ഗാസാ നഗരം കുട്ടികളില്ലാത്ത പ്രേതനഗരമായി മാറുന്നു...ഒരു വര്‍ഷത്തിലേറെയായി സ്‌കൂളില്‍ പോകാത്തവരാണ് ഈ കുട്ടികള്‍... ലോകത്തില്‍ ഏറ്റവുമധികം പട്ടിണി അനുഭവിക്കുന്ന കുട്ടികളും ഗാസയില്‍ തന്നെയാണ്..
ഇസ്രായേല്‍ ഹമാസ് യുദ്ധം ഒരു വര്‍ഷം പിന്നിടുമ്പോള്‍ ഗാസാ നഗരം കുട്ടികളില്ലാത്ത പ്രേതനഗരമായി മാറുന്നു. സാരമായ പരിക്കുകളോടെ ജീവിക്കുന്ന ആയിരക്കണക്കിന് കുട്ടികളുള്ള നാടായിരിക്കുന്നു ഗാസാ മുനമ്പ. ഒരു വര്‍ഷത്തിലേറെയായി സ്‌കൂളില്‍ പോകാത്തവരാണ് ഈ കുട്ടികള്‍. അച്ഛനെയും അമ്മയെയും സഹോദരങ്ങളെയും നഷ്ടപ്പെട്ട കുഞ്ഞുങ്ങള്‍ ഒട്ടേറെയാണ്. അനാഥരായ കുഞ്ഞുങ്ങള്‍ പെരുവഴിയില്‍ അലഞ്ഞുതിരിയുന്ന ദൈന്യതായാണ് ഗാസയുടെ കണ്ണീര്‍മുഖം. ലോകത്തില്‍ ഏറ്റവുമധികം പട്ടിണി അനുഭവിക്കുന്ന കുട്ടികളും ഗാസയില്‍തന്നെയാണ്.
അതിഭയാനകമായിരിക്കുന്ന ഗാസ പട്ടണത്തിലെ കുട്ടികളുടെ തീരാത്ത നൊമ്പരവും നിലവിളിയും.ആറ് മാസത്തിനുള്ളില്‍ ഗാസയില്‍ കൊല്ലപ്പെട്ടതില്‍ 70 ശതമാനവും സ്ത്രീകളും കുട്ടികളുമെന്ന് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കിയിരിക്കുന്നു. ഇനിയും പോരാട്ടം തുടരുന്ന സാഹചര്യത്തില്‍ ഗാസയില്‍ കുട്ടികളും മുതിര്‍ന്നവരുമില്ലാത്ത സാഹചര്യം സംജാതമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.ഹമാസിനെതിരെ ഇസ്രായേല്‍ ഉപയോഗിച്ച ആയുധങ്ങളുടെയും ആക്രമണങ്ങളുടെയും സ്വഭാവമാണ് ഇത്രയധികം ആള്‍നാശത്തിന് കാരണമായിരിക്കുന്നത്. ഗാസയെ ചാരമാക്കി മാറ്റുമെന്നും അവസാനത്തെ ഹമാസ് തീവ്രവാദിയെവരെ കൊലചെയ്യാതെ യുദ്ധഭൂമിയില്‍ നിന്നു പിന്നോട്ടില്ലെന്നുമാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കുന്നത്.
ഗാസയിലെ 20 ശതമാനം കെട്ടിടങ്ങളും ബോംബിംഗില്‍ തകര്‍ക്കപ്പെട്ടിരിക്കുന്നു. ഇവിടത്തെ 70 ശതമാനം കെട്ടിടങ്ങള്‍ക്കും കേടുപാടു സംഭവിച്ചിരിക്കുന്നു.യുദ്ധത്തിന്റെ തുടക്കത്തില്‍ ഹമാസുകളെ മാത്രം ഉന്നമിട്ടായിരുന്നു ഇസ്രായേലിന്റെ ആക്രമണം. എന്നാല്‍ ഹമാസുകകള്‍ പള്ളികളിലും ആശുപത്രികളിലും സ്‌കൂളുകളിലും ഒഴിച്ചിക്കുന്നതായ ആരോപണമാണ് ഇസ്രായേലിന്റെ ആക്രമണം ശക്തമാകാന്‍ കാരണമായത്. ഇത്തരത്തില്‍ ആശുപത്രികള്‍ ഓരോന്നായി തകര്‍ത്തതിലാണ് പതിനായിരത്തിലേറെ കുട്ടികള്‍ അതിദാരുണമായി കൊല്ലപ്പെട്ടത്.നേരത്തെ സാധാരണക്കാര്‍ക്ക് പരമാവധി ബാധിക്കാത്ത രീതിയില്‍ ഹമാസ് അനുയായികളെ മാത്രം ലക്ഷ്യമിട്ടാണ് കൃത്യതയുള്ള തങ്ങളുടെ ആക്രമണം എന്നായിരുന്നു ഇസ്രയേല്‍ വാദിച്ചിരുന്നത്.
നവംബര്‍ 2023 മുതല്‍ 2024 ഏപ്രില്‍ വരെ എണ്ണായിരം പേരുടെ മരണങ്ങളാണ് ഐക്യരാഷ്ട്ര സഭ പുറത്തുവിട്ടിരിക്കുന്നത്. ഇതില്‍ 44 ശതമാനം ഇരകളും കുട്ടികളും 26 ശതമാനം സ്ത്രീകളുമാണ്. അഞ്ചു വയസിനും ഒന്‍പതു വയസിനും ഇടയിലാണ് കൊല്ലപ്പെട്ട 44 ശതമാനം കുട്ടികളുടെ പ്രായമെന്നതാണ് ഞെട്ടിക്കുന്ന വസ്തുത. ഗാസയിലെ 80 ശതമാനം ജനങ്ങളും കൊല്ലപ്പെട്ടത് ജനവാസ മേഖലകളിലുണ്ടായ കനത്ത ആക്രമണങ്ങളിലാണ്.ഗാസാ പ്രദേശത്ത് ആറര ലക്ഷം കുട്ടികള്‍ക്കാണ് വിദ്യാഭ്യാസം മുടങ്ങിയിരിക്കുന്നത്.ഗാസാ പ്രദേശത്തെ അന്‍പതോളം സ്‌കൂളുകള്‍ തകര്‍ക്കപ്പെട്ടു കഴിഞ്ഞു.
43,300 പേര്‍ 13 മാസത്തിനുള്ളില്‍ ഗാസയില്‍ കൊല്ലപ്പെട്ടതായാണ് ഹമാസ് അവകാശപ്പെടുന്നത്. ബോംബ് ആക്രമണത്തില്‍ കൊല്ലപ്പെട്ട കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളുടെ അടിയില്‍ നൂറു കണക്കിന് മൃതദേഹങ്ങള്‍ ഇനിയും അവശേഷിക്കുന്നതായാണ് ഹമാസ് വക്താക്കള്‍ വിശദമാക്കുന്നതെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്.കൊല്ലപ്പെട്ട മൂന്ന് പേരില്‍ ഒരാള്‍ കുട്ടിയാണെന്ന് ഹമാസും സ്ഥിരീകരിക്കുന്നുണ്ട്. ബോംബ് ആക്രമണത്തില്‍ പരിക്കേല്‍ക്കാത്ത ഒരു കെട്ടിടം പോലും ഗാസയില്‍ ഇല്ലെന്നും ഭൂരിഭാഗം മേഖലകളും രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ളത് പോലെയാണെന്നും കുട്ടികളും സ്ത്രീകളുമാണ് യുദ്ധത്തിന്റെ പ്രത്യാഘാതങ്ങളില്‍ വലയുന്നതെന്നുമാണെന്നും റെഡ് ക്രോസ് പറയുന്നു.
പിറന്നുവീണതിന്റെ പിറ്റേന്നു കൊല്ലപ്പെട്ട കുഞ്ഞു മുതല്‍ 97 വയസ്സുള്ള വനിതവരെ കൊല്ലപ്പെട്ടവരില്‍പെടും. ഗാസ സിറ്റിയിലെ അഭയാര്‍ഥി ക്യാംപിനു നേരെ ഇസ്രയേല്‍ ഇന്നലെ നടത്തിയ ആക്രമണത്തില്‍ 10 പേരാണ് കൊല്ലപ്പെട്ടത്. 24 മണിക്കൂറിനിടെ ഗാസയില്‍ 39 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. ഇസ്രായേല്‍ ഹമാസ യുദ്ധം ഒരു വര്‍ഷവും രണ്ടു മാസവും പിന്നിടുമ്പോള്‍ സആകെ മരണം നാല്‍പത്തി നാലായിരത്തിലേക്ക് കടക്കുകയാണ്. ഒരു ലക്ഷത്തിലേറെ പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
ഇതിനിടെ ഇസ്രയേല്‍ പാര്‍ലമെന്റ് പാസ്സാക്കിയ പുതിയ നിയമത്തെച്ചൊല്ലി വിവാദം ശക്തമായിരിക്കുകയാണ്.
പലസ്തീന്‍കാരായ അക്രമികളുടെ ബന്ധുക്കള്‍ ഇസ്രയേലില്‍ താമസിക്കുന്നുണ്ടെങ്കില്‍ അവരെ നാടുകടത്താനുള്ള നടപടികള്‍ക്കു നിയമാനുമതി നല്‍കുന്ന നീക്കമാണ് ചര്‍ച്ചയാകുന്നത്. കുടുംബാംഗങ്ങള്‍ നടത്തുന്ന അക്രമങ്ങളെപ്പറ്റി നേരത്തേ വിവരം അറിയാവുന്നവരോ അത്തരം പ്രവൃത്തികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നവരോ ആയ പലസ്തീന്‍കാരെ ഗാസ ഉള്‍പ്പെടെ മേഖലകളിലേക്കു നാടുകടത്താനാണ് ആലോചന.
https://www.facebook.com/Malayalivartha