തൊട്രാ... പാക്കലാം, നെഞ്ചുവിരിച്ച് നെതന്യാഹു ട്രൂഡോയെ വിറപ്പിക്കുന്നു! ബെയ്‌റൂട്ടില്‍ കൊട്ടാരം കത്തിച്ച് മറുപടി..!
രാജ്യത്ത് എത്തിയാൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് പ്രഖ്യാപിച്ച് കാനഡ. നെതന്യാഹുവിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി) പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് പാലിക്കുമെന്ന് കാനഡ അറിയിച്ചു. അന്താരാഷ്ട്ര നിയമത്തിന് വേണ്ടി നിലകൊള്ളുമെന്നും അന്താരാഷ്ട്ര കോടതിയുടെ എല്ലാ നിയന്ത്രണങ്ങളും വിധികളും അനുസരിക്കുമെന്നും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വ്യക്തമാക്കി.
അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറണ്ട് പ്രകാരം യുകെയിൽ എത്തിയാൽ ബെഞ്ചമിൻ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് വെള്ളിയാഴ്ച ബ്രിട്ടീഷ് സർക്കാർ സൂചന നൽകിയിരുന്നു. ആഭ്യന്തര നിയമവും അന്താരാഷ്ട്ര നിയമവും അനുസരിച്ച് യുകെ എല്ലായ്പ്പോഴും അതിൻ്റെ നിയമപരമായ ബാധ്യതകൾ പാലിക്കുമെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറുടെ വക്താവ് അറിയിച്ചത്.
അതേസമയം, 2023 ഒക്‌ടോബർ 7-ന് നടന്ന ഹമാസ് ഗ്രൂപ്പിൻ്റെ ആക്രമണത്തിന് പിന്നാലെയാണ് ഇസ്രായേൽ-ഹമാസ് സംഘർഷം രൂക്ഷമായത്. ഒരു വർഷത്തിലേറെയായി ഈ സംഘർഷം അയവില്ലാതെ തുടരുകയാണ്. ഇസ്രായേൽ-ഹമാസ് യുദ്ധം ആരംഭിച്ചതിന് ശേഷം ചെയ്ത യുദ്ധക്കുറ്റങ്ങൾക്ക് നെതന്യാഹുവിനും ഇസ്രായേൽ മുൻ പ്രതിരോധ മന്ത്രി യോവ് ഗാലൻ്റിനും അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഹമാസിൻ്റെ സൈനിക മേധാവി മുഹമ്മദ് ദീഫിനെതിരെയും വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
ലബനന്റെ തലസ്ഥാനമായ ബെയ്‌റൂട്ടിലേക്ക് വീണ്ടും ആക്രമണം അഴിച്ചുവിട്ട് ഇസ്രായേല്‍. ഹിസ്ബുല്ല കേന്ദ്രങ്ങള്‍ക്കുനേരെയാണ് ആക്രമണമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. പ്രാദേശിക സമയം പുലര്‍ച്ചെ നാലുമണിയോടെ ബെയ്‌റൂട്ടില്‍ ശക്തമായ സ്‌ഫോടനങ്ങള്‍ ഉണ്ടായെന്നാണ് റിപ്പോര്‍ട്ട്. നാല് റോക്കറ്റുകള്‍ വിക്ഷേപിച്ചുവെന്ന് സുരക്ഷ ഏജന്‍സികള്‍ അറിയിച്ചു. ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് നാലുപേരാണ് കൊല്ലപ്പെട്ടത്. 33 ല്‍ അധികം പേര്‍ക്ക് പരുക്കേറ്റു. ഈ സംഖ്യ ഇനിയും കൂടുമെന്നാണ് വിവരം.
ബെയ്‌റൂട്ടിലെ ബസ്തയിലാണ് സ്‌ഫോടനങ്ങളുണ്ടായത്. ഒരു കെട്ടിടം പൂര്‍ണമായി തകര്‍ന്നുവെന്നും മറ്റുള്ളവ ഭാഗികമായി തകര്‍ന്നുവെന്നും പുറത്തുവന്ന വീഡിയോകളില്‍ നിന്ന് വ്യക്തമാണ്. എന്നാല്‍ പാര്‍പ്പിട സമുച്ചയമായ എട്ടുനിലകെട്ടിടത്തിനുനേര്‍ക്ക് അഞ്ച് മിസൈലുകള്‍ ആക്രമണം നടത്തിയെന്നാണ് ലബനന്റെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്.
ഗാസയിൽ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ ഒരു ഇസ്രായേലി ബന്ദി കൊല്ലപ്പെട്ടതായി ഹമാസിന്റെ സായുധ വിഭാഗം വക്താവ് അബു ഒബൈദ.ബോംബാക്രമണത്തിൽ ഇസ്രായേലി വനിതാ തടവുകാരി കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്.
മറ്റൊരു വനിതാ തടവുകാരി അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണെന്നും അബു ഒബൈദ പറഞ്ഞു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അദ്ദേഹത്തിന്റെ സർക്കാരും സൈനിക നേതാക്കളും തടവുകാരുടെ ജീവിതത്തിന്റെ പൂർണ ഉത്തരവാദിത്തം വഹിക്കുന്നുവെന്നും അവരുടെ കഷ്ടപാടുകളും മരണവും ഉണ്ടാവാൻ ശഠിക്കുന്നത് അവരാണെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം ഈ ആരോപണ ങ്ങളെക്കുറിച്ച് ഐ ഡി എഫ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഗാസ്സയിൽ ഇപ്പോഴും 101 ഇസ്രായേലി ബന്ദികളുണ്ടെന്നാണ് കരുതപ്പെടുന്നത്. അവരെ കണ്ടെത്തുമെന്നാണ് നെതന്യാഹു പറയുന്നത്.
അതേ സമയം വടക്കൻ ഗാസയിൽ ഇസ്രായേൽ വ്യോമാക്രമണത്തിൽ 66 പേർ കൊല്ലപ്പെട്ടതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ബൈത്ത് ലാഹിയയിലെ കമാൽ അദ്വാൻ ആശുപത്രിക്ക് സമീപത്ത് ആണ് ആക്രമണം ഉണ്ടായത്.
ഗാസയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ 120 പലസ്തീനികൾ കൊല്ലപ്പെട്ടതായാണ് വിവരം, ഗാസ സിറ്റിയിലെ സെയ്ടൗൺ പ്രാന്തപ്രദേശത്ത് ഒരു കുടുംബത്തിലെ ഏഴ് പേർ ഉൾപ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്. എൻക്ലേവിന്റെ വടക്കേ അറ്റത്തുള്ള ഒരു ആശുപത്രിയിൽ നടന്ന ആക്രമണത്തിൽ മെഡിക്കൽ സ്റ്റാഫിന് പരിക്കേൽക്കുകയും ഉപരണങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തതായി പറയുന്നു.
https://www.facebook.com/Malayalivartha