ഇസ്രായേലി പൗരന്‍മാരെ കൊന്നോ അതോ അവര്‍ ജീവിച്ചിരിപ്പുണ്ടോ എന്നത് ഇനിയും വ്യക്തമല്ല. ..ലെബനോനിലെ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ പറയുന്നത്...
2023 ഒക്ടോബര്‍ ഏഴിന് ആ സാബത്ത് ആചരണ രാത്രി ഇസ്രായേലിലേക്ക് ബലൂണില്‍ പറന്നിറങ്ങി ഹമാസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഇസ്രായേലി പൗരന്‍മാരെ കൊന്നോ അതോ അവര്‍ ജീവിച്ചിരിപ്പുണ്ടോ എന്നത് ഇനിയും വ്യക്തമല്ല. ഹമാസ് തട്ടിയെടുത്ത ഇസ്രായേലി പെണ്‍കുട്ടികളെ ഹമാസുകള്‍ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ ശേഷി കൊന്നുകളഞ്ഞു എന്ന ആശങ്കയും അമര്‍ഷവുമാണ് ഇസ്രായേലിനുള്ളത്. ഹമാസ് ആ രാത്രി കൊന്നൊടുക്കിയ ആയിരത്തോളം ഇസ്രായേലി പൗരന്‍മാരുടെ ജീവന് വിലയായി ബഞ്ചമിന്‍ നെതന്യാഹുവിന്റെ സൈന്യം ഇതോടകം നാല്‍പത്തിനാലായിരം പാലസ്തീനികളെ കൊല ചെയ്തുകഴിഞ്ഞു.
ഇസ്രായേലികളും വിദേശികളും ഉള്‍പ്പെടെ 251 പേരെയാണ് ഹമാസുകള്‍ അന്നു രാത്രി ബന്ദിയാക്കിയത്. ജീവിച്ചിരിപ്പുണ്ടെങ്കില്‍ ബന്ദികളെ എവിടെയാണ് ഹമാസ് ഒളിപ്പിച്ചിരിക്കുന്നതെന്ന് ഇപ്പോഴും വ്യക്തമല്ല. ഇസ്രായേല്‍ സൈന്യത്തിനോ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിനോ കണ്ടെത്താന്‍ കഴിയാത്ത ഒട്ടേറെ ഒളിയിടങ്ങള്‍ ഇപ്പോഴും ഗാസയില്‍ അനേകമുണ്ടെന്ന് വ്യക്തമാണ്. ഇതോടകം കണ്ടെത്തിയ തുരങ്കങ്ങള്‍ പലതും മഞ്ഞുമലയുടെ അറ്റം മാത്രമായിരിക്കാമെന്നാണ് ഇസ്രായേല്‍ കരുതുന്നത്. ഇസ്രയേല്‍ സൈന്യത്തില്‍നിന്നു രക്ഷ നേടാന്‍ കവചമായി ഹമാസ് തലവന്‍ യഹ്യ സിന്‍വര്‍ ബന്ദികളെ ഉപയോഗിച്ചിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ മരണം വരെ പ്രചരിച്ചിരുന്നത്.
സിന്‍വര്‍ തുരങ്കങ്ങളില്‍ തന്നെയാണ് ഒളിച്ചിരുന്നതെന്നും പ്രചരിച്ചിരുന്നു. എന്നാല്‍ ധാരണകളില്‍നിന്നു വിരുദ്ധമായി സിന്‍വറെ ഭൂമിയുടെ ഉപരിതലത്തില്‍ ഒരു കെട്ടിടത്തില്‍ കണ്ടതും ചുറ്റും സുരക്ഷാസേനയോ കവചിതമായി ബന്ദികളോ ഇല്ലാതിരുന്നതും ഇസ്രായേല്‍ സൈന്യത്തെ അദ്ഭുതപ്പെടുത്തിയിരുന്നു.ബന്ദികള്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഹമാസിന്റെ ഭൂഗര്‍ഭ തുരങ്കത്തിലുണ്ടെന്നാണ് ഇസ്രായേലിന്റെ കണക്കുകൂട്ടല്‍.
തുരങ്കത്തില്‍ ഒളിച്ചുകഴിയുന്ന അയ്യായിരത്തിലെ ഹമാസ് തീവ്രവാദികളെ വിഷപ്പുക അടിച്ചോ വെള്ളം നിറച്ചോ വധിക്കാന്‍ ഇസ്രായേല്‍ പദ്ധതിയിട്ടിരുന്നുവെങ്കിലും ഇസ്രായേലി ബന്ദികളും ഈ തുരങ്കത്തില്‍ അടിമകളെപ്പോലെ കഴിയുന്നുണ്ടെന്ന വിശ്വാസത്തിലാണ് ഇസ്രായേല്‍ ആ ശ്രമത്തിന് തയാറാവാതിരുന്നത്.ഹമാസ് ബന്ദികളാക്കിയ ആറു പേരുടെ മൃതദേഹം കണ്ടെത്തിയെന്ന് ഇസ്രയേല്‍ പ്രതിരോധസേന മുന്‍പ് വ്യക്തമാക്കിയിരുന്നു. റഫയിലെ അണ്ടര്‍ ഗ്രൗണ്ട് തുരങ്കത്തില്‍ നിന്നാണ് മൃതദേഹങ്ങള്‍ ഇസ്രായേല്‍ കണ്ടെത്തിയത്. കൊല്ലപ്പെട്ടവരില്‍ രണ്ട് സ്ത്രീകളുമുണ്ടായിരുന്നു. ഏകദേശം നൂറോളം പേരെ ഇപ്പോഴും ഹമാസ് ബന്ദികളാക്കി വച്ചിട്ടുണ്ടെന്നും ഇവരില്‍ പലരും കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നും ഇസ്രയേല്‍ സൈന്യം ഏറെക്കുറെ ഉറപ്പിച്ചുകഴിഞ്ഞു.
ഹമാസിനെയും ഹിസ്ബുള്ളയെയും ഉന്‍മൂലനം ചെയ്യാതെ പിന്നോട്ടില്ലെന്ന് നെതന്യാഹു ആവര്‍ത്തിക്കുമ്പോഴും ലബനനില്‍ വെടിനിര്‍ത്തലിലേക്കു നീങ്ങുകയാണെന്ന് ഇസ്രയേല്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.വെടിനിര്‍ത്തല്‍ ശുപാര്‍ശകളോട് അനുകൂല നിലപാടാണ് ഹിസ്ബുല്ല സ്വീകരിച്ചതെന്ന് ലബനോന്‍ സര്‍ക്കാര്‍ വ്യക്തമാക്കി. ലബനോനില്‍നിന്ന് ഇസ്രായേല്‍ സൈന്യം പൂര്‍ണമായി പിന്മാറാനും ലബനോന്‍- ഇസ്രയേല്‍ അതിര്‍ത്തിയില്‍ 2006ലെ യുഎന്‍ രക്ഷാസമിതി പ്രമേയമനുസരിച്ചുള്ള സമാധാനസേനയുടെ കാവല്‍ തുടരാനുമാണു യുഎസ് നിര്‍ദേശം. എന്നാല്‍, സുരക്ഷാപ്രശ്‌നമുണ്ടായാല്‍ ലബനോനില്‍ എവിടെയും കടന്ന് ഹിസ്ബുള്ളയെ ആക്രമിക്കാന്‍ അനുവദിക്കണമെന്ന് ഇസ്രയേല്‍ കരാറില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേ സമയം ഹമാസുമായുള്ള പോരാട്ടം തുടരുമെന്ന് നെതന്യാഹു ഇന്നലെയും ആവര്‍ത്തിച്ചിട്ടുണ്ട്.
ലെബനോനിലെ സായുധസംഘമായ ഹിസ്ബുള്ളയുമായി 60 ദിവസത്തെ വെടിനിര്‍ത്തല്‍ കരാറിനാണ് ഇസ്രയേല്‍ ഒരുങ്ങുന്നത്. അമേരിക്കയും ഫ്രാന്‍സുമാണ് കരാറിന് മേല്‍നോട്ടം വഹിക്കുന്നത്.വെടിനിര്‍ത്തല്‍ പ്രാബല്യത്തിലുള്ള രണ്ട് മാസം ഇസ്രയേല്‍ സൈന്യം ലെബനോനനില്‍ നിന്ന് പിന്മാറണമെന്നും ഹിസ്ബുള്ള ഇസ്രയേലിനെതിരായ സായുധ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്നും കരാറിലെ വ്യവസ്ഥകളില്‍ പറയുന്നു. ലെബനീസ് പൗരന്‍മാര്‍ക്ക് സുരക്ഷിതമായി അവരുടെ ഗ്രാമങ്ങളില്‍ മടങ്ങിയെത്താന്‍ അവസരം ഒരുക്കണമെന്നും കരാറിലുണ്ട്.
സമാധാന ചര്‍ച്ചകള്‍ നടക്കുന്നതിനിടെയും കഴിഞ്ഞ ദിവസം ഹിസ്ബുള്ള 160 മിസൈലുകള്‍ ഇസ്രയേലിന്റെ നേര്‍ക്ക് തൊടുത്തുവിട്ടിരുന്നു.
തലസ്ഥാനമായ ടെല്‍ അവീവ്, തെക്കന്‍ ഇസ്രയേലിലെ അഷ്ദോദ് നാവികതാവളം എന്നിവിടങ്ങളിലാണ് ഹിസ്ബുള്ള ആക്രമണം നടത്തിയത്. ഉയര്‍ന്ന പ്രഹരശേഷിയുള്ള ഡ്രോണുകളും തൊടുത്തുതായി റിപ്പോര്‍ട്ടുകളുണ്ട്. 11 പേര്‍ക്ക് പരിക്കേറ്റെന്നും ഒരാളുടെ നില ഗുരുതരമാണെന്നുമാണ് വിവരം. ഇതുവരെ മൂവായിരത്തോളം പേരാണ് ഇസ്രയേല്‍-ഹിസ്ബുള്ള സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്. ഇതില്‍ 589 സ്ത്രീകളും 185 കുട്ടികളുമുണ്ട്. പതിമൂവായിരം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് ലെബനോനിലെ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ പറയുന്നത്.
https://www.facebook.com/Malayalivartha