൻ യൂനിസ് പൂർണമായും പിടിമുറുക്കിയിരുന്നു. തുരങ്കകളിലൂടെയും പുറത്തുള്ള മാർഗങ്ങളിലൂടെയും വളരെ ആസൂത്രിതമായായിരുന്നു സിൻവാർ റഫായിലെത്തിയത്. ഗസ്സയിൽ ഇസ്രായേൽ ആക്രമണം ആരംഭിച്ചതുതൊട്ട് സഹോദരൻ മുഹമ്മദിന്റെ മകൻ ഇബ്രാഹീം മുഹമ്മദ് സിൻവാർ ആണ് മിക്ക സമയങ്ങളിലും യഹ്‌യ സിൻവാറിന്റെ കൂടെ കഴിഞ്ഞിരുന്നത്.
എന്നാൽ, കഴിഞ്ഞ ആഗസ്റ്റിൽ റഫായിൽ ഇസ്രായേൽ വ്യോമാക്രമണത്തിൽ അദ്ദേഹം കൊല്ലപ്പെട്ടു. ഇസ്രായേൽ നീക്കം പരിശോധിക്കാൻ വേണ്ടി തുരങ്കത്തിനു പുറത്തിറങ്ങിയപ്പോഴായിരുന്നു സംഭവം. തുടർന്ന് സിൻവാറിന്റെ നേതൃത്വത്തിൽ മയ്യിത്ത് നമസ്‌കാരം നിർവഹിച്ച് അദ്ദേഹത്തെ തുരങ്കത്തിൽ മറമാടുകയായിരുന്നു. ഇബ്രാഹീമിന്റെ മരണവും അനുബന്ധ കാര്യങ്ങളുമെല്ലാം വിവരിച്ച് കുടുംബത്തിനു കത്തയയ്ക്കുകയും ചെയ്തു അദ്ദേഹം. എന്നാൽ, സിൻവാറിന്റെ മരണവും കഴിഞ്ഞ് രണ്ടു ദിവസം കഴിഞ്ഞാണു സന്ദേശം അവർക്കു ലഭിച്ചത്.
കൊല്ലപ്പെടുന്നതിനു മുൻപ് സിൻവാറും ഒപ്പമുള്ള ഹമാസ് പോരാളികളും ഭക്ഷ്യക്ഷാമം നേരിട്ടിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. മൂന്ന് ദിവസത്തോളം ഭക്ഷണമൊന്നും കഴിച്ചിരുന്നില്ല. മേഖലയിലെ തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കിടയിൽ മാറിമാറിത്താമസിക്കുകയായിരുന്നു. കൊല്ലപ്പെടുന്നതിന് ഏതാനും ദിവസങ്ങൾക്കു മുൻപ് അൽഖസ്സാമിന്റെ തെൽ സുൽത്താൻ ബ്രിഗേഡിൽ കമാൻഡറായ മഹ്‌മൂദ് ഹംദാൻ അദ്ദേഹത്തെ മറ്റൊരു സ്ഥലത്തേക്കു മാറ്റാൻ ശ്രമിച്ചെങ്കിലും ഇവിടെ ഇസ്രായേൽ ആക്രമണം കടുപ്പിച്ചതിനാൽ സാധിച്ചില്ല.
സിൻവാറിന്റെ മരണത്തിനു തൊട്ടടുത്ത ദിവസം മഹ്‌മൂദും കൊല്ലപ്പെട്ടെന്നും റിപ്പോർട്ട് ഉണ്ട്. ഹമാസ് വൃത്തങ്ങളെ ഉദ്ധരിച്ച് അറബ് പത്രമായ 'അശ്ശർഖ് അൽഔസത്വ്' ആണ് റിപ്പോർട്ട് പുറത്തുവിട്ടത്. സിൻവാർ കൊല്ലപ്പെട്ട് രണ്ട് ആഴ്ച പിന്നിടുമ്പോഴാണു പത്രം വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നത്. ഹമാസിലെ വിശ്വസ്തവൃത്തങ്ങളിൽനിന്നാണ് ഈ വിവരങ്ങൾ തങ്ങൾക്കു ലഭിച്ചതെന്നും ശർഖ് സൂചിപ്പിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha