മധ്യ അമേരിക്കയിലും മെക്സിക്കോയുടെ തെക്കൻ മേഖലയിലും കനത്ത നാശം വിതച്ച് ഉഷ്ണ മേഖലാ കൊടുങ്കാറ്റായ സാറ
മധ്യ അമേരിക്കയിലും മെക്സിക്കോയുടെ തെക്കൻ മേഖലയിലും കനത്ത നാശം വിതച്ച് ഉഷ്ണ മേഖലാ കൊടുങ്കാറ്റായ സാറ. ഹോണ്ടുറാസിൽ വലിയ രീതിയിലുള്ള മണ്ണിടിച്ചിലിന് കാരണമായതിന് പിന്നാലെയാണ് ഉഷ്ണ മേഖലാ കൊടുങ്കാറ്റായ സാറ മധ്യ അമേരിക്കയിലേക്ക് നീങ്ങുന്നത്. മണിക്കൂറിൽ 165 കിലോമീറ്റർ വേഗതയിലാണ് സാറ ഹോണ്ടുറാസിൽ കര തൊട്ടത്. ഹോണ്ടുറാസിന്റെ വടക്ക് പടിഞ്ഞാറൻ മേഖലയിലുള്ള കാബോ ഗ്രാസിയസ് അ ഡിയോസിൽ എത്തിയതെന്നാണ് മിയാമി അടിസ്ഥാനമായി പ്രവർത്തിക്കുന്ന അമേരിക്കയുടെ നാഷണൽ ഹരിക്കേയ്ൻ സെന്റർ വിശദമാക്കുന്നത്. 13000 ആളുകളാണ് ഈ മേഖലയിലുണ്ടായിരുന്നത്.
വലിയ രീതിയിലുള്ള മഴയുണ്ടാക്കിയാണ് സാറ മുന്നോട്ട് നീങ്ങുന്നതെന്നാണ് മെക്സിക്കോയിലെ കാലാവസ്ഥാ വകുപ്പ് വിശദമാക്കുന്നത്. നിലവിൽ കര തൊട്ട ശക്തിയിൽ അൽപം കുറവ് വന്നിട്ടുണ്ടെങ്കിലും മണിക്കൂറിൽ 75 കിലോമീറ്റർ വേഗതയിലാണ് സാറ കൊടുങ്കാറ്റ് മുന്നോട്ട് നീങ്ങുന്നത്. വീണ്ടും സമുദ്ര ഭാഗത്തേക്ക് എത്തുന്നതിന് മുൻപ് മുന്നിലുള്ള സകലതും നശിപ്പിക്കാൻ സാറയ്ക്ക് ആവുമെന്നാണ് മുന്നറിയിപ്പ്. 75 സെന്റിമീറ്റർ വരെ മഴ വിതച്ചാണ് സാറ മുന്നോട്ട് നീങ്ങുന്നത്. ഇത് വെള്ളപ്പൊക്കത്തിനും വലിയ രീതിയിൽ മണ്ണിടിച്ചിലിനുള്ള സാധ്യതകളും ഉള്ളതെന്നാണ് മുന്നറിയിപ്പുകൾ വിശദമാക്കുന്നത്. ഞായറാഴ്ചയോടെ ഹോണ്ടുറാസ് തീരം സാറ കടക്കുമെന്നാണ് മുന്നറിയിപ്പുകൾ വിശദമാക്കുന്നത്.
വരും ദിവസങ്ങളിൽ കൊടുങ്കാറ്റിന്റെ ശക്തി കുറയുമെങ്കിലും കനത്ത മഴ വിതയ്ക്കുന്ന നാശം നേരിടാനുള്ള മുന്നൊരുക്കങ്ങൾ വേഗത്തിലാക്കുകയാണ് കരീബിയൻ തീരത്തെ മേഖലകൾ. മിന്നൽ പ്രളയങ്ങളും മണ്ണൊലിപ്പും ബെലിസയിൽ ഉണ്ടായേക്കാമെന്നാണ് നാഷണൽ ഹരിക്കേയ്ൻ സെന്റർ നൽകുന്ന മുന്നറിയിപ്പ്. എൽ സാൽവദോർ, ഗ്വാട്ടിമാലയുടെ കിഴക്കൻ മേഖല, നിക്കരാഗ്വ, മെക്സിക്കോയിലെ ക്വിൻടാന റൂ എന്നിവിടങ്ങളിലെ കാപ്പി ഉത്പാദനത്തെ പേമാരി ബാധിക്കുമെന്നും മുന്നറിയിപ്പുകൾ വിശദമാക്കുന്നുണ്ട്. ഹോണ്ടുറാസിന്റെ വടക്കൻ മേഖലയിൽ നിലവിൽ റെഡ് അലേർട്ടാണ് നൽകിയിട്ടുള്ളത്.
https://www.facebook.com/Malayalivartha