തിരിച്ചടിക്കാന്‍ യുക്രൈന്‍... ലോക ചരിത്രത്തിലാദ്യമായി യുക്രൈന് നേരെ ഭൂഖണ്ഡാന്തര മിസൈല്‍ പ്രയോഗിച്ച് റഷ്യ; മറുപടി നല്‍കാനരുങ്ങി യുക്രൈന്
യുക്രൈനെ ഒരാഴ്ച കൊണ്ട് തോല്‍പ്പിക്കാനിറങ്ങിയ റഷ്യയ്ക്ക് ഒരു വര്‍ഷം കൊണ്ടും ഒന്നും ചെയ്യാനായില്ല. ഇതോടെ ലോക ചരിത്രത്തിലാദ്യമായി ഒരു രാജ്യത്തിനു നേരെ ഭൂഖണ്ഡാന്തര മിസൈല്‍ പ്രയോഗിച്ച് റഷ്യ. യുക്രൈനിലെ നിപ്രോയിലെ കെട്ടിടങ്ങള്‍ക്കു നേരെയാണ് റഷ്യ മിസൈല്‍ ആക്രമണം നടത്തിയത്. 2011ല്‍ പരിഷ്‌കരിച്ച 'റുബേസ്' മിസൈലാണ് പ്രയോഗിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നിപ്രോയില്‍നിന്ന് 1000 കിലോമീറ്റര്‍ അകലെ റഷ്യയിലെ അസ്ട്രാക്കന്‍ മേഖലയില്‍നിന്നാണ് മിസൈല്‍ തൊടുത്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആക്രമണത്തില്‍ മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. 5,800 കിലോമീറ്റര്‍ ദൂരപരിധിയിലേക്ക് ആക്രമിക്കാവുന്ന ഭൂഖണ്ഡാന്തര മിസൈലാണ് റഷ്യ ഉപയോഗിച്ചത്.
60 വര്‍ഷം മുമ്പാണ് റഷ്യ ഈ മിസൈല്‍ വികസിപ്പിച്ചത്. പാശ്ചാത്യ രാജ്യങ്ങളും അമേരിക്കയും യുക്രൈനെ സഹായിച്ചാല്‍ ആണവായുധം പ്രയോഗിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് ആണവായുധം വഹിക്കാവുന്ന മിസൈല്‍ തൊടുത്തത്. നിലവില്‍ സാധാരണ ഉപയോഗിക്കുന്ന സ്‌ഫോടക വസ്തുക്കള്‍ തന്നെയാണ് റഷ്യ പ്രയോഗിച്ചതെങ്കിലും മുന്നറിയിപ്പെന്ന രീതിയിലാണ് റഷ്യയുടെ നീക്കമെന്നും വിലയിരുത്തുന്നു.
ഇന്റിപെന്‍ഡെന്റ്‌ലി ടാര്‍ഗറ്റബിള്‍ റീഎന്‍ട്രി വെഹിക്കിളും (എം.ഐ.ആര്‍.വി) റഷ്യ യുദ്ധരംഗത്ത് ഉപയോഗിച്ചതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, റഷ്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. റഷ്യയുടെ അണ്വായുധ നയങ്ങളില്‍ മാറ്റം വരുത്തിക്കൊണ്ടുള്ള നിയമത്തില്‍ കഴിഞ്ഞ ദിവസമാണ് പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ ഒപ്പുവെച്ചത്. തങ്ങള്‍ നല്‍കിയ ആയുധങ്ങള്‍ പ്രയോഗിക്കാന്‍ യു.എസ്, യുക്രൈന് അനുമതി നല്‍കിയതിനു പിന്നാലെയാണ് ഭേദഗതി കൊണ്ടുവന്നത്. യുക്രൈനും സഖ്യകക്ഷികളായ പാശ്ചാത്യ രാജ്യങ്ങള്‍ക്കമുള്ള ശക്തമായ മുന്നറിയിപ്പാണ് ഇപ്പോഴത്തെ ആക്രമണം.
പരമ്പരാഗതമായി ആണവ ആയുധങ്ങള്‍ വഹിക്കാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ് ഇന്റര്‍-കോണ്ടിനെന്റല്‍ ബാലിസ്റ്റിക് മിസൈലുകള്‍. അതേസമയം മറ്റ് ആയുധങ്ങളും ഇവയ്ക്ക് വഹിക്കാനാകും. ഇത് ആദ്യമായാണ് യുക്രൈന്‍ ലക്ഷ്യമാക്കി റഷ്യ ഒരു ഐ.സി.ബി.എം. പ്രയോഗിക്കുന്നത്.
നഗരങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കാന്‍ ലക്ഷ്യമിട്ട് റഷ്യ മിസൈലുകള്‍ വിക്ഷേപിച്ചതായി വ്യാഴാഴ്ച രാവിലെ യുക്രൈന്‍ വ്യോമസേന പ്രസ്താവന പുറത്തുവിട്ടിരുന്നു. അതേസമയം, ആക്രമണത്തെക്കുറിച്ചുള്ള ചോദ്യത്തില്‍ നിന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് ഒഴിഞ്ഞുമാറി. ഇതേക്കുറിച്ച് തനിക്ക് ഒന്നും പറയാനില്ലെന്നായിരുന്നു മറുപടി.
യുക്രൈന്‍ യുദ്ധത്തില്‍ ആണവായുധം പ്രയോഗിക്കാനും മടിക്കില്ലെന്ന സൂചന നല്‍കി പുതുക്കിയ ആണവനയരേഖയില്‍ കഴിഞ്ഞ ദിവസം റഷ്യന്‍ പ്രസിഡന്റ് ഒപ്പുവെച്ചിരുന്നു. യുദ്ധം 1000 ദിവസം പിന്നിട്ടതിന്റെ പശ്ചാത്തലത്തിലായിരുന്നു റഷ്യയുടെ നിര്‍ണായകതീരുമാനം.
ആണവായുധ ശേഷിയല്ലാത്ത ഒരു രാജ്യം ആണവശക്തിയായ മറ്റൊരു രാജ്യത്തിന്റെ പിന്തുണയോടെ റഷ്യക്കുനേരേ നടത്തുന്ന ആക്രമണം 'സംയുക്ത ആക്രമണ'മായി കണക്കാക്കും. സുപ്രധാനമായ അത്തരം ആക്രമണങ്ങള്‍ക്കെതിരേ ആണവായുധം പ്രയോഗിക്കാന്‍ മടിക്കില്ലെന്നും ഉത്തരവ് പറയുന്നു. റഷ്യന്‍മണ്ണില്‍ യു.എസ്. നിര്‍മിത ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ യുക്രൈന് അനുമതി നല്‍കിയതിനുപിന്നാലെയാണ് പുതിന്‍ നയത്തില്‍ ഒപ്പിട്ടത്.
അതേസമയം ആഗോള വിപണിയില്‍ എണ്ണവില ഉയരുന്നു. റഷ്യയ്ക്കെതിരേയുള്ള യുദ്ധം കടുപ്പിക്കാന്‍ ബൈഡന്‍ ഭരണകൂടം യുക്രൈനിന് പച്ചക്കൊടി വീശിയെന്ന റിപ്പോര്‍ട്ടുകളാണ് എണ്ണവില ഉയര്‍ത്തിയത്. റഷ്യയിലേയ്ക്ക് യുഎസ് നിര്‍മ്മിത ലോംഗ് റേഞ്ച് മിസൈലുകള്‍ പ്രയോഗിക്കാനാണ് യുഎസ് അനുവാദം നല്‍കിയിരിക്കുന്നത്.
"
https://www.facebook.com/Malayalivartha