ഹൂതികള്‍ക്ക് ആയുധം കൊടുത്ത് പശ്ചിമേഷ്യന്‍ യുദ്ധം ആളിക്കത്തിച്ച് പുട്ടിന്‍
നാറ്റോ രാജ്യങ്ങള്‍ കത്തിച്ച് ചാമ്പലാക്കുമെന്നാണ് പുട്ടിന്റെ വെല്ലുവിളി. റഷ്യ നാറ്റോ സഖ്യത്തിന് എതിരെ ഒരാക്രമണത്തിന് തുനിഞ്ഞാല്‍ ആദ്യം ആക്രമിക്കുന്നത് ബ്രിട്ടണെ ആയിരിക്കും. അമേരിക്കന്‍ ബ്രിട്ടണ്‍ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ ഇതു സംബന്ധിച്ച വിവരങ്ങള്‍ കമ്‌ടെത്തി കഴിഞ്ഞു. എന്നാല്‍ ഇതിനേക്കാള്‍ ഭയാനകമായ മറ്റൊരു റിപ്പോര്‍ട്ട് കൂടി സി ഐ എ പെന്റഗണ് കൈമാറിയിരിക്കുന്നത്. പശ്ചിമേഷ്യന്‍ യുദ്ധം ആളിക്കത്തിച്ചുകൊണ്ട് യൂറോപ്പ് ആക്രമിക്കാന്‍ പുട്ടിന്‍ നീക്കം നടത്തുന്നുവെന്നാണ്. ഇത് അമേരിക്കയെ പ്രതിരോധത്തില്‍ നിര്‍ത്തുന്നതിന് വേണ്ടിയാണ്. യൂറോപ്പും പശ്ചിമേഷ്യയും അമേരിക്കയ്ക്ക് കൈവിട്ട് കളയാന്‍ പറ്റുന്നതല്ല. ഇരു വിഭാഗത്തും യുദ്ധം കൊടുമ്പിരിക്കൊണ്ടാല്‍ അമേരിക്ക എവിടെ ശ്രദ്ധ കേന്ദ്രീകരിക്കും. ആരെ സഹായിക്കാന്‍ കൂടുതല്‍ നീക്കം നടത്തും. അമേരിക്ക നാറ്റോ രാജ്യമാണ്. അതോടൊപ്പം ഇസ്രയേലിനെ കൈവിടാനും കഴിയില്ല. അമേരിക്ക നെട്ടോട്ടം ഓടണമെന്നതാണ് പുട്ടിന്റെ ആവശ്യം.
പശ്ചിമേഷ്യയില്‍ സമാദാന ചര്‍ച്ചകള്‍ക്ക് നീക്കം തുടങ്ങിയിട്ടുണ്ട്. ലെബനനുമായ് വെടിനിര്‍ത്തലിന് നെതന്യാഹു തയ്യാറായിട്ടുണ്ട്. എന്നാല്‍ തൊട്ടിപ്പുറത്ത് പശ്ചിമേഷ്യ അശാന്തമാകാന്‍ പുട്ടിന്‍ കളിതുടങ്ങിയിട്ടുണ്ട്. ഇറാന്‍ അനുകൂല ഗ്രൂപ്പായ ഹൂതികള്‍ക്ക് കൂടുതല്‍ ആധുനിക ആയുധങ്ങള്‍ നല്‍കി, ബ്രിട്ടനും അമേരിക്കയും ഫ്രാന്‍സും ഉള്‍പ്പെടെയുള്ള പ്രധാന നാറ്റോ രാജ്യങ്ങളുടെയും യൂറോപ്പ്യന്‍ രാജ്യങ്ങളുടെയും കപ്പലുകള്‍ ആക്രമിക്കാനും റഷ്യ ഇടപെടല്‍ നടത്തുന്നുവെന്ന് സിഐഎ രഹസ്യം ചൂഴ്‌ന്നെടുത്തിട്ടുണ്ട്. ഇതില്‍ തന്നെ ബ്രിട്ടീഷ് കപ്പലുകള്‍ പ്രധാന ടാര്‍ഗറ്റായി മാറുമെന്നാണ് നാറ്റോ സംശയിക്കുന്നത്.
അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേല്‍ക്കുന്നതോടെ, അമേരിക്കയുടെ യുക്രെയിന്‍ സഹായത്തിന് വിരാമമിടുമെന്നാണ് റഷ്യ കരുതുന്നത്. അമേരിക്കക്ക് ഒപ്പം നിന്ന് ഏത് നാറ്റോ രാജ്യം റഷ്യക്ക് നേരെ പ്രവര്‍ത്തിച്ചാലും ആ രാജ്യത്തെ ടാര്‍ഗറ്റ് ചെയ്ത് ആക്രമിക്കുമെന്ന സന്ദേശം ലോകത്തിന് നല്‍കാന്‍ റഷ്യ ആഗ്രഹിക്കുന്നുണ്ട്. തങ്ങളുടെ രാജ്യത്തേക്ക് ദീര്‍ഘദൂര മിസൈല്‍ അയക്കാന്‍ യുക്രെയിന് ബ്രിട്ടണ്‍ അനുമതി നല്‍കിയതും തുടര്‍ന്ന് യുക്രെയിന്‍ അത് പ്രയോഗിച്ചതുമാണ് ബ്രിട്ടനെ ശത്രുവായി പ്രഖ്യാപിക്കാന്‍ റഷ്യയെ പ്രേരിപ്പിച്ചിരിക്കുന്നത്. ഈ സംഭവത്തിന് തൊട്ടുപിന്നാലെ, അത്യന്തം അപകടകാരിയായ ഒറെഷ്‌നിക് മിസൈല്‍ യുക്രെയിനിലേക്ക് തൊടുത്തുവിട്ട റഷ്യ ഈ മിസൈലിന്റെ പരിധിയില്‍ ബ്രിട്ടനെയും കൊണ്ടുവന്നിരിക്കുകയാണ്.
ഒറെഷ്‌നിക് മിസൈലിന്റെ ആദ്യ പരീക്ഷണത്തിന് ശേഷം ബ്രിട്ടണിലെ RAF ലേക്കന്‍ഹീത്ത് ഉള്‍പ്പെടെ പ്രധാന ബ്രിട്ടീഷ് സൈനിക താവളങ്ങളില്‍ അജ്ഞാതമായ ഒന്നിലധികം ഡ്രോണുകള്‍ നിരീക്ഷണ പറക്കലുകള്‍ നടത്തിയിട്ടുണ്ട്. ഇവിടെ ആക്രമിക്കാന്‍ റഷ്യ പദ്ധതിയിടുന്നുവെന്ന് അമേരിക്ക ആരോപിക്കുന്നു. ശീതയുദ്ധകാലത്ത് അമേരിക്കന്‍ ആണവായുധങ്ങള്‍ക്ക് ആതിഥേയത്വം വഹിച്ച നിര്‍ണ്ണായക താവളമായാണ് RAF ലേക്കന്‍ഹീത്ത് അറിയപ്പെടുന്നത്. ഇപ്പോഴും ആണവായുധം അവിടെ ശേഖരിക്കപ്പെട്ടിട്ടുള്ളതിനാല്‍ റഷ്യ ഇവിടെ ആക്രമണം നടത്തിയാല്‍ ഈ താവളം മാത്രമല്ല, ബ്രിട്ടണ്‍ തന്നെയാണ് ഭൂപടത്തില്‍ ഇല്ലാതായി മാറുക. ബ്രിട്ടന് എതിരായി പോര്‍മുന തിരിക്കുന്നതിന്റെ ഭാഗമായി ലോകത്തിന് മുന്നില്‍ ബ്രിട്ടന്റെ ഇടപെടല്‍ ചൂണ്ടിക്കാട്ടുന്ന കൂടുതല്‍ ദൃശ്യങ്ങളും റഷ്യ ഇപ്പോള്‍ പുറത്തുവിട്ട് തുടങ്ങിയിട്ടുണ്ട്. 2023 വരെ ബ്രിട്ടീഷ് ആര്‍മിയില്‍ സിഗ്‌നല്‍മാനായി സേവനമനുഷ്ഠിച്ച ജെയിംസ് സ്‌കോട്ട് റൈസ് ആന്‍ഡേഴ്‌സണ്‍ എന്ന യുവാവിനെ പിടികൂടിയ ദൃശ്യങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത് ഇതിന്റെ ഭാഗമാണ്. റഷ്യയിലെ കുര്‍സ്‌ക് മേഖലയില്‍ നിന്നുമാണ് ഇയാളെ പിടികൂടിയിരിക്കുന്നത്. വിദേശ റിക്രൂട്ട്‌മെന്റുകള്‍ അടങ്ങുന്ന യുക്രെനിയന്‍ സൈന്യത്തിനൊപ്പം ചേര്‍ന്ന് പോരാടുന്നതിനിടെയാണ്, ബ്രിട്ടീഷുകാരന്‍ പിടിക്കപ്പെട്ടിരിക്കുന്നതെന്ന് വീഡിയോയില്‍ പറയുന്നു.
യുവാവിനെ റഷ്യന്‍ സൈന്യം ചോദ്യം ചെയ്യുന്നതിന്റെ നിരവധി വീഡിയോകളും റഷ്യന്‍ ടെലിഗ്രാം ചാനലുകള്‍ പുറത്തുവിട്ടിട്ടുണ്ട്. 2019 മുതല്‍ 2023 വരെ ബ്രിട്ടീഷ് ആര്‍മിയിലെ 1ാം സിഗ്‌നല്‍ ബ്രിഗേഡ്, 22 സിഗ്‌നല്‍ റെജിമെന്റ്, 252 സ്‌ക്വാഡ്രണ്‍ എന്നിവയില്‍. സിഗ്‌നല്‍മാനായി താന്‍ സേവനമനുഷ്ഠിച്ചതായി ആന്‍ഡേഴ്‌സണ്‍ സമ്മതിച്ചിട്ടുണ്ട്. യുദ്ധത്തില്‍ പങ്കെടുക്കുന്നതിനായി ഇയാള്‍ ലണ്ടനില്‍ നിന്ന് പോളണ്ടിലെ ക്രാക്കോവിലേക്ക് പോവുകയും യുക്രെയിന്‍ അതിര്‍ത്തിയിലുള്ള മെഡികയിലേക്ക് എത്തുകയുമാണുണ്ടായത്. തന്റെ താല്‍പര്യത്തിന് വിരുദ്ധമായി നിര്‍ബന്ധിതമായാണ് തന്നെ റഷ്യന്‍ മണ്ണില്‍ യുദ്ധത്തിനായി അയച്ചതെന്നാണ് ആന്‍ഡേഴ്‌സണ്‍ പറയുന്നത്.
അതേസമയം, തങ്ങളുടെ മുന്‍ സൈനികനെ പിടികൂടിയതിനെക്കുറിച്ച് പ്രതികരിക്കാന്‍, ബ്രിട്ടന്റെ പ്രതിരോധ മന്ത്രാലയം വിസമ്മതിച്ചിരിക്കുകയാണ്. തടങ്കലില്‍ കഴിയുന്ന യുവാവിന്റെ കുടുംബത്തെ പിന്തുണയ്ക്കുകയാണെന്നു മാത്രമാണ് ബ്രിട്ടിഷ് വിദേശകാര്യ മന്ത്രാലയം പറഞ്ഞിരിക്കുന്നത്. ഇക്കാര്യം, ബ്രിട്ടീഷ് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ മാസം ആദ്യം, യുക്രെയിനുമായുള്ള പോരാട്ടത്തിനിടെ കോണ്‍വാളിലെ ഗണ്ണിസ്ലേക്കില്‍ നിന്നുള്ള ഒരു യുവാവിനേയും അജ്ഞാത സ്ഥലത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതായി വാര്‍ത്തകളുണ്ടായിരുന്നു. റഷ്യന്‍ മുന്നേറ്റത്തെ പ്രതിരോധിക്കാന്‍ യുക്രെയിന്‍ അവരുടെ ഏറ്റവും മികച്ച സായുധ സംഘത്തെയാണ് വടക്കന്‍ അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്നത്. ഇതില്‍ ബ്രിട്ടനിലേത് ഉള്‍പ്പെടെയുള്ള നിരവധി ചാവേറുകളും ആധുനിക ആയുധങ്ങളും ഉണ്ടെന്നാണ് റഷ്യ വിലയിരുത്തുന്നത്. റഷ്യയുമായുള്ള യുദ്ധത്തില്‍ നഷ്ടപ്പെട്ട തങ്ങളുടെ സൈനികരുടെ കുറവ് നികത്താന്‍ യുക്രെയിന്‍ നിലവില്‍ വല്ലാതെ പാടുപെടുകയാണ്. ഇതിനു പുറമെയാണ്, സന്നദ്ധ പോരാളികള്‍ എന്ന രൂപത്തില്‍ ബ്രിട്ടനും അമേരിക്കയും ഉള്‍പ്പെടെ അയച്ച കൂലിപടയാളികളുടെ ഒഴുക്കിലും കാര്യമായ കുറവുണ്ടായിരിക്കുന്നത്.
കുര്‍സ്‌കില്‍ നൂറുകണക്കിന് യുക്രെയിന്‍ സൈനിക ടാങ്കുകളാണ് തകര്‍ക്കപ്പെട്ടിരിക്കുന്നത്. ഇതില്‍ ബ്രിട്ടന്റെയും മറ്റ് നാറ്റോ രാജ്യങ്ങളുടെയും ടാങ്കുകളും ഉള്‍പ്പെടും. യുക്രെയിന്റെ എല്ലാ സൈനികരെയും കുര്‍സ്‌ക് മേഖലയില്‍ നിന്ന് പുറത്താക്കുന്നതുവരെ ഒരു സമാധാന ചര്‍ച്ചയും നടക്കില്ലെന്നും റഷ്യ വ്യക്തമാക്കിയിട്ടുണ്ട്. ഇതാണ് റഷ്യയുടെ നിലപാടെങ്കില്‍ യുക്രെയിനെ 'എത്ര കാലം വേണമെങ്കിലും' പിന്തുണയ്ക്കാന്‍ ബ്രിട്ടന്‍ പ്രതിജ്ഞാബദ്ധമാണെന്നാണ് ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ജോണ്‍ ഹീലി പറയുന്നത്. ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിക്കാന്‍ നല്‍കിയിരിക്കുന്ന അനുമതിയും ഇതിന്റെ ഭാഗമാണ്. ഈ തെറ്റായ തീരുമാനത്തിന് വലിയ വില നല്‍കേണ്ടി വരുമെന്ന് റഷ്യ മുന്നറിയിപ്പ് നല്‍കുമ്പോള്‍, ബ്രിട്ടണ്‍ ഭയക്കുക തന്നെ വേണം. കാരണം, റഷ്യയുടെ ആക്രമണത്തെ പ്രതിരോധിക്കാനുള്ള കരുത്ത് ബ്രിട്ടനല്ല, അമേരിക്കയ്ക്ക് പോലും നിലവിലില്ല. ബ്രിട്ടനിലേത് ഉള്‍പ്പെടെ 42 നാറ്റോ സൈനിക താവളങ്ങള്‍ ലക്ഷ്യമാക്കിയാണ് റഷ്യ, ഒറെഷ്‌നിക് മിസൈലുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഈ മിസൈലിനെ തടുക്കാനുള്ള പ്രതിരോധ സംവിധാനം ഇന്ന് ലോകത്തെ ഒരു രാജ്യത്തും ഇല്ലെന്നത് അമേരിക്കന്‍ ചേരി ഭയക്കേണ്ട കാര്യം തന്നെയാണ്.
https://www.facebook.com/Malayalivartha